തിരുവനന്തപുരം: മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നാണ് കഴിഞ്ഞദിവസം ഹൈക്കോടതി പരാമർശം ഉണ്ടായത്. ഹാദിയ വിഷയവും ലൗവ് ജിഹാദ് വിഷയവും യോഗസ്സെന്റർ വിഷയവും അടക്കം സജീവ ചർച്ചാകുന്ന വേളയിൽ തന്നെയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്. ഇതേക്കുറിച്ചു ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ചർച്ചയിൽ സുപ്രധാന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ലൗവ് ജിഹാദ് ആരോപണം ഉയർന്ന കേസുകൾ പരിഗണിച്ച് ഒരു ന്യായാധിപന് വധഭീഷണി ഉണ്ടെന്ന നിർണായക വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.

നിർബന്ധിത മതംമാറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടണ കോടതി പരാമർശം ഏഷ്യാനെറ്റ് ന്യൂസിൽ ചർച്ചയായിരുന്നു. പതിവുപോലെ ഹാദിയ വിഷയവും കടന്നുവന്നു. ചരിത്രാധ്യാപകൻ കൂടിയായ അഷ്‌റഫ് കടയ്ക്കൽ, കത്തോലിക്കാ സഭാ വക്താവ് പോൾ തേലക്കാട്ട്, മിശ്രവിവാഹ വേദി നേതാവ് രാജഗോപാൽ വാകത്താനം, അഡ്വ. ശിവൻ മഠത്തിൽ എന്നിവരും ഗോപാലകൃഷ്ണനൊപ്പം ചർച്ചയിൽ പങ്കെടുത്തു. വിനു വി ജോൺ നയിച്ച ചച്ചയിൽ അഷറഫ് കടയ്ക്കലിന്റെ അഭിപ്രായങ്ങൾ ഇങ്ങനെയായിരുന്നു:

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾ തീവ്രസ്വഭാവത്തോടെ കളത്തിലിറങ്ങി കളിക്കുകയാണ്. ഇത് കണ്ട് രാഷ്ട്രീയ പാർട്ടികൾ അടക്കം ഗ്യാലറിയിൽ ഇരുന്ന് കളി കാണുകയാണ്. എസ്ഡിപിഐക്ക് കേരളത്തിൽ കാര്യമായ വളക്കൂറില്ലെന്ന വാദങ്ങൾ വിനുവിന്റെ ഇടപെടലോടെ അഷ്‌റഫ് കടയ്ക്കലിന് തിരുത്തേണ്ടി വന്നു. പള്ളികളിൽ അടക്കം തീവ്രസ്വാഭാവമുള്ള പോപ്പുലർ ഫ്രണ്ടിന് വിലക്കുണ്ടെന്ന കാര്യം കടയ്ക്കൽ പറഞ്ഞപ്പോൾ എങ്കിൽ ഹാദിയ കേസ് നടത്താൻ എങ്ങനെ ലക്ഷങ്ങൾ പിരിച്ചെടുക്കാൻ അവർക്ക് കഴിയുന്നു എന്നായിരുന്നു വിനു ചോദിച്ചത്. ഇതോടെ അഷറഫിന്റെ വാദങ്ങൾ പാളുകയും ചെയ്തു. അതേസമയം കേരളത്തിൽ മതം തീപോലെ മനസുകളിൽ പടർന്നു പിടിക്കുകയാണെന്നും അഷറഫ് പറഞ്ഞു.

അതേസമയം മതംമാറ്റത്തെ എതിർക്കാത്ത നിലപാടാണ് കത്തോലിക്കാ സഭ വക്താവ് പോൾ തേലക്കാട്ട് സ്വീകരിച്ചത്. ലൗ ജിഹാദ് എന്നത് ഇല്ലെന്ന് തീർത്തു പറയാനും അദ്ദേഹം തയ്യാറായില്ല. ലൗ ജിഹാദ് കത്തോലിക്കാ സമൂഹത്തിലുണ്ടോ എന്നും അന്വേഷിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ച ചില വൈദികരുണ്ടെന്ന് വിനു ചൂണ്ടിക്കാട്ടിയപ്പോൾ ആര് തെറ്റു ചെയ്തുവെന്നതിൽ അന്വേഷണം വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

അതേസമയം മിശവിവാഹങ്ങൾ സമൂഹത്തിന് പ്രശ്‌നമല്ലെന്നും മതംമാറ്റിയുള്ള വിവാഹങ്ങളാണ് പ്രശ്‌നങ്ങളെന്ന കാര്യമാണ് മിശ്രവിവാഹ വേദി നേതാവ് രാജഗോപാൽ വാകത്താനം ചൂണ്ടിക്കാട്ടിയത്. സെപ്ഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരാകുമ്പോൾ കാലതാമസം ഉണ്ടാകുന്നത് പലപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതംമാറ്റത്തേക്കാൾ ഉപരിയായി ഒരേ മതത്തിൽ തന്നെ ഉപജാതി വിവാഹങ്ങളും മതക്കാരുടെ പ്രശ്‌നങ്ങളാണെന്നും ്‌രാജഗോപാൽ ചൂണ്ടിക്കാട്ടി. പാല രൂപതയിൽ കത്തോലിക്കാ സഭയിലെ യുവാതീയുവാക്കൾ മറ്റു സഭക്കാരുമായി വിവാഹം കഴിക്കുന്നതിനെ പോലും എതിർത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് കൂടാതെ ഹാദിയ കേസിൽ അടക്കം മുസ്ലിം സംഘടനകളുടെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഹാദിയ അഖിലയായി മാറുകയാണ് ചെയ്തതെങ്കിൽ എന്താണ് സംഭവിക്കുക എന്നും അദ്ദേഹം ചോദിച്ചു. ഈവാദത്തെ വിനു വി ജോണും പിന്തുണച്ചു. ഹാദിയ വിഷയത്തിൽ കാര്യങ്ങൽ തിരിച്ചായിരുന്നെങ്കിൽ ആ നിലാപാട് എസ്ഡിപിഐ പോലുള്ള സംഘടനകൾ അംഗീകരിക്കുമായിരുന്നോ? അത് അംഗീകരിച്ചാൽ മാത്രമേ മനുഷ്യത്ത പരമായ നിലപാടിന് പ്രസക്തിയുള്ളൂവെന്നും വിനു ചൂണ്ടിക്കാട്ടി.

അതേസമയം കോടതി വിധിയിൽ എല്ലാ മതപരിവർത്തന കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്നും ഒരു കേന്ദ്രത്തെ കുറിച്ച് മാത്രമല്ല പറഞ്ഞതെന്നുമാണ് അഡ്വ. ശിവൻ മഠത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രം അടക്കം അടച്ചുപൂട്ടണോ എന്ന കാര്യത്തിൽ അഭിപ്രായം പൂർണമായും രേഖപ്പെടുത്താൻ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ തയ്യാറായില്ല. എന്നാൽ, കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന കാര്യം അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എന്നാൽ ബിജെപിയും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്ന കാര്യം വിനുവും ചൂണ്ടിക്കാട്ടി. ഇതോടെയാണ് ലൗവ് ജിഹാദ് ഓലപാമ്പല്ല, യഥാർത്ഥ്യമാണെന്ന് ബിജെപി നേതാവ് ആവർത്തിച്ചത്. ഇത്തരം കേസിൽ വിധി പ്രഖ്യാപിച്ച ന്യായാധിപന് വധഭീഷണി ഉണ്ടെന്നനും ബി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്.