തിരുവനന്തപുരം: മലയാളം വാർത്താ ചാനലുകളിലെ അന്തിചർച്ചകൾ ചൂട് പിടിപ്പിക്കുന്ന പ്രധാന ഘടകം അവതാരകൻ തന്നെയാണ്. തീ പാറുന്ന വാഗ്വാദങ്ങളുമായി ചർച്ച കൊഴിപ്പിക്കുന്ന അവതാരകർ നിരവധിയാണെങ്കിലും ചില മുഖങ്ങൾ മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടവയാണ്. ഇക്കൂട്ടത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ സീനിയർ അവതാരകനായ വിനു വി ജോൺ. സാധാരണക്കാരന്റെ പക്ഷത്തു നിന്നും ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ കൂട്ടത്തിൽ മുന്നിലാണ് വിനു. എന്നാൽ അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ട കേരളത്തിൽ ഏത് പക്ഷം പിടിച്ചു ചർച്ച ചെയ്താലും ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തു. ഇങ്ങനെ ചർച്ചകളിൽ സ്വീകരിക്കുന്ന നിലപാടുകളുടെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്ന വ്യക്തിയാണ് വിനു വി ജോൺ. ഏത് വിഷയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും മുൻകൂറായി നിലപാട് ഫ്ക്‌സ് ചെയ്ത് അത് ധൈര്യപൂർവ്വം ചർച്ച ചെയ്യാൻ മടികാണിക്കാത്ത വിനുവിന്റെ ചർച്ചകളിൽ നിന്നും അതിഥികൾ ഇറങ്ങിപോയ ചരിത്രവുമുണ്ട്.

ചർച്ചകൾ സംഘടിപ്പിക്കുമ്പോൾ സ്വീകരിക്കുന്ന നിലപാടുകളുടെ പേരിൽ നിരന്തരം ക്രൂശിക്കപ്പെട്ട വ്യക്തികൂടിയാണ് വിനു. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ആ സർക്കാറിന്റെ അഴിമതികൾ സംബന്ധിച്ച് നടത്തിയ ചർച്ചകളിൽ വിനുവിന്റെ നിലപാടുകൾ ഇടത് പക്ഷത്തിന് അനുകൂലമാണെന്നും വിനു പഴയ എസ്എഫ്ഐക്കാരനാണെന്നുമെല്ലാം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭരിക്കുന്നവരെ തിരുത്തുക എന്ന മാദ്ധ്യമ ധർമ്മം തന്നെയാണ് വിനു അടക്കമുള്ളവർ സ്ഥിരമായി കൈക്കൊള്ളുന്നതും. യുഡിഎഫ് കാലത്തെ ചർച്ചകളുടെ പേരിൽ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് സാക്ഷാൽ ഉമ്മൻ ചാണ്ടി ചില മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസ് കൊടുത്തതിലെ പ്രമുഖൻ വിനു വി ജോൺ ആയിരുന്നു. അന്ന് വിനുവിനെ അഭിനന്ദിച്ചവരും ധീരമായ നിലപാടെടുക്കുന്ന മാദ്ധ്യമപ്രവർത്തകൻ എന്ന് പറഞ്ഞ് അഭിനന്ദിച്ച ഇടത് പക്ഷം തന്നെ ഇപ്പോൾ വിനുവിനെതിരെ രംഗത്ത് വന്നിരിക്കുന്നു. ഇതിന്റെ കാരണവും വ്യക്തമാണ്. സർക്കാറിന്റെ വീഴ്‌ച്ചകളെ ചൂണ്ടിയുള്ള വിമർശനം തന്നെയാണ വിനുമിനെ ഇടതുപക്ഷത്തിന് അനഭിമതനാക്കിയതും.

സിപിഎമ്മിന്റെ സൈബർ പോരാളികൾ ഇപ്പോഴും തന്നോട് ക്ഷമിച്ചിട്ടില്ലെന്നാണ് വിനു വി ജോൺ സമകാലീക മലയാളം എന്ന ആഴ്‌ച്ച പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ലോ അക്കാദമി വിഷയത്തിൽ അവിടുത്തെ സമരവുമായി ആദ്യം മുന്നോട്ട വന്ന സംഘടനകളെ പിന്തുണയ്ച്ചുവെന്നും യൂണിവേഴ്സിറ്റി കോളേജിലെ സദാചാര വിഷയത്തിൽ ജെയ്ക്കിനെ അക്രമിക്കാൻ ചർച്ചയിൽ അവസരം നൽകിയെന്നതാണ് പോരാളികളുടെ ക്രോദത്തിന് കാരണം.യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പെൺകുട്ടികൾക്ക് പറയാൻ അവസരം നൽകിയതും മഹാ പാപമായിപ്പോയി. ആ പെൺകുട്ടികൾ തന്നെ പറയുന്നുണ്ട് ഞങ്ങൾക്ക് ഇതൊന്നും പറയാൻ വേറെ വേദി കിട്ടില്ലെന്ന് അപ്പോൾ അവസരം കൊടുത്തതിൽ എന്താണ് തെറ്റെന്നും വിനു ചോദിക്കുന്നു.

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിനെ ന്യൂസ് അവറിൽ യൂണിവേഴ്സിറ്റി കോളെജിലെ രണ്ടുപെൺകുട്ടികൾ ചോദ്യം ചെയ്തതും ജെയ്ക്കിന് ഉത്തരം മുട്ടിയതുമാണ് ഇപ്പോഴത്തെ പ്രകോപനം. അതിൽ നമ്മൾ ഒന്നും ചെയ്തില്ല. ആ പെൺകുട്ടികളിൽ ഒരാൾ പറഞ്ഞത് താൻ എസ്എഫ്ഐക്കാരി തന്നെയാണ് എന്നാണ്. നിങ്ങൾക്ക് സംസാരിക്കാൻ നിരവധി വേദികൾ വേറെ കിട്ടും സഖാവെ, ഞങ്ങൾക്ക് ഇത് മാത്രമേയുള്ളൂ അവസരം എന്നുപറഞ്ഞ് ആ പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ മുഴുവൻ ഞങ്ങൾ കൊടുത്തു. രണ്ടു പെൺകുട്ടികളെ മർദിച്ചു എന്ന് അവർ തന്നെ പറയുന്നു. അവരത് പറയുമ്പോൾ നമ്മൾ അവസരം കൊടുക്കേണ്ടതല്ലേ. ആ പയ്യനും കാര്യമായി മർദനമേറ്റിട്ടുണ്ട് എന്ന് ദൃശ്യങ്ങളിൽ നിന്നു തന്നെ വ്യക്തമാണല്ലോ. പിന്നെ യൂണിവേഴ്സിറ്റി കോളെജ് ക്യാംപസിൽ പുറത്ത്നിന്നൊരാൾ കയറി എന്നാണ് പരാതിയെങ്കിൽ അത് നേരിടാൻ വേറെ മാർഗങ്ങളില്ലേ അല്ലാതെ മർദിക്കലും അപമാനിക്കലും അല്ലല്ലോ വേണ്ടത്.

പക്ഷേ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമങ്ങൾ വിനു ശ്രദ്ധിക്കാറില്ല. സ്വന്തമായി ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ല ആരെങ്കിലും ഫോർവേഡ് ചെയ്യുന്നത് മാത്രമാണ് കാണാറുള്ളത്.സമീപകാലത്തായി ഏഷ്യാനെറ്റ് ന്യൂസിൽ സംഘടിപ്പിക്കുന്ന ചർച്ചകളും വിനുവിന്റെ ഇടപെടലുകളും സിപിഎമ്മിനെ പ്രതിരോധത്തിലാഴ്‌ത്തുന്ന തലത്തിലായിരുന്നു. ഇതാണ് സിപിഎമ്മിന് വിനുവിനോട് അലോസരമുണ്ടാകാൻ കാരണം.ലോ അക്കാദമി വിഷയം പോലും വലുതാക്കിയത് വിനു വി ജോൺ ആണെന്ന് നാരായണൻ നായരുടെ മകൻ കൈരളി ചാനലിലെ ചർച്ചയിൽ പറഞ്ഞിരുന്നു. ക്യാമ്പസിനുള്ളിൽ തീരേണ്ട പ്രശ്നമാണ് വിനു വലുതാക്കിയതെന്ന് ആരോപണവുമുണ്ടായിരുന്നു നാരായണൻ നായരുടെ മകൻ നാഗരാജൻ ഉന്നയിച്ചത്.

പേരൂർക്കട വഴിയാണ് താൻ വീട്ടിലേക്ക് വരികയും പോകുകയും ചെയ്യുന്നത്. ലോ അക്കാദമിയിലെ സമരത്തിന്റെ ആദ്യ ദിവസങ്ങൾ മുതൽത്തന്നെ ഈ വിദ്യാർത്ഥികളോടൊക്കെ സംസാരിക്കുമായിരുന്നു. എസ്എഫ്‌ഐക്കാരുടെ ഉൾപ്പെടെ സമരപ്പന്തലുകളിൽ പോവും. വി.മുരളീധരൻ നിരാഹാരം തുടങ്ങിയ അന്നുരാത്രി അദ്ദേഹത്തിന്റെ സമരപ്പന്തലിൽ പോയി. മറ്റെല്ലായിടത്തും പോയി. പിന്നെ കെ.മുരളീധരൻ നിരാഹാര സമരം തുടങ്ങിയ അന്നു രാവിലെ ആ പന്തലിലും കയറി. അപ്പോഴേക്കും വി. മുരളീധരൻ മാറി വി.വി രാജേഷ് ബിജെപിയുടെ സമരം തുടർന്നിരുന്നു.രാജേഷിനെയും കണ്ടു. ഈ രണ്ടു ഫോട്ടോകൾ പ്രിന്റെടുത്ത ഇവർ മോശമായി പ്രചരിപ്പിക്കുകയാണ് ചെയ്തത്. കോൺഗ്രസിന്റെയും ബിജെപിയുടെയും സമരത്തിന് എന്റെ പിന്തുണ എന്ന മട്ടിൽ.

മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ പാതിരാത്രി കഴിഞ്ഞുവരെ ഫോണിൽ അസഭ്യവർഷം കേൾക്കേണ്ടി വരികയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ-ഓർഡിനേറ്റിങ് എഡിറ്റർ വിനു വി. ജോൺ. ജിഷ്ണുവിന്റെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ കോളജ് ഭരണാധികാരി കൃഷ്ണദാസിനെ ചർച്ചയിൽ പങ്കെടുപ്പിച്ചതിന് രാത്രി രണ്ടു മണിക്കു വരെ ഫോണിൽ അസഭ്യവർഷമുണ്ടായെന്ന് സമകാലിക മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വിനു പറഞ്ഞിരുന്നു.

'രാത്രി രണ്ടു മണിക്കു ഫോണിൽ വിളിച്ചിട്ട് ചോദിച്ചത് നിനക്ക് എത്ര രൂപ കിട്ടിയെടാ മറ്റവനേ എന്നാണ്. അതു വലിയ ക്യാംപയിൻ ആയിരുന്നു. കൃഷ്ണദാസിനെ സംസാരിക്കാൻ അനുവദിച്ചത് പണം വാങ്ങിയാണ് എന്നു പ്രചരിപ്പിച്ചു. അതേ ആളുകൾ ലക്ഷ്മി നായർക്കു സംസാരിക്കാൻ അവസരം കൊടുത്തപ്പോൾ മിണ്ടിയില്ല. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്താണെന്നു വച്ചാൽ ജിഷ്ണു കോപ്പിയടിച്ചതാണ് എന്ന കൃഷ്ണദാസിന്റെ ആരോപണം റോക്കോർഡ് ചെയ്ത രേഖയായി മാറിയിരിക്കുന്നു. അത് ആ കേസിൽ വലിയൊരു തെളിവായി മാറും എന്നാണ് തോന്നുന്നത്. അതിനു ശേഷം അയാൾ ചർച്ചയ്ക്ക് ഒരിടത്തും പോയിട്ടില്ല.'-വിനു അഭിമുഖത്തിൽ പറയുന്നു.

ഓർത്തഡോക്സ് സഭാ വിശ്വാസി എന്ന നിലയിൽ തന്നെക്കുറിച്ചു നടക്കുന്ന പ്രചാരണത്തിനുള്ള വിശദീകരണവും വിനു അഭിമുഖത്തിൽ പറയുന്നണ്ട്. 'ഓർത്തഡോക്സ് സഭാ വിശ്വാസിയാണ്. പള്ളിയിൽ പോകുന്ന വിശ്വാസി. പക്ഷേ. സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് എതിരേ മറുവിഭാഗം നിലപാടു സ്വീകരിച്ചതിനേക്കാൾ അഗ്രസീവ് നിലപാടാണു ഞാൻ എടുത്തത്. തൃക്കുന്നപ്പുഴ സെമിനാരി പ്രശ്നത്തിൽ റോഡിന് അരുകിൽ കട്ടിലിട്ട് ഓർത്തഡോക്സ് സഭാ പിതാവ് നിരാഹാരം തുടങ്ങിയല്ലോ? തോമാശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായ പിതാവ് എന്നാണു പറയാറ്. അങ്ങനെയുള്ള പിതാവെന്തിനാണു നടുറോഡിൽ കട്ടിലിട്ട് ഇരിക്കുന്നതെന്ന് ന്യൂസ് അവർ ചർച്ചയിൽ ചോദിച്ചതു ഞാനാണ്. ഞാൻ വിശ്വസിക്കുന്ന സഭയുടെ പരമാദ്ധ്യക്ഷനെക്കുറിച്ച് അവരുടെ ബിഷപ്പിനോടു തന്നെയാണു ചോദിച്ചത്. വിനു പറയുന്നു തന്റെ നിലപാടുകളെക്കുറിച്ച്.