- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിധി സമാധാനപരമായി നടപ്പിലാക്കിയാൽ അവിടെ പോകാൻ ആഗ്രഹിച്ച ഒരുവിശ്വാസിയാണ് ഞാൻ; എന്നെ പോലുള്ള വിശ്വാസികളുടെ വികാരം പ്രശ്നമല്ലേ? സിന്ധു സൂര്യകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി നയചാതുരിയോടെ; മോദിയെ തുറന്നുവിമർശിക്കാത്തത് എന്ത്?ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെ
തിരുവനന്തപുരം; ശബരിമല യുവതി പ്രവേശന വിഷയവും, ഇടതുസർക്കാരിന്റെ നിലപാടും, കടകംപള്ളിയുടെ ഖേദപ്രകടനവും അടക്കം വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസിൽ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് പിണറായി നിലപാട് തുറന്നു പറഞ്ഞത്.
''ശബരിമല വിധി സ്റ്റേ ചെയ്തിട്ടില്ല, വിധി സമാധാനപരമായി നടപ്പിലാക്കുകയാണെങ്കിൽ അവിടെ പോകാൻ ആഗ്രഹിച്ച ഒരു വിശ്വാസിയാണ് ഞാൻ. എന്നെ പോലുള്ള വിശ്വാസികളുടെ വികാരം പ്രശ്നമല്ലേ?'' എന്നായിരുന്നു സിന്ധു സൂര്യകുമാർ ചോദിച്ചത്.
'വിധി ഭരണഘടനയുടെ വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അപ്പോൾ അതിൽ പരിശോധിക്കേണ്ട കാര്യമുണ്ടെന്ന് കോടതി തന്നെ കാണുകയാണ്. അതുകൊണ്ട് ഗവൺമെന്റിനെ സംബന്ധിച്ചടത്തോളം അവിടെ വേറൊരു നിലപാട് ഇപ്പോൾ എടുക്കേണ്ട ആവശ്യമില്ല. ഇനി വിശാല ബെഞ്ചിന്റെ വിധി വരുമ്പോൾ ആ വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എല്ലാവരുമായും ചർച്ച നടത്തുമെന്നാണ് സർക്കാർ പറഞ്ഞത്,'' മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയം ഉയർത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള കഴിയുമോ എന്ന ശ്രമമാണ് ഇപ്പോൾ എല്ലാവരും നടത്തുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ ഈ വിധി വരുമ്പോഴുള്ള കാര്യങ്ങൾ മാത്രമേ ഇനി ചർച്ച ചെയ്യേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
'വിധി വരുമ്പോൾ വിധിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം പൊതുവേ ബാധിക്കുന്നുണ്ടെങ്കിൽ അത് ചർച്ച ചെയ്യും. സത്യവാങ്മൂലം അല്ല കാണേണ്ടത്. കേസിന്റെ നടപടി ക്രമം കേസ് വരുമ്പോൾ ആലോചിക്കേണ്ടതാണ്. കേസിന്റെ വിധി വരുമ്പോൾ ബന്ധപ്പെട്ടവരോട് ഇക്കാര്യം ചർച്ച ചെയ്യും. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിൽ ഉയർത്തിക്കൊണ്ടുവരികയാണ് ചിലർ ശ്രമിക്കുന്നത്. അത് തദ്ദേശ തെരഞ്ഞെടുപ്പിലും ഉന്നയിച്ചതാണ്'
കടകംപള്ളി ഖേദം പ്രകടിപ്പിച്ചതെന്തിനാണെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: 'ശബരിമല വിഷയത്തിൽ വിധി വരുമ്പോഴുള്ള നിലപാട് മാത്രമേ ചർച്ച ചെയ്യേണ്ടതുള്ളൂ. കടകംപള്ളിയുടെ അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത് എന്താണെന്ന് പറയാനാവില്ല. ഞാനീ കാര്യം ചോദിച്ചിട്ടുമില്ല.'
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്നായി വിമർശിക്കാതിരിക്കുന്നതെന്തുകൊണ്ടാണ് എന്ന സിന്ധുവിന്റെ ചോദ്യത്തിനും മറുപടിയുണ്ട്.' നരേന്ദ്ര മോദിയെ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ സ്വീകരിക്കുന്ന നടപടികളെ വിമർശിക്കാറുണ്ട്. ഓരോരുത്തർക്കും ഓരോ രീതിയാണ്. മമതയ്ക്ക് മമതയുടെ രീതിയാണ്. എനിക്ക് എന്റെ രീതിയാണ്. സഹികെട്ടാൽ പറയുന്ന നിലയിലേക്കേ ഞാൻ വരാറുള്ളൂ. ആരെയും പേരെടുത്ത് പറയുന്ന നിലയിലേക്ക് പോയിട്ടില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രശ്നമാണ് ഗൗരവം. രാജ്യത്തെ മഹാഭൂരിപക്ഷം മതനിരപേക്ഷമായി ചിന്തിക്കുന്നു. അതിന് ദോഷം വരുത്തുന്ന നടപടിയാണ് ബിജെപി ചെയ്യുന്നത്. മതനിരപേക്ഷത സംരക്ഷിഗക്കാൻ നിലകൊള്ളുന്നുവെന്ന് പറയുന്ന ചിലർ വർഗീയതയുമായി സമരസപ്പെടുന്നു. അത് വർഗീയതയ്ക്ക് പ്രോത്സാഹനമാണ്. കോൺഗ്രസ് നിലപാട് ഉദാഹരണം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.'
സ്ഥാനാർത്ഥി പട്ടികയിൽ മുതിർന്നവരെ വെട്ടിനിരത്തിയെന്ന് ആരോപണത്തിൽ കഴമ്പില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മുതിർന്നവർ ഇല്ലെന്ന് പറയുന്നത് ദോഷൈകദൃക്കുകളാണ്. പൊതുവിൽ ഒരു തത്വമുണ്ട്. അത് എല്ലാവർക്കും ബാധകമാണ്. അവരെ ഒഴിവാക്കിയതല്ല. അവർ പാർട്ടിയിലെ പ്രധാനികളാണ്. അത് പിന്നീട് ഒരു കാലത്ത് വീണ്ടും വരുമെന്നും പിണറായി പറഞ്ഞു.
എൻഎസ് എസിനോട് പ്രത്യേകമായ അകൽച്ചയില്ലെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. എൻഎസ്എസിന്റെ പ്രശ്നം അവർ, അടിസ്ഥാനപരമായി അവർക്ക് ചില നിലപാടുകളുണ്ട് എന്നതാണ്. 'ആ വിഭാഗത്തിന് ആകെ ഞങ്ങളോട് ഇന്നത് എന്ന് പറയാനാവില്ല. എൻഎസ്എസ് നേതൃത്വത്തിന് ചില പ്രശ്നങ്ങളുണ്ട്. അവർ പറയുന്നത് അംഗീകരിക്കാനാവുന്ന കാര്യം സർക്കാർ ചെയ്യും. അവരോട് പ്രത്യേകമായ അകൽച്ചയില്ല-മുഖ്യമന്ത്രി പറഞ്ഞു.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
മറുനാടന് മലയാളി ബ്യൂറോ