തിരുവനന്തപുരം: എം സ്വരാജ് എംഎൽഎയുടെ നിലപാടുകളെ പലപ്പോഴും എടുത്തചാട്ടമെന്ന് മുൻധാരണയോടെയാണ് പൊതുവേ കേരള സമൂഹം കാണുന്നത്. ചുട്ട മറുപടി നൽകേണ്ടിടത്ത് അതേ നാണയത്തിൽ തിരിച്ചടി നിൽകിയും മറ്റും സ്വരാജ് അടുത്തകാലത്ത് ചാനൽ ചർച്ചകളിൽ കൈയടി നേടിയിരുന്നു. പലപ്പോഴും ബിജെപിയും സംഘപരിവാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു സ്വരാജ് ഉശിരൻ മറുപടിയുമായി രംഗത്തുവന്നത്. ടി ജി മോഹൻദാസ് അടക്കമുള്ളവർ സ്വരാജിന്റെ നാവിന്റെ ചൂട് ശരിക്കു അറിഞ്ഞിട്ടുമുണ്ട്. എന്നാൽ, ഇന്നലെ പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവന കോൺഗ്രസുകാരെ ശരിക്കും പ്രകോപിപ്പിച്ചിരുന്നു. നിയമസഭയിൽ പ്ലക്കാർഡും ഫ്ളാക്‌സുമേന്തി എത്തുന്നത് ചാനലുകാർക്ക് വേണ്ടി മാത്രമാണെന്ന പ്രകോപനപരമായ പ്രസ്താവനയും പിണറായി നടത്തി.

ഇതോടെ ഇന്നലെ ചാനലിൽ നടന്ന ചർച്ചയിൽ പിണറായി വിജയനെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ടവരിൽ ഒരാളായി എം സ്വരാജ് എംഎൽഎ. സ്വാശ്രയ വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ ഇന്നലെ സഭയിൽ ഡിവൈഎഫ്‌ഐ നേതാക്കളുടെ മൗനത്തെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ, ഇതിന് കൃത്യമായ മറുപടി നൽകാനും സ്വരാജിന് സാധിച്ചില്ല. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ച കൊഴുത്തപ്പോൾ പിണറായി വിജയൻ സഭയിൽ പ്രതിപക്ഷം ഫ്‌ലക്‌സേന്തി വന്നതിന കളിയാക്കിയതും ചർച്ചയായി. എന്നാൽ, ഇവിടെയും മുഖ്യമന്ത്രിയെ ന്യായീകരിച്ചാണ് സ്വരാജ് രംഗത്തുവന്നത്. എന്നാൽ ഇത് ദയനീയമായി പൊളിയുകയും ചെയ്തു.

മുൻ പ്രതിപക്ഷം പ്ലക്കാർഡും ഫ്‌ലക്‌സുമായി സഭയിൽ എത്തിയ കാര്യം തുടക്കത്തിൽ തന്നെ അവതാരകൻ വിനു വി ജോൺ ചൂണ്ടിക്കാട്ടി. പിന്നാലെ ഇതിന്റെ ദൃശ്യങ്ങളും കാണിച്ചു. എന്നാൽ, അപ്പോൾ സ്വരാജ് വാദിച്ചത് പ്രതിപക്ഷം ചാനൽ ക്യാമറകൾ വരുമ്പോഴാണ് ബാനറും ഫ്‌ലക്‌സും ഉയർത്തിക്കാട്ടിയതെന്നാണ് പറഞ്ഞത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ സ്വരാജ് പിന്തുണയ്ക്കുകയും ചെയ്തു. അപ്പോൾ വിനു ചോദിച്ചത് നിങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ കാണിച്ചത് ആരെ കാണിക്കാനാണ് എന്നാണ്. ഇതോടെ സ്വരാജിന്റ വാദങ്ങൾ പൊളിയുകയും ചെയ്തു. ബാനറുമായി വന്നവർ ടെലിവിഷൻ ക്യാമറകൾ പോയപ്പോൾ അവിടെയിട്ടുവെന്നുമായി സ്വരാജ്.

എന്നാൽ, തുടർന്നും സംസാരിച്ച വി ഡി സതീശൻ സ്വരാജിന്റെ വാദങ്ങളെയെല്ലാം പൊളിച്ചടുക്കി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ സമരങ്ങളെയെല്ലാം തള്ളിക്കളയുന്ന നിലപാടാണ് സ്വരാജിന്റേയും മുഖ്യമന്ത്രിയുടെയുമെന്ന് സതീശൻ പറഞ്ഞു. സോളാൽ സമരത്തിലും, ബാർകോഴയിലും അടക്കം അന്നത്തെ പ്രതിപക്ഷം ബാനറേന്തി വന്നത് ചാനൽ ക്യാമറകളെ കാണിക്കാൻ തന്നെയാണെന്നും അതിലൂടെ നാട്ടുകാരെ കാണിക്കാനാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി. അതുപോലെ തന്നെയാണ് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്തതെന്നും സതീശൻ വ്യക്തമാക്കി. ഇതെല്ലാം പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതുപോലെ മഷിക്കുപ്പിയുടെ പിന്നിലെ യാഥാർത്ഥ്യവും സതീശൻ വ്യക്തമാക്കി.

എംഎസ്എഫിന്റെ സമരമുണ്ടിയരുന്നു. അവിടെ കൈയിൽ ചായം മുക്കി ചുമരിൽ പതിപ്പിച്ചായിരുന്നു സമരം. ആ സമരമുറയ്ക്ക് വേണ്ടി കൊണ്ടുവന്ന ചുമന്നചായം ചൂണ്ടിയാണ് അവഹേളിച്ചത്. ചോരപുരട്ടി സമരം ചെയ്തത് ആരാണെന്ന കാര്യവും സതീശൻ ചൂണ്ടിക്കാട്ടി. ശിവദാസ മേനോന് മർദ്ദനമേറ്റപ്പോൾ കൂടെയുണ്ടയിരുന്ന കൃഷ്ണദാസാണ് അന്ന് ചോര പുരട്ടിയ വ്യക്തിയെന്നും സതീശൻ ചൂണ്ടിക്കാട്ടി. ആ ചിത്രം എല്ലാ പത്രങ്ങളിലും വന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് തന്നെ യൂത്ത് കോൺഗ്രസിന്റെ സമരത്തെ ഇങ്ങനെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു. ഇതിന് മുമ്പ് നിയമസഭയിൽ രമേശ് ചെന്നിത്തല മറുപടി പറഞ്ഞിട്ടുണ്ടല്ലോ? കോടിയേരിയും തിരുവഞ്ചൂരും മറുപടി നൽകിയിട്ടുണ്ടല്ലോ? അവരാരെങ്കിലും ഏതെങ്കിലും പ്രതിപക്ഷം നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലല്ലോ എന്നും സതീശൻ ചൂണ്ടിക്കാട്ടി.

പോയി പണി നോക്കാൻ പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് അധികാരം. ഞങ്ങൾ ജനങ്ങൾ തിരഞ്ഞെടുത്ത് വന്നവരാണ്. ഞങ്ങള് പോയി എന്ത് പണിയാണ് ചെയ്യേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു പോയി പണി നോക്ക് നാണമില്ലാത്ത വർഗ്ഗമെന്ന്.. കൂട്ടത്തിലുള്ള ആളുകളെ വിളിച്ചാൽ മതി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളോടും പാർട്ടിയിലെ നേതാക്കന്മാരോടും കൂടെയിരിക്കുന്ന മന്ത്രിമാരോടും പറഞ്ഞാൽ മതി നാണം കെട്ടവരെന്ന്- സതീശൻ വ്യക്തമാക്കി. ഞങ്ങള് ജനങ്ങൾ തിരഞ്ഞെടുത്ത അംഗങ്ങൾ സംസാരിക്കേണ്ട ഭാഷയിലല്ല പറഞ്ഞതെന്നെന്നും സതീശൻ ചൂണ്ടിക്കാട്ടി. സ്വാശ്രയ ഫീസ് കുറയ്ക്കണമെന്ന് കാണിച്ച് എസ്എഫ്‌ഐ പ്രസ്താവന ഇറക്കിയ കാര്യവും അതേസമയം ഡിവൈഎഫ്‌ഐ മൗനം പാലിച്ച കാര്യവും സതീശൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി.

എന്തായാലും സതീശന്റെ ചുട്ട മറുപടി സൈബർ ലോകത്ത് കോൺഗ്രസുകാരെ ആവേശഭരിതരാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകളിൽ വീഡിയോ വലിയ തോതിൽ സ്വീകാര്യത നേടിയിരിക്കയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.