കൊച്ചി: വരുന്ന തെരഞ്ഞെടുപ്പിൽ സോളാർ അഴിമതിയും ഗ്രൂപ്പുതർക്കവും യുഡിഎഫിനു വിനയാകുമെന്ന് ഏഷ്യാനെറ്റ്‌സീഫോർ സർവെ. സോളാർ കേസുമായി ബന്ധപ്പെട്ടു സരിത എസ് നായരുടെ പരാമർശങ്ങൾ വിശ്വസനീയമാണെന്നും സർവെയിൽ പങ്കെടുത്ത ഭൂരിപക്ഷം പേർ അഭിപ്രായം രേഖപ്പെടുത്തി. ഭരണ തുടർച്ചയെന്ന കോൺഗ്രസിന്റെ ആഗ്രഹം നടക്കില്ലെന്നാണ് സർവ്വേ പറയുന്നത്.

നിലവിലെ കേരള രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമാണ്. 41 ശതമാനം വോട്ടുമായി സിപിഐ(എം) നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 77 മുതൽ 82 വരെ സീറ്റുകളാണ് ഇടതു പക്ഷത്തിന് നൽകുന്നത്. യുഡിഎഫ്ിന് 55 മുതൽ 60 സീറ്റുകൾ ലഭിക്കും. വോട്ടിങ് ശതമാനം 37 ആണ്. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചനം. പതിനെട്ട് ശതമാനം സീറ്റുമായി മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ ലഭിക്കും. മറ്റുള്ളവർക്ക് ഒന്നും കിട്ടുകയില്ലെന്നും സർവ്വേ പറയുന്നു.

ബിജെപി ഉണ്ടാക്കുന്ന നേട്ടം ഇടതുപക്ഷത്തിന് നേട്ടമാകുമെന്നാണ് ഫലം പ്രവചിക്കുന്നത്. സ്ഥാനാർത്ഥികളെ കണക്കിലെടുക്കാതെയുള്ളതാണ് ഈ സർവ്വേ. സോളാറും ബാറും യുഡിഎഫിന് തിരിച്ചടിയാണെന്നാണ് വിശദീകരിക്കുന്നത്. കേരളത്തിന്റെ മനസ്സ് ഇപ്പോഴും വി എസ് അച്യൂതാനന്ദന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മത്സരിക്കുന്നതിനോടു ഭൂരിപക്ഷം പേരും അനുകൂലിച്ചപ്പോൾ പിണറായി വിജയനും വി എസും ഒന്നിച്ചു മത്സരിക്കുന്നതിനോട് സമ്മിശ്രപ്രതികരണമാണുള്ളത്. പൊതുവെ എൽഡിഎഫിന് അനുകൂലമാണു കേരളത്തിലെ അന്തരീക്ഷമെന്ന വിലയിരുത്തലാണു ഏഷ്യാനെറ്റ്‌സീഫോർ സർവെ നടത്തുന്നത്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർവെയിൽ പങ്കെടുത്ത 72 ശതമാനം പേർ അഭിപ്രായപ്പെട്ടു. സരിത ഉന്നയിച്ച ആരോപണങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നുവെന്ന് 57 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബാർ കോഴക്കേസിൽ കെ.ബാബുവിനെ രക്ഷിക്കാൻ സർക്കാർ ഇരട്ടത്താപ്പ് കാണിച്ചെന്ന് 49ശതമാനം പേരാണു ചൂണ്ടിക്കാട്ടിയത്. അതേസമയം, മദ്യനയം യുഡിഎഫിന് ഗുണം ചെയ്തുവെന്ന് 37 ശതമാനം പേർ വിശ്വസിക്കുന്നു.

പിണറായിക്കെതിരായ ലാവ്‌ലിൻ കേസ് തെരഞ്ഞെടുപ്പിൽ വിഷയമാവുമെന്ന് 56 ശതമാനം പേർ പറയുമ്പോൾ ലാവ്‌ലിൻ കേസ് ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്ന് 42 ശതമാനം പേർ വിലയിരുത്തുന്നു. 73 ശതമാനം പേരാണു വി എസ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവർ. വിഎസും പിണറായിയും ഒന്നിച്ചു മത്സരിച്ചാൽ ഗുണം ചെയ്യില്ലെന്ന് 48 ശതമാനം പേരും പറയുന്നു.

ബിജെപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൊണ്ട് തുറക്കുമെന്ന് 53 ശതമാനം പേർ കണക്കുകൂട്ടുന്നു. കുമ്മനം രാജശേഖരനെ ബിജെപി അധ്യക്ഷനായി നിയമിച്ചത് ബിജെപിക്ക് ഗുണം ചെയ്‌തെന്ന് 54 ശതമാനം പേരും അഭിപ്രായപ്പെട്ടു.