- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏഷ്യാനെറ്റ് റിപ്പോർട്ടർ പുറത്തുപോകണം': വാർത്താസമ്മേളനം തുടങ്ങും മുമ്പ് ഏഷ്യാനെറ്റിനെ ഗെറ്റ് ഔട്ട് അടിച്ച് കെ.സുരേന്ദ്രൻ; ഇത്തരമൊരു നിലപാട് ശരിയല്ലെന്ന് മാധ്യമപ്രവർത്തകർ; പാർട്ടി തീരുമാനമെന്ന് സുരേന്ദ്രൻ; പ്രതിഷേധം കടുത്തതോടെ ബിജെപി പരിപാടികൾ മാധ്യമങ്ങൾ ബഹിഷ്കരിക്കണമെന്നും അഭിപ്രായം
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് റിപ്പോർട്ടറെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫിസിലെ വാർത്താസമ്മേളനത്തിലാണ് ഈ ദുരനുഭവം. ഏഷ്യാനെറ്റ് ന്യൂസ് സംഘം നേരത്തെ തന്നെ വാർത്താ സമ്മേളനം നടത്തുന്ന ഹാളിൽ എത്തിയിരുന്നു. എന്നാൽ വാർത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അവിടെയുള്ള മാധ്യമപ്രവർത്തകരുടെ ഇടയിലുള്ള ഏഷ്യാനെറ്റ് പ്രതിനിധികളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ബഹിഷ്കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് പുറത്തിറക്കി വിട്ടത്. പത്രസമ്മേളനത്തിൽ ഇത്തരമൊരു നിലപാട് ശരിയായില്ലെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ പാർട്ടി തീരുമാനമാണ് എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിന്നും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഏഷ്യാനെറ്റ് റിപ്പോർട്ടറെ ഇറക്കി വിട്ട സംഭവത്തിൽ മാധ്യമ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി യുടെ പരിപാടികൾ മാധ്യമ പ്രവർത്തകർ ബഹിഷ്ക്കരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ഇസ്രേയലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാനോ കുടുംബത്തിനെ സന്ദർശിക്കാനോ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ചോദിച്ചു. മുഖ്യമന്ത്രിയുടെ ലജ്ജാകരമായ നടപടിയെ ചോദ്യം ചെയ്യുന്നവരെ അദ്ദേഹം പരിഹസിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇസ്രേയലുമായി തങ്ങൾക്ക് വിയോജിപ്പ് ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതും സൗമ്യയുടെ കാര്യവുമായി എന്താണ് ബന്ധം. ചൈനയിലേയും ക്യൂബയിലേയും മലയാളികളുടെ കാര്യം മാത്രം നോക്കുന്നയാളാണോ മുഖ്യമന്ത്രി.
ഒരു വിദേശ രാജ്യവുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ നിലപാടെടുക്കേണ്ടത് കേരള മുഖ്യമന്ത്രിയാണോ? എന്തുകൊണ്ടാണ് സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാത്തത്? സൗമ്യയുടെ മകന്റെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം. ഹരിയാന വരെ പോയി 10 ലക്ഷം കൊടുത്ത മുഖ്യമന്ത്രി എന്താണ് ഇടുക്കിയിലേക്ക് തിരിഞ്ഞു നോക്കാത്തത്? ഈ കാര്യത്തിൽ കേരള കോൺഗ്രസ് എന്താണ് മിണ്ടാത്തത്?
സൗമ്യയുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.കൊടകര സംഭവത്തിൽ പാർട്ടിക്ക് പങ്കില്ല. ആ സംഭവം ഉപയോഗിച്ച് ബിജെപിയെ പിടിച്ചു കളയാമെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ആശ്രിതരായ പൊലീസും വിചാരിക്കണ്ട. ബിജെപി കണക്കിൽ പെടാത്ത പണം ഉപയോഗിച്ചിട്ടില്ല. ഡിജിറ്റൽ പണമിടപാട് വഴിയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. ഈ വിഷയത്തിൽ തലകുത്തി മറിഞ്ഞാൽ പോലും ബിജെപിയെ കുടുക്കാൻ പൊലീസിന് സാധിക്കില്ല. ശബരിമല വിഷയത്തിൽ വേട്ടയാടിയ പോലെ ബിജെപി നേതാക്കളെ വേട്ടയാടാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.