തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ച വാർത്ത ബ്രേയ്ക്ക് ചെയ്തപ്പോൾ തെറ്റുണ്ടെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പരാതിയുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ രംഗത്ത്. 'ജയലളിതയ്ക്ക് വിട' എന്നത് അക്ഷര തെറ്റോടെ കൃത്രിമമായി കാണിച്ചാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഈ ചിത്രം വാട്‌സ് ആപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും പ്രചരിക്കപ്പെട്ടതോടെയാണ് ഏഷ്യാനെറ്റ് മാനേജമെന്റ് പരാതി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ കൃത്രിമമായി ഉപയോഗിച്ചാണ് തെറ്റായ വിധത്തിൽ വാർത്ത പ്രചരിപ്പിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് സൈബർ പൊലീസിൽ പരാതി നൽകിയത്.