ചിത്രത്തിൽ കാണുന്നത് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോളാണ്. ജയലളിത മരിക്കാൻ നേരം ഏഷ്യനെറ്റിന്റെ വീതം വട നൽകി എന്നതാണ് ഈ ട്രോളിന്റെ രഹസ്യം. ഇതു പടർന്നു പിടിച്ചതോടെ ഇന്നലെ ഏഷ്യനെറ്റ് ഒരു വാർത്ത പുറത്തു വിട്ടു വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ഏഷ്യനെറ്റ് സൈബർ പൊലീസിന് പരാതി നൽകി എന്ന്.

സൈബർ പൊലീസിന് പരാതി നൽകി എന്നു പറയുന്ന ഏഷ്യനെറ്റ് കൂടുതൽ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നില്ല. ആ പരാതിയുടെ കോപ്പിയും അതു സൈബർ പൊലീസ് സ്വീകരിച്ചതിന്റെ കോപ്പിയും ദയവായി പുറത്ത് വിടണം എന്നാണ് അഭ്യർത്ഥിക്കുന്നത്. ഇതു പറയാൻ കാരണമുണ്ട്. തൽക്കാലം കേരളത്തിൽ പൊതു ജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കുന്ന ഒരു സൈബർ പൊലീസ് ഇല്ല എന്നത് തന്നെയാണ് ആദ്യ കാര്യം. അതായത് പൊലീസ് സ്റ്റേഷനുകളിലോ മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോ നൽകുന്ന പരാതി ജില്ലാ ആസ്ഥാനങ്ങളിലെ സൈബർ സെല്ലുകളും ഹെഡ് ക്വാർട്ടേഴ്‌സിന്റെ ഹൈടെക്ക് സെല്ലും പരിശോധിച്ച ശേഷം കേസ് നിലനിൽക്കുന്നതാണെങ്കിൽ മാത്രമാണ് സൈബർ പൊലീസിന് കൈമാറുന്നത്.

അതുകൊണ്ടാണ് പറയുന്നത് ഏഷ്യനെറ്റ് ന്യൂസ് ആർക്കാണ് പരാതി നൽകിയതെന്ന് വ്യക്തമാക്കണം എന്ന്. അതു മാത്രം പോര ഐപിസിയിലോ ഐടി ആക്ടിലെയോ ഏതു നിയമം അനുസരിച്ചാണ് പരാതി നൽകിയത് എന്നു കൂടി വ്യക്തമാക്കണം. ഏഷ്യനെറ്റിന്റെ സ്‌ക്രോളിങ് ന്യൂസിൽ ഇങ്ങനെ ഒരു തെറ്റില്ലായിരുന്നു എന്നു നിങ്ങൾ പറഞ്ഞാൽ അതെങ്ങനെ തെളിയിക്കും എന്നും നിങ്ങൾ പറയണം. ഇതു വ്യാജമായി ഉണ്ടാക്കിയതാണ് എന്നു തെളിയിക്കേണ്ട ബാദ്ധ്യത പരാതിക്കാരന്റെയാണ് എന്നു മറക്കരുത്.

സോഷ്യൽ മീഡിയ ശക്തി പ്രാപിച്ചതോടെ ഇന്നു മിക്കവരും സൈബർ പൊലീസിന് പരാതി നൽകി എന്നു പറഞ്ഞു തടി തപ്പുകയാണ്. അതു ഒരു മാദ്ധ്യമം ഏറ്റെടുത്തതിലാണ് കീചകന്‌ പ്രതിഷേധം. സോഷ്യൽ മീഡിയായുടെ സ്വാതന്ത്ര്യമാണ് ട്രോൾ ചെയ്യുക എന്നത്. അതിനുള്ള സ്വാതന്ത്ര്യത്തിന് മേൽ അനാവശ്യമായി ആരും കൈകടത്തരുത്. ഇതിപ്പോൾ ഏഷ്യനെറ്റ് പറയുന്നത് പോലെ വ്യാജം ആണെന്ന് കരുതുക. എങ്കിൽ പോലും പരാതി നൽകാൻ മാത്രമുള്ള ഒരു വലിയ പിശകാണോ? ഇത്തരം തമാശകൾ അന്വേഷിച്ചു സമയം കളയാനുള്ളതാണോ കേരള പൊലീസിന്റെ സമയം.

ഒന്നാമത് ഇതു വ്യാജം ആണ് എന്നു തെളിയിക്കാൻ നിങ്ങളുടെ കൈയിൽ ഒരു വഴിയുമില്ല എന്നതാണ്. രണ്ടാമത് ഇതു വ്യാജം ആണെങ്കിൽ കൂടി കേവലം ഒരു ട്രോളിനപ്പുറം ഒരു പ്രാധാന്യവുമില്ല. ഒരിക്കലും തെറ്റ് പറ്റാത്ത ഒരു മാദ്ധ്യമം ആണ് നിങ്ങൾ എന്നാണോ അവകാശപ്പെടുന്നത്. എങ്കിൽ ഓരോ ദിവസവും ഇറങ്ങുന്ന ഒന്നിൽ അധികം തെറ്റുകൾകീചകന് ചൂണ്ടിക്കാട്ടാം. എല്ലാ മാദ്ധ്യമങ്ങൾക്കും അതു പറ്റാറുണ്ട്. പലർ കൂടി ചെയ്യുമ്പോൾ അങ്ങനെ ഒക്കെ നടക്കും. അതിനെതിരെ ഈ അസഹിഷ്ണുത ഒട്ടും നല്ലതല്ല.

അല്ലെങ്കിൽ തന്നെ ഏത് വാർത്താ ചാനലിനാണ് ട്രോളിനെതിരെ പരാതി നൽകാൻ ധാർമ്മിക അവകാശം ഉള്ളത്? ദിവസവും ആക്ഷേപ ഹാസ്യം എന്ന പരിപാടിയിൽ സിനിമ ഡയലോഗുകളും, സിനിമ സീനുകളുമായി ഇവർ പടച്ചുവിടുന്നത്രയും നീചവും, ക്രൂരവുമായ ആക്ഷേപം എവിടെയാണുള്ളത്? ഏഷ്യാനെറ്റിന്റെ ചിത്രം വിചിത്രം തന്നെ ഒരു ഉദാഹരണമല്ലേ? ഡയബറ്റിക്‌സിന്റെ ഉപകരണം കക്ഷത്തിൽ കെട്ടിയ കോടിയേരി ബാലകൃഷ്ണനെ ഏലസ് കെട്ടിയ ആളാക്കി മാറ്റിയിടത്തോളം അപകമാനകരം ആണോ ഇത്. നേതാക്കന്മാരുടെ ചിരിയും നോട്ടവും വരെ അശ്ലീലം കലർത്തി പരിപാടി അവതരിപ്പിക്കുന്ന ഏത് ചാനലിനാണ് ട്രോളിനെതിരെ പരാതി നൽകാൻ ധാർമ്മിക അവകാശം?

അതുകൊണ്ട് ഇമ്മാതിരി നാലാംകിട ഏർപ്പാടിന് ഏഷ്യാനെറ്റ് പോലെയൊരു ചാനൽ കൂട്ടുനിൽക്കരുത് എന്നാണ് കീചകന് പറയാനുള്ളത്. ട്രോൾ എന്നത് സോഷ്യൽ മീഡിയയുടെ ഐഡന്റിറ്റിയാണ്. കാർട്ടൂൺ എന്ന കലാരൂപത്തിന്റെ ഏറ്റവും പുതിയ അവസ്ഥാന്തരമാണ് ട്രോളുകൾ. സ്വന്തം തെറ്റുകൾ മറച്ചുവെയ്ക്കാനായി സൈബർ പൊലീസിന് പരാതി നൽകി എന്ന അവകാശവാദം ഉന്നയിക്കുന്നവരെയൊക്കെ തുറന്നുകാട്ടേണ്ട നേരമായി. പ്രത്യേകിച്ച് ചാനൽ - പത്ര - സിനിമ മാഫിയകളെ.