- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടൺ ഹിൽ സ്‌കൂളിന് സമീപത്തിലെ റോഡിലെ കുഴികളുടെ ദൃശ്യം പകർത്താനെത്തിയ അരവിന്ദിനെ ബൈക്കിടിച്ച് വീഴ്ത്തി; അതിന് ശേഷം ക്രൂരമർദ്ദനം; മദ്യലഹരിയിലെ അക്രമത്തിന് പിന്നിലെ കാര്യം ആർക്കും അറിയില്ല; പ്രകോപനമായത് അനുപമാ കേസിലെ ഉറച്ച നിലപാടോ? ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് മുഖത്ത് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെ മദ്യപസംഘം ആക്രമിച്ചതിന് പിന്നിലെ പ്രകോപനം ആർക്കും അറിയില്ല. തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അരവിന്ദിനെതിരെയാണ് ആക്രമണം ഉണ്ടായത്. അതിക്രൂരമായ മർദ്ദനമാണ് ഉണ്ടായത്. മഴയിൽ രൂപപ്പെട്ട കുഴിയും ദുരന്തവും റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് ഈ ക്യാമാറമാൻ.
കോട്ടൺ ഹിൽ സ്‌കൂളിന് സമീപത്തിലെ റോഡിലെ കുഴികളുടെ ദൃശ്യം പകർത്താനെത്തിയ അരവിന്ദിനെ ബൈക്കിടിച്ച് വീഴ്‌ത്തുകയായിരുന്നു. കെ എൽ 74 എ 5482 ആക്ടീവാ ബൈക്കാണ് അരവിന്ദിനെ ഇടിച്ചത്. ബൈക്കിടിച്ച് വീഴ്‌ത്തിയ ശേഷം ബൈക്കിൽ വന്നവർ അരിവിന്ദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവർ മദ്യലഹരിയിലായിരുന്നു. കൂടുതൽ മാധ്യമപ്രവർത്തകർ എത്തി ഇവരെ പിടിച്ചു നിർത്തുകയായിരുന്നു. പരിക്കേറ്റ അരവിന്ദിനെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. കോട്ടൺഹിൽ സ്‌കൂളിന് മുന്നിലെ കുഴിയിൽ വീണായിരുന്നു അപകടം. ഇന്നലെയും ഇവിടെ വച്ച് ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു. ഈ അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തനാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ സംഘം എത്തിയത്. റിപ്പോർട്ടിനാവശ്യമായ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെതിരെ ആക്രമണമുണ്ടായതിന് പിന്നാലെ മറ്റൊരു യാത്രക്കാരൻ കൂടി ഇതേ സ്ഥലത്ത് വച്ച് അപകടത്തിൽ പെട്ടു. അക്രമികൾ അരവിന്ദിന്റെ മുഖം ഇടിച്ചു പരത്തി. ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് വ്യക്തമല്ല. അനുപമ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉറച്ച നിലപാട് ഏഷ്യാനെറ്റ് ന്യൂസ് എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണോ അപകടമെന്നും സംശയമുണ്ട്. വഴുതയ്ക്കാട് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.
മറുനാടന് മലയാളി ബ്യൂറോ