തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് ചെറിയ തോതിൽ ശമനമാകുന്നതോടെ കൂടുതൽ സിനിമകൾ റിലീസിങ് പ്രഖ്യാപിക്കുകയാണ്. മോഹൻലാൽ ചിത്രങ്ങളായ മരക്കാർ, ആറാട്ട്, ആസിഫ് അലി ചിത്രം കുഞ്ഞെൽദോ എന്നിവ പുതുക്കിയ റിലീസിങ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആസിഫ് അലി തന്നെ നായകനാവുന്ന മറ്റൊരു ചിത്രവും പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത 'എല്ലാം ശരിയാകും' എന്ന ചിത്രമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബർ 17ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ തീരുമാനം. ഈ മാസം നാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കോവിഡ് രണ്ടാംതരംഗത്തിൽ തിയറ്ററുകൾ അടച്ചതോടെ അത് നടക്കാതെപോയി. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജിഷ വിജയൻ ആണ് നായിക. നേരത്തെ 'അനുരാഗ കരിക്കിൻവെള്ളം' എന്ന ചിത്രത്തിൽ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോർഡി പൂഞ്ഞാർ, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രങ്ങളിൽ ആദ്യമെത്തുക മരക്കാർ ആണ്. ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിൽ എത്തും. ഓഗസ്റ്റ് 27ന് കുഞ്ഞെൽദോ, ഒക്ടോബർ 14ന് ആറാട്ട് എന്നിവയും എത്തും. അതേസമയം ഒടിടി റിലീസിലേക്കും പല ചിത്രങ്ങളും കരാർ ആയിട്ടുണ്ട്. അന്ന ബെൻ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'സാറാസ്' ആമസോൺ പ്രൈം വീഡിയോ വഴി ഡയറക്റ്റ് ഒടിടി റിലീസ് ആയി ജൂലൈ അഞ്ചിന് എത്തും.