- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റിലെ റിപ്പോർട്ടർ ആയിരുന്നു കക്ഷി.. ഒരു വിദേശ കാര്യ സഹമന്ത്രി വഴി ആണത്രേ പിൻവാതിൽ വഴി വിദേശ കാര്യ വകുപ്പിൽ ജോലി ലഭിച്ചത്; പിണറായിയ്ക്കെതിരായ നിയമന നിരോധന നീക്കം ഇല്ലാ കഥകൾ കുത്തിപൊക്കി സൈബർ സഖാക്കൾ; ജയ്ഹിന്ദിലും ഏഷ്യാനെറ്റിലും പ്രവർത്തിച്ച് മാധ്യമ പ്രവർത്തകൻ ശ്യാം കുമാർ കേന്ദ്ര സർക്കാർ ജീവനക്കാരനായതിന് പിന്നിലെ വസ്തുത
ന്യൂഡൽഹി: ഏഷ്യാനെറ്റിലെ റിപ്പോർട്ടർ ആയിരുന്നു കക്ഷി.. ഒരു വിദേശ കാര്യ സഹമന്ത്രി വഴി ആണത്രേ പിൻവാതിൽ വഴി വിദേശ കാര്യ വകുപ്പിൽ ജോലി ലഭിച്ചത്.. കക്ഷി കഴിഞ്ഞ ആഴ്ച ജോലി രാജി വച്ചു ഏഷ്യാനെറ്റിൽ നിന്ന്.. ഇതേപ്പറ്റി ഒരു അന്വേഷണാത്മക റിപ്പോർട് പ്രതീക്ഷിക്കുന്നു.. കക്ഷിയുടെ ഹിസ്റ്ററി നോക്കുമ്പോ അർഹത ഉണ്ടെന്നു മനസ്സിലാവും.. മുൻപ് കോൺഗ്രസ് ആയിരുന്നപ്പോൾ ജയ്ഹിന്ദ് ചാനലിൽ ആയിരുന്നു. സംഘി ആയപ്പോൾ ഏഷ്യാനെറ്റിൽ എത്തിയത്..-സോഷ്യൽ മീഡയയിൽ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിക്കാൻ സിപിഎം സൈബർ സഖാക്കൾ കണ്ടെത്തുന്ന പുതിയ ന്യായമാണ് ഇത്.
മുഖ്യമന്ത്രി പിണറായി വിജയന് പേഴ്സണൽ സ്റ്റാഫിൽ നിയമിക്കാൻ അനുമതിയുണ്ടായിരുന്നവരേക്കാൾ ഏഴു പേരെ കൂടുതലായി നിയമിച്ചു. അതിന് ശേഷം മന്ത്രിസഭാ തീരുമാന പ്രകാരം ചട്ടം തിരുത്തി ഏഴു പേർക്കും നിയമന അംഗീകാരവും പെൻഷനും ഉറപ്പിച്ചു. ഈ ഇടപെടലുകൾ കാണാത്തവരാണ് സ്ഥിരപ്പെടുത്തലിനെ ന്യായീകരിക്കാൻ ഒരു വിദേശ കാര്യ സഹമന്ത്രി വഴി ആണത്രേ പിൻവാതിൽ വഴി വിദേശ കാര്യ വകുപ്പിൽ ജോലി ലഭിച്ചുവെന്ന് പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ സെക്കന്റ് പിഎ ആയാണ് ശ്യാംകുമാർ വിദേശകാര്യ വകുപ്പിൽ ജോലിക്കെത്തുന്നത്. കേന്ദ്രമന്ത്രിക്ക് അനുവദിച്ചു കൊടുത്ത പേഴ്സണൽ സ്റ്റാഫ് അംഗം മാത്രാണ് ശ്യാംകുമാർ.
ഏഷ്യാനെറ്റിന്റെ വയനാട് റിപ്പോർട്ടർ ജോലി രാജിവച്ചാണ് വിദേശകാര്യ മന്ത്രിയുടെ പിഎയായി ശ്യാംകുമാർ മാറിയത്. ശ്യാംകുമാർ കോൺഗ്രസുകാരനാണെന്നും വാദങ്ങളെത്തുന്നു. എന്നാൽ പഠന കാലത്ത് തന്നെ എബിവിപിയുടെ കൽപ്പറ്റയിലെ നേതാവായിരുന്നു ശ്യാം. ശ്യാമിന്റെ അമ്മയ ബിജെപി നേതാവും. തദ്ദേശ തെരഞ്ഞടുപ്പിൽ അടക്കം ബിജെപി സ്ഥാനാർത്ഥിയായി അമ്മ മത്സരിച്ചിട്ടുണ്ട്. ഈ പരിവാർ ബന്ധം തിരിച്ചറിഞ്ഞാണ് വി മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ ശ്യാമിനെ ഉൾപ്പെടുത്തിയത്. മാധ്യമ പ്രവർത്തകൻ എന്ന പരിചയം കണക്കിലെടുത്ത് മുരളീധരന്റെ പ്രസ് സെക്രട്ടറിയുടെ ഉത്തരവാദിത്തങ്ങളാണ് ശ്യാം നോക്കുന്നതും. കൽപ്പറ്റ സർക്കാർ കോളേജിൽ എബിവിപി യൂണിറ്റ് തുടങ്ങിയതും ശ്യാം അടങ്ങുന്ന എബിവിപിക്കാരാണ്.
ജയ്ഹിന്ദിലാണ് ശ്യാം മാധ്യമ പ്രവർത്തനം തുടങ്ങുന്നത്. ജയ്ഹിന്ദിന്റെ ആദ്യ ബാച്ചിലെ അംഗം. എന്ന് പ്രവാസിയായ അനിയൻ കുട്ടിയായിരുന്നു ജയ്ഹിന്ദ് ചാനലിന്റെ ചെയർമാൻ. സണ്ണി കുട്ടി എബ്രഹാമായിരുന്നു ചാനൽ മേധാവി. കോൺഗ്രസിന് നേരിട്ട് ഈ ഘട്ടത്തിൽ ചാനലിൽ ബന്ധമില്ലായിരുന്നു. അന്ന് ജയ്ഹിന്ദ് നടത്തിയ ടെസ്റ്റിൽ വിജയിച്ചാണ് ചാനലിൽ ശ്യാംകുമാർ എത്തുന്നത്. പിന്നീടാണ് ജയ്ഹിന്ദിന്റെ നിയന്ത്രണം കോൺഗ്രസ് നേരിട്ട് ഏറ്റെടുക്കുന്നത്. അനിയൻകുട്ടി അടക്കമുള്ളവരും മാറി. സണ്ണി കുട്ടി എബ്രഹാമും രാജിവച്ചു. കോൺഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ജയ്ഹിന്ദ് എത്തിയതോടെയാണ് ശ്യാംകുമാറിനും അവിടെ വിടേണ്ടി വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമാകുമ്പോഴും ശബരിമല അടക്കമുള്ള വിഷയങ്ങളിൽ വിശ്വാസികൾക്ക് അനുകൂലമായിരുന്നു ശ്യാം കുമാർ. ശബരിമലയുടെ തുടക്കത്തിൽ യുവതി പ്രവേശനത്തോട് ചേർന്ന് നിന്ന ചാനൽ മാനേജ്മെന്റ് ശബരിമലയിലെ ഉത്തരവാദിത്തങ്ങൾ ശ്യാമിന് നൽകിയിരുന്നുമില്ല. പിന്നീട് പാലക്കാടും വയനാടും എത്തി. ഇതിനിടെയാണ് വി മുരളീധരന്റെ പേഴ്സണൽ സ്റ്റാവിൽ സെക്കന്റ് പിഎയായി ശ്യാം ജോലിയിൽ പ്രവേശിക്കുന്നത്. വി മുരളീധരൻ മന്ത്രിസ്ഥാനം ഒഴിഞ്ഞാൽ വിദേശകാര്യ മന്ത്രാലയത്തിൽ ഇരിപ്പിടം ശ്യാമിനും നഷ്ടമാകും. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ മാത്രം പ്രവർത്തിക്കുന്ന ശ്യാംകുമാറിനെ ഉയർത്തിയാണ് സൈബർ സഖാക്കൾ താൽകാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള പിണറായ ിസർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.
:പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം സർക്കാരിന് തലവേദനയാകും. ഇതിനൊപ്പം ശബരിമല ചർച്ചയും. ഇതോടെ ഉദ്യോഗാർത്ഥികൾക്ക് മുമ്പിലും ഭക്തർക്ക് മുമ്പിലും പിടിച്ചു നിൽക്കാനാവാതെ പതറുകയാണ് സിപിഎം. ഈ സാഹചര്യത്തിൽ യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലുകളുടെ നിറംപിടിപ്പിച്ച കഥകൾ ചർച്ചയാക്കാൻ സൈബർ പോരാളികളെ ചുമതലപ്പെടുത്തി സിപിഎമ്മും പ്രതിരോധത്തിന് വഴി തേടുകയാണ്. ഇതിന്റെ ഭാഗമാണ് ഈ നിയമനവും. സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ഇതിന് വേണ്ട അജണ്ട സെറ്റു ചെയ്യും. സിപിഎം അണികളുടെ മനോവികാരം പിടിച്ചു നിർത്താനുള്ള നീക്കമാണ് ഇത്. എല്ലാ കാലത്തും താൽകാലികക്കാരെ എല്ലാ സർക്കാരും സ്ഥിരപ്പെടുത്തി എന്ന് വരുത്താനാകും ശ്രമിക്കുക.
ഇതിന് വേണ്ടി ഡൽഹിയിലെ കേരളാ ഹൗസ് നിയമനങ്ങൾ ചർച്ചയാക്കി. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി എസ് അച്യൂതാനന്ദൻ നൽകിയ കത്തുയർത്തി ഉമ്മൻ ചാണ്ടി പ്രതിരോധം തീർത്തു. സെക്രട്ടറിയേറ്റിലെ സെക്യൂരിറ്റികളുടെ നിയമനവും സിപിഎം ചർച്ചകളിൽ നിറച്ചു. എല്ലാ സർക്കാരും ചെയ്യുന്നത് മാത്രമേ പിണറായിയും ചെയ്യുന്നുള്ളൂവെന്ന് സമർത്ഥിക്കാനാണ് നീക്കം.
മറുനാടന് മലയാളി ബ്യൂറോ