തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും അധികം പ്രേക്ഷകരുള്ള വാർത്ത ചാനൽ ഇപ്പോഴും ഏഷ്യാനെറ്റ് ന്യൂസാണ്. അച്ചടി മാദ്ധ്യമ രംഗത്ത് മറ്റാർക്കും എത്താൻ കഴിയാത്ത കുത്തക കൈവശം ആയിട്ടും മനോരമയ്‌ക്കോ മാതൃഭൂമിക്കോ ഇനിയും ഏഷ്യാനെറ്റ് ന്യൂസിനെ മറികടക്കാൻ സാധിച്ചിട്ടില്ല. മലയാളത്തിലെ ആദ്യത്തെ ചാനൽ എന്ന പാരമ്പര്യവും അടിയുറച്ച നിലപാടുകളുമാണ് ഏഷ്യാനെറ്റിന് ഈ സ്ഥാനം നേടി കൊടുത്തത്. എന്നും പുരോഗമന ആശയങ്ങളോടൊപ്പം നിന്നിട്ടുള്ള ഏഷ്യാനെറ്റ് ന്യൂസ് പക്ഷേ ഇക്കുറി കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. പി ഗോവിന്ദപിള്ളയുടെ മകൻ കൂടിയായ മാദ്ധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്ണൻ വാർത്താ വിഭാഗത്തിന്റെ ചുമതല വഹിക്കുമ്പോൾ ആണ് അപ്രതീക്ഷിതമായ ഈ തീരുമാനം.

സിന്ധു സൂര്യകുമാർ ദുർഗ്ഗാദേവിയെ വേശ്യ എന്ന് വിളിച്ചു എന്നതിന്റെ പേരിൽ ആരംഭിച്ച വിവാദം സംഘപരിവാർ അനുകൂലികളായ അനേകം പ്രേക്ഷകരെ നഷ്ടപ്പെടുത്തിയതിന്റെ പ്രതിഫലനമായാണ് ചാനൽ മാനേജ്‌മെന്റിന്റെ ഉറച്ച നിലപാട്. മുമ്പ് ഏഷ്യാനെറ്റ് ന്യൂസും സംഘപരിവാറും തമ്മിൽ പ്രശ്‌നം ഉണ്ടാവുകയും ബിജെപി നേതാക്കൾ ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കുകയും ചെയ്തതിന്റെ ചൂടാറും മുമ്പാണ് പുതിയ സംഭവം ഉണ്ടാകുന്നത്. സിന്ധു സൂര്യകുമാർ വിഷയത്തിൽ പിണറായി വിജയൻ അടക്കമുള്ള സിപിഐ(എം) നേതാക്കൾ ഉറച്ച നിലപാട് എടുത്തെങ്കിലും ഏഷ്യാനെറ്റ് മാനേജ്‌മെന്റ് ഒരുതരത്തിലുള്ള പിന്തുണയും നൽകിയിരുന്നില്ല. തുടർന്ന് നടന്ന സംഘപരിവാർ വിരുദ്ധ കാമ്പെയിൻ വഴി അനേകം പ്രേക്ഷകരെ നഷ്ടപ്പെട്ടു എന്ന കണക്കുമായി മാനേജ്‌മെന്റ് ശക്തമായി രംഗത്ത് വന്നതോടെയാണ് ഈ തെരഞ്ഞെടുപ്പിൽ സിപിഐ(എം) വിരുദ്ധ നിലപാട് എടുക്കാൻ ഏഷ്യനെറ്റിലെ മാദ്ധ്യമപ്രവർത്തകർ നിർബന്ധിതരായിരിക്കുന്നത്.

റിപ്പോർട്ടർ ചാനലിലെ ലേഖക വീണ ജോർജ് സ്ഥാനാർത്ഥി ആകാൻ തീരുമാനിച്ച ഉടൻ കടുത്ത വിമർശനങ്ങളുമായി ബുള്ളറ്റിൽ നൽകിയത് ആ ശ്രമത്തിന്റെ ഭാഗമായാണ്. ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് ബിജെപിയെ പിന്തുണയ്്ക്കുന്നതിന് വേണ്ടി നിലപാടെുടുത്ത പത്തോളം മണ്ഡലങ്ങളിൽ ഒന്നാണ് വീണ ജോർജ് മത്സരിക്കുന്ന ആറന്മുള. കോഴിക്കോട് ഏഷ്യാനെറ്റ് കാമറാമാനെ ആക്രമിച്ച സംഭവം ഊതിപെരുപ്പിക്കാൻ ആണ് മാനേജ്‌മെന്റ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ വിഷയത്തിൽ പത്രപ്രവർത്തക യൂണിയൻ അടക്കം രംഗത്തിറക്കി ജീവനക്കാരുടെ സംരക്ഷകനാകാനുള്ള ശ്രമത്തിലാണ് ചാനൽ മാനേജ്‌മെന്റ്.

അതേസമയം സിന്ധു സൂര്യകുമാർ സംഭവത്തിൽ ചെറുവിരൽ അനക്കാൻ മാനേജ്‌മെന്റ് കൂട്ടാക്കിയുമില്ല. കുറച്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല എന്ന് സിന്ധുവുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങളും പറയുന്നു. കേന്ദ്രത്തിൽ മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയർമാൻ രാജീവ് ചന്ദ്രശേഖരൻ. ചാനലിന്റെ നിലപാടിന്റെ കാര്യത്തിൽ ഇടപെടൽ നടത്താൻ ഇതുവരെ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ, ബിജെപിക്കെതിരെ തുറന്ന നിലപാട് എടുത്തോടെ പ്രക്ഷേകരെ നഷ്ടമായ കാര്യം ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് മാദ്ധ്യമപ്രവർത്തരുടെ ബിജെപി വിരുദ്ധ നിലപാടുകളെയും തള്ളുകയായിരുന്നു.

ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമ പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏഷ്യാനെറ്റ് ജീവനക്കാരിൽ ഭൂരിപക്ഷവും പുരോഗമന നിലപാട് ഉള്ളവരാണ്. സിപിഎമ്മിന്റെ അന്തരിച്ച തലവനായ പി ഗോവിന്ദപിള്ളയുടെ മകനായ എം ജി രാധാകൃഷ്ണൻ ആണ് വാർത്ത വിഭാഗം ചുമതല വഹിക്കുന്നത്. രാധാകൃഷ്ണൻ വന്ന ശേഷമുള്ള കടുത്ത സംഘപരിവാർ വിരുദ്ധ നിലപാട് എന്നാണ് മാനേജ്‌മെന്റിന്റെ നിഗമനം. ബിജെപി നേതാവു കൂടിയായ ഉടമ രാജീവ് ചന്ദ്രശേഖരൻ ഈ വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെട്ടെങ്കിലും സിന്ധു സൂര്യകുമാർ വിഷയത്തിൽ ഉണ്ടായ അപ്രതീക്ഷിത നഷ്ടം നിലപാട് കടുപ്പിക്കാൻ കാരണമായിരിക്കുകയാണ്. കണക്കുകൾ നിരത്തിയുള്ള മാനേജ്‌മെന്റിന്റെ ഇടപെടലിന് മുമ്പിൽ മറുപടി ഇല്ലാത്ത ജീവനക്കാർ നിശബ്ദരായേക്കുമെന്നാണ് ഏഷ്യാനെറ്റിലെ തന്നെ ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഈ വിഷയത്തിൽ ചാനൽ മാനേജ്‌മെന്റിന്റെ നിലപാടുമായി ഒത്തുപോകേണ്ട അവസ്ഥയിലാണ് മാദ്ധ്യമപ്രവർത്തകർ. മാനേജ്‌മെന്റിനും മാദ്ധ്യമപ്രവർത്തകർക്കും ഒരുപോലെ സ്വീകാര്യനായ ഒരു വ്യക്തിയുടെ അഭാവവും വിഷയത്തിൽ പ്രതിധ്വനിക്കുന്നുണ്ട്. ടി എൻ ഗോപകുമാർ വിട പറഞ്ഞതോടെ പകരം വെക്കാൻ ആളില്ലാത്ത അവസ്ഥയായി. നേരത്തെ പല വിഷയങ്ങളിലും അവസാനത്തെ വാക്ക് ടിഎൻജിയുടേതായിരന്നു. അമിതമായ മാനേജ്‌മെന്റ് ഇടപെടലിനെ തടഞ്ഞിരുന്നതും ടിഎൻജി ആയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ഇപ്പോൾ മാനേജ്‌മെന്റ് പറയുന്നത് തന്നെയാണ് അവസാനവാക്ക്.

അതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാട് സ്വീകരിക്കാൻ ചാനൽ മാനേജ്‌മെന്റ് തീരുമാനിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനുമോദിനും സംഘത്തിനും മർദ്ദനമേറ്റ വിഷയവും കത്തിക്കാൻ ചാനൽ തീരുമാനിച്ചതെന്നാണ് വിവരം.