തിരുവനന്തപുരം: രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിനിൽ തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷ ജോസിന്റെ ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ഡിബേറ്റ്. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്റെ പേര് ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് നൽകിയ പരാതി പൊലീസ് തള്ളി. ഷോൺ ഉന്നയിച്ച വകുപ്പുകൾ പ്രകാരം അന്വേഷിക്കാനാകില്ലെന്നാണ് പൊലീസിന്റെ മറുപടി. ഈ പശ്ചാത്തലത്തിൽ അന്വേഷണ ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് ഷോണിന്റെ തീരുമാനം.

പൊലീസ് അന്വേഷണം ആവശ്യമുണ്ടോ? നിഷയെ അപമാനിച്ചത് ആര്? ഷോൺ അല്ലെങ്കിൽ പിന്നെ ആരാണ്?പീഡന വീരൻ ആരെന്ന് വെളിപ്പെടുത്തണോ? ഇതൊക്കെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചോദ്യങ്ങൾ.ഷോൺ ജോർജ്, അഡ്വ.വി.അജകുമാർ, നിർമല ജിമ്മി കേരള കോൺഗ്രസ് എം, ഗീത ബക്ഷി മാധ്യമ പ്രവർത്തക, ലതിക സുഭാഷ് മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

ആരാണു മോശമായി പെരുമാറിയതെന്നു പറഞ്ഞില്ലെങ്കിലും തന്റെ കാര്യത്തിൽ വ്യക്തത വേണമെന്ന് ഷോൺ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം തനിക്ക് നിഷ ജോസിന്റെ ആരോപണം വിശ്വസിക്കാൻ പറ്റുന്നില്ലെന്നായിരുന്നു ഗീത ബക്ഷിയുടെ പ്രതികരണം.നിസ്സഹായയായ ഏതുപെണ്ണാണ് ഇന്നത്തെ കാലത്ത് അത് സഹിക്കുക? ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത് പുസ്തകം ചെലവാക്കാനല്ലേ? ഷോൺ സംശയത്തിന്റെ മുൾമുനയിൽ തന്നെയാണ് താനും. ആരോപണം ഉന്നയിച്ച വ്യക്തിക്ക് തുറന്നുപറഞ്ഞു കൂടേ? പുസ്തകം ചെലവാകുന്നത് നല്ല കാര്യം. എന്നാൽ ഇത് നല്ല ഒരു ട്രെൻഡല്ല. മീ ടൂ വലിയ മറുപടിയാണ്. അതിനോട് കൂട്ടിക്കെട്ടരുതെന്നും ഗീത ബക്ഷി പറഞ്ഞു.ഭർത്താവോ, ഭർതൃപിതാവോ നേതാവാണെങ്കിൽ മാത്രമേ സ്ത്രീ പ്രതികരിക്കുകയുള്ളോ എന്നും ഗീത ബക്ഷി ചോദിച്ചു.

സെക്ച്വൽ അസോൾട്ടിൽ പൊലീസ് നടപടിയെടുക്കാൻ ബാധ്യസ്ഥരാണ്. നിസ്സഹായയാണ് എന്ന് പറഞ്ഞ് മാറി നിൽക്കാതെ നിയമനടപടിക്ക് മുതിരുകയാണ് വേണ്ടതെന്ന് അഡി.വി.അജകുമാർ അഭിപ്രായപ്പെട്ടു.

തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും അന്വേഷണം നടത്തണമെന്നുമായിരുന്നു ഷോണിന്റെ വാദം ഇല്ലെങ്കിൽ താൻ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനിടെ ടെലിഫോണിൽ സംസാരിച്ച മഹിള കോൺഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ് ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോൾ അത് സ്‌പെസിഫിക്കായി പറയുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു.താൻ നിഷ ജോസുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങളും ലതിക തുറന്നു പറഞ്ഞു. അന്ന് ആരോപണവിധേയനായ വ്യക്തിക്കൊപ്പം ട്രെയിനിൽ സഞ്ചരിക്കുമ്പോൾ അയാളുമായി ദീർഘനേരം സംസാരിച്ചു. തനിക്ക് ഉറങ്ങണമെന്നുണ്ടായിരുന്നു. തന്റെ പ്രൈവറ്റ് സ്‌പേസ് ഇൻവേഡ് ചെയ്യുന്നതായി നിഷയ്ക്ക് തോന്നിയെന്ന് തന്നോട് പറഞ്ഞതായും ലതിക വെളിപ്പെടുത്തി.

ഇക്കാര്യങ്ങൾ തന്നെയാണ്് കേരള കോൺഗ്രസ് എമ്മിന്റെ പ്രിതിനിധി നിർമ്മല ജിമ്മിയും ചർച്ചയിൽ വ്യക്തമാക്കിയത്.സംഭവത്തെ കുറിച്ച് ജോസ്.കെ.മാണിയുമായി സംസാരിച്ചെങ്കിലും നിയമനടപടികളിലേക്ക് നീങ്ങണണമെന്ന് അവർക്ക് അപ്പോൾ തോന്നിയില്ലെന്നും നിർമല പറഞ്ഞു.

അപ്പോൾ അവരുടെ കാലിൽ ഉരുമ്മിയെന്നും ടിടിഇയോടും പരാതിപ്പെട്ടെന്നും നിഷ ജോസ് പുസ്തകത്തിൽ എഴുതിയത് മുഴുവൻ നുണയാണോയെന്നും ഷോൺ ചോദിച്ചു.ഷോണിന്റെ പേര് പരാമർശിച്ചിട്ടില്ല. പിന്നെന്തിനാണീ ബഹളം പിസിയും ഷോണും കാണിക്കുന്നതെന്നായി നിർമല ജിമ്മി.

പൊളിറ്റിക്കൽ ലീഡേഴ്‌സ് എന്നാണ് പറഞ്ഞിരിക്കുന്നത്

അത് ഷോണാണ് എന്ന് പറഞ്ഞത് പിസിയാണ്.. നിർമല ജിമ്മി

എനിക്കെതിരെ പൊലീസിൽ പരാതി കൊടുക്കണം. കേസെടുക്കണം-ഷോൺ

അതുവായിച്ചിട്ട് നാട്ടുകാർ മുഴുവൻ പറയുന്നു ഷോണാണെന്ന് .വിനു.വി.ജോൺ

ആ സമയത്ത് എനിക്ക് പീഡനമായി തോന്നിയില്ല. ഭർത്താവിനും തോന്നിയില്ല. ഇപ്പോൾ പുസ്തകം വിൽക്കാൻ..ഇങ്ങനെയല്ല മലയാളി സ്ത്രീകൾ പ്രതികരിക്കേണ്ടതെന്ന് ഗീത ബക്ഷി

നിഷ ജോസ് ആരാണ് ആരോപണവിധേയനെന്ന് വെളിപ്പെടുത്തിയാൽ രംഗം മാറും. സീരിയസാവും.അപ്പോൾ നമുക്ക് പറയാം ആരാണ് നുണ പറയുന്നത്.ഉണ്ടെങ്കിൽ എന്തിനാണ് മറച്ചു വച്ചത്.-അഡ്വ.വി.അജകുമാർ

രാഷ്ട്രീയഭാവി തകർക്കാനോ? നാളെ പാലായിലോ മൂവാറ്റുപുഴയിൽ മൽസരിക്കുമോ എന്ന് പറയാനാവില്ല.ഡിഫമേഷന് കേസ് കൊടുക്കും-ഷോൺ

അതിനിടെ ഷോണിന്റെ പരാതി അന്വേഷിക്കാനാവില്ലെന്ന് കാട്ടി ഡിജിപിയുടെ മറുപടി വന്നു. ഷോൺ അത് വായിച്ചു. ഷോൺ ഉന്നയിച്ച വകുപ്പുകൽ പ്രകാരം അന്വേഷിക്കാനാവില്ലെന്നാണ് ഡിജിപി വ്യക്തമാക്കിയത്. ഇതോടെ താൻ ബന്ധപ്പെട്ട കോടതിയെ സമീപിക്കുമെന്ന് ഷോൺ വ്യക്തമാക്കി. ഏതായാലും ആരോപണവിധേയനെ മുൾമുനയിൽ നിർത്താതെ ആരാണ് ഉപദ്രവിച്ചതെന്ന് വ്യക്തമാക്കുന്നതാണ് മര്യാദയെന്ന് അവതാരകനും പറഞ്ഞുവച്ചു.