തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ന്യൂസ് ഔവർ ചർച്ചയിലാണ് ബിജെപി ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ചാനലിന്റെ നിലപാടുകളെ വിമർശിച്ചത്. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രവീൺ എന്ന വ്യക്തിയുടെ ബൈറ്റ് സിന്ധു സൂര്യകുമാറിന്റെ പ്രോഗ്രാമായ കവർ സ്‌റ്റോറിയിലും തുടർന്ന് ന്യൂസ് ഔവറിലും സംപ്രേഷണം ചെയ്തിരുന്നു. ആലുവയിലെ പെരിയാറിന്റെ തീരത്ത് നിന്ന ഏഷ്യാനെറ്റിന് ബൈറ്റ് നൽകിയ പ്രവീൺ പിന്നീട് കൊല്ലപ്പെട്ടന്നായിരുന്നു കവർ‌സ്റ്റോറിയിലൂടെയും ന്യൂസ് ഔവറിലും പറഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്ത കവർ‌സ്റ്റേറിയിലും ഇയാൾ കൊല്ലപ്പെട്ടുവെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ പ്രവീണിനെ ഡിവൈഎസ്‌പി ഷാജി കൊലപ്പെടുത്തിയെന്നായിരുന്നു വാർത്ത. എന്നാൽ കൊല്ലപ്പെട്ട പ്രവീണും ബൈറ്റ് നൽകിയ പ്രവീണും രണ്ടും പേരാണെന്ന് അറിയാതെയാണ് ചാനൽ എടുത്ത് ചാടിയത്.

എന്നാൽ കഴിഞ്ഞ ദിവസം ചാനലിൽ നടന്ന ചർച്ചയ്ക്കിടെ എ.എൻ.രാധാകൃഷ്ൺ ഈ വാർത്ത ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചില മുൻവിധികളോടെയാണ് ശാശ്വതീകാന്ദയുടെ മരണം ഏഷ്യാനെറ്റ് വാർത്താ സംഘം കൈകാര്യം ചെയ്യുന്നുവെന്നും എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. തെറ്റ് മനസിലാക്കി തിരുത്തുന്നതിനു പകരം എ.എൻ.രാധാകൃഷ്ണനെതിര അവതാരകനായ വിനു വി ജോൺ തിരിയുകയായിരുന്നു. പ്രവീൺ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും എ.എൻ.രാധാകൃഷ്ണൻ ചർച്ചയ്ക്കിടെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടാണ് വിനു വി ജോണിനും സിന്ധു സൂര്യകുമാറിനും പറ്റിയ 'ഹിമാലയൻ ബ്ലണ്ടർ' ചാനൽ അധികൃതർ തിരിച്ചറിയുന്നത്. തുടർന്ന് ന്യൂസ് അവർ വീണ്ടും സംപ്രേഷണം ചെയ്തപ്പോൾ രാധാകൃഷ്ണന്റെ പരാമർശം അടങ്ങിയ ഭാഗം നീക്കുകയായിരുന്നു. ഇക്കാര്യം രാധാകൃഷ്ണൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ചർച്ച കഴിഞ്ഞ ഇറങ്ങിയ എ.എൻ.രാധാകൃഷ്ണനെ ഏഷ്യാനെറ്റ് 'കൊന്ന' പ്രവീൺ തന്നെ വിളിച്ചു. പ്രവീൺ കൊല്ലപ്പെട്ട വാർത്തയെ തുടർന്ന് പ്രവീൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് കഴിഞ്ഞ ദിവസം അവധിയും നൽകി. വീട്ടിലേക്ക് സുഹൃത്തുക്കളും വിളിക്കാൻ തുടങ്ങി. ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രവീൺ അന്ന് നൽകിയ ബൈറ്റ് ഇപ്പോഴും ഉപയോഗിക്കുന്ന സഹാചര്യത്തിൽ തന്നെ അപായപ്പെടുത്താനുള്ള സാധ്യത മനസിലാക്കിയ പ്രവീൺ സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്ന് ഒളിവിൽ പോയി. തന്നെയാരും കൊന്നിട്ടില്ലെന്നും താൻ ജീവിച്ചിരിപ്പുണ്ടെന്നും ഏഷ്യാനെറ്റിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മാദ്ധ്യമങ്ങളെ അറിയിക്കാൻ പത്രസമ്മേളനം വിളിക്കാൻ തീരുമാനിച്ചു.

പ്രവീൺ പത്രസമ്മേളനം വിളിച്ചാൽ ഏഷ്യാനെറ്റിന്റെ ചാനൽ ചർച്ചകളുടേയും കവർ സ്‌റ്റോറിയുേടയും വിശ്വസ്യത ചോദ്യം ചെയ്യപ്പെടുകയും ചാനലിന് ആകെ നാണക്കേടാകുമെന്ന് മനസിലാക്കിയതോടെ പത്രസമ്മേളനം നടത്താതിരിക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ചാനൽ മാനേജ്‌മെന്റ്‌ ആരംഭിച്ചു. ഇതിനായി ചാനൽ മാനേജ്‌മെന്റിലെ പ്രമുഖർ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തു. എറണാകുളം പരവൂർ സ്വദേശിയായ പ്രവീണിനെ നേരിട്ടു കണ്ട് മാപ്പ് പറഞ്ഞതായാണ് വിവരം. മുമ്പ് ആശ്രമവുമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്തിരുന്ന സമയത്താണ് ശാശ്വതികാനന്ദ മരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് പ്രവീണിൽ നിന്നും മൊഴികൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഷ്യാനെറ്റും പ്രവീണിന്റെ ബൈറ്റ് എടുത്തത്. എന്നാൽ വീണ്ടും ശാശ്വതികാനന്ദ സംഭവം വീണ്ടും വാർത്തകളിൽ നിറഞ്ഞതോടെയാണ് പണ്ട് റെക്കോഡ് ചെയ്ത പ്രവീണിന്റെ ബൈറ്റ് ചാനൽ ഉപയോഗിക്കാൻ തുടങ്ങിയത്. വാട്ടർമാർക്ക് ഉപയോഗിച്ചതിനാൽ ഈ ബൈറ്റ് മറ്റ് ചാനലുകളും എടുത്തിരുന്നില്ല. 2002 ജൂലൈ ഒന്നിന് പെരിയാറിന്റെ തീരത്ത് വച്ചാണ് ആശ്രമത്തിലെ അന്തേവാസിയായ പ്രവീൺ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചാനലുകൾക്ക് ബൈറ്റ് നൽകിയത്.

എന്നാൽ പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റ് കവർ സ്റ്റോറിയിൽ ഡിവൈഎസ്‌പി ഷാജി കൊലപ്പെടുത്തിയ പ്രവീണായിട്ടാണ് പരിപാടിയിൽ ഉൾപ്പെടുത്തിയത്. ഭാര്യയുമായുള്ള അവിഹിതബന്ധത്തിന്റെ പേരിൽ ഡിവൈഎസ്‌പി ഷാജി പ്രവീണിനെ കൊലപ്പെടുത്തിയ ശേഷം പല കഷങ്ങളാണ് ശരീരം വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി കളഞ്ഞു. ഈ കുറ്റത്തിന്റെ പേരിലാണ് ഷാജിയേയും പ്രിയനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് ബൈറ്റ് നൽകിയ പ്രവീൺ കൊല്ലപ്പെട്ടെന്ന് വാർത്ത നൽകിയതോടെയാണ് താനിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോയുടെ 20ാം മിനിറ്റിലാണ് പ്രവീണിന്റെ ബൈറ്റുള്ളത്