തിരുവനന്തപുരം: ആക്ഷേപങ്ങൾ നിരവധിയുണ്ടെങ്കിലും സുരേഷ് ഗോപി അവതാരകനായ ഏഷ്യാനറ്റിലെ 'നിങ്ങൾക്കുമാകാം കോടീശ്വരൻ' ഷോ ചാനൽ റേറ്റിംഗുകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരിപാടിയാണ്. രണ്ട് സീസണുകൾക്ക് ശേഷം മൂന്നാം സീസണിലേക്ക് കടന്ന പരിപാടിക്ക് വീണ്ടും തിരശ്ശീല വീഴാൻ പോകുകയാണ്. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് സുരേഷ് ഗോപിയെ നിയമിച്ചതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ അണിയറക്കാർ ഒരുങ്ങുകയാണ്.

ഹിന്ദിയിൽ അമിതാബ് ഭച്ചൻ അവതാരകനായി നാന്ദി കുറിച്ച കോൻ ബനേക ക്രോർപതി എന്ന ഷോയുടെ മലയാള പതിപ്പാണ് വർഷങ്ങളായി സുരേഷ് ഗോപിയുടെ മുപഖത്തോടെ മലയാളി പ്രേക്ഷകർ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് പേരുടെ വ്യക്തി ജീവിതത്തിനും മറ്റും സഹായകമായ പരിപാടി, ജനങ്ങളിൽ അറിവും ഉണർവും വളർത്തുന്നതിനും വഴിയൊരുക്കുന്നതാണ്. ഒത്തിരി നിർധനർക്ക് ഷോ സഹായവുമായി എത്തി. ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറയിപ്പ് പുറത്തുവന്നിട്ടില്ലെങ്കിലും ഈ ഷോയുടെ സ്ഥാനത്ത് സിനിമാ നടൻ മുകേഷിനെ അവതാരകനാക്കി 'സെൽ മീ ദ ആൻസർ' എന്ന പ്രേഗ്രാം ചാനൽ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടിനും ഒമ്പതിനും ഇടെയുള്ള സമയത്തിനിടെയാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുക.

യുണൈറ്റഡ് മീഡിയ ഒരുക്കുന്ന പരിപാടിയാണ് സെൽ മീ ആൻസർ. അറിവിന് വില പേശി പണം നേടൂ! എന്ന ക്യാപ്ഷനോടെയാണ് 'സെൽ മി ദ ആൻസർ' ഗെയിംസ് ഷോ ഏഷ്യാനെറ്റ് ചാനലിൽ വരുന്നത്. ബ്രിട്ടനിലെ സ്‌കൈ ടിവിയിൽ തുടങ്ങിയ പരിപാടിയുടെ മലയാളം പതിപ്പാണ് ഈ പരിപാടി. കോടീശ്വരന് പകരം വെക്കാനുള്ള ചേരുവകളെല്ലാം ചേർത്താണ് പുതിയ പരിപാടി. മലയാളികളുടെ അറിവിന്റെ ആഴം അളക്കാൻ വിവിധ ചോദ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഉത്തരം അറിയില്ല എങ്കിൽ ഫ്‌ളോറിൽ സന്നിഹിതരായിരിക്കുന്നവരോട് ചോദിക്കാം സഹായം തേടാം. ശരിയുത്തരത്തിന് വിലപേശി സഹായി കയ്യടിച്ചു മുൻപോട്ടു വഴി തെളിക്കാം.

അന്താരാഷ്ട്ര നിലവാരത്തിലാണ് ഏഷ്യാനെറ്റ് 'സെൽ മി ദ ആൻസർ' ഒരുക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനുള്ളവരെ കേരളമൊട്ടാകെ നടത്തിയ ഒഡിഷനിലൂടെ തെരഞ്ഞെടുത്തതായി പരിപാടിയുടെ അണിയറക്കാർ അറിയിച്ചു.