കോഴിക്കോട്: വെളിമണ്ണ സ്വദേശി ശഹീദിന്റെയും ജംസീനയുടെയും മകനായി 90 ശതമാനം വൈകല്യങ്ങളോടെയാണ് ആസിമിന്റെ ജനനം. കൈകളില്ലാതെ ജനിച്ച ആസിമിന് നടക്കാനും സംസാരിക്കാനും കേൾവിക്കും പ്രയാസമുണ്ട്. പ്രതിസന്ധികൾക്കിടയിലും തന്റെ ഗ്രാമത്തിലെ വെളിമണ്ണ സർക്കാർ ലോവർ പ്രൈമറി സ്‌കൂളിനെ അപ്പർ പ്രൈമറി ആക്കാനുള്ള നിയമപരമായ പോരാട്ടത്തിലൂടെയാണ് ആസിം വെളിമണ്ണ ശ്രദ്ധേയനാകുന്നത്.

ഇപ്പോഴിതാ നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഈ വർഷത്തെ അവാർഡിന് അവസാന മൂന്നിൽ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം. 39 രാജ്യങ്ങളിൽ നിന്നായി വന്ന 169 ലധികം നോമിനികളിൽ നിന്നാണ് നോബൽ സമ്മാന ജേതാക്കളടങ്ങിയ വിദഗ്ദരുടെ ജഡ്ജിങ്ങ് പാനൽ മൂന്നു ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

ഭിന്നശേഷി മേഖലയിൽ കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് ആസിമിനെ ഈ അവാർഡിന് നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് കിഡ്‌സ് റൈറ്റ്‌സ് രക്ഷാധികാരി ആർച്ച്ബിഷപ്പ് ഡെസ്‌മോണ്ട് ടുട്ടു പ്രഖ്യാപിച്ചത്. വിജയിയെ 12 നു പ്രഖ്യാപിക്കും. 13 ന് അവാർഡ് വിതരണം ഹോഗിൽ വെച്ച് നടക്കും.

തന്റെ പോരാട്ടത്തിലൂടെ 200 കുട്ടികളുണ്ടായിരുന്ന വെളിമണ്ണ സ്‌കൂളിൽ ഇപ്പോൾ 700 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. നിലവിൽ അതേ സ്‌കൂളിനെ ഹൈസ്‌കൂൾ ആക്കി ഉയർത്താനുള്ള ശ്രമത്തിലാണ് ആസിം. ഇതിനായി 52 ദിവസം വീൽചെയറിൽ 450 കിലോമീറ്റർ മാർച്ച് നടത്തുകയും ആയിരക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരണം നടത്തുകയും ചെയ്തു. ആസിം നൽകിയ കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പം മറ്റനേകം സാമൂഹിക പ്രവർത്തനത്തിലും ആസിം സജീവമാണ്.

തന്റെ പ്രവർത്തനം കൊണ്ടു ലോകത്തെമ്പാടുമുള്ള ഭിന്നശേഷി യുവാക്കൾക്കും കുട്ടികൾക്കും അവരുടെ വിദ്യാഭ്യാസം തുടരാനും സമൂഹത്തിൽ മുഖ്യധാരയിലേക്കു വരാനും വലിയ പ്രചോദനം ഉണ്ടാക്കാൻ സാധിച്ചതിനാലാണ് ആസിമിനെ അവാർഡിന് പരിഗണിച്ചിട്ടുള്ളത്. തന്റെ ഭാവി പ്രവർത്തനങ്ങളെ ആവിഷ്‌കരിക്കുന്നതിനായി ആസിം വെളിമണ്ണ ഫൗണ്ടഷൻ എന്ന പേരിൽ ഒരു സന്നദ്ധസഘടന രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

കേരളഗവണ്മെന്റിന്റെ പ്രഥമ ഉജ്വലബാല്യം പുരസ്‌കാരം, യൂണിസെഫിന്റെ ചൈൽഡ് അച്ചീവർ അവാർഡ്, ബാഗ്ലൂർ ആസ്ഥാനമായിട്ടുള്ള കലാം ഫൗണ്ടേഷന്റെ ഇൻസ്‌പൈറിങ് ഇന്ത്യൻ അവാർഡ് എന്നിവ ആസിമിനു ലഭിച്ചിട്ടുണ്ട്. യു കെ സ്വദേശിനി ക്രിസ്റ്റീന അഡാൻ, ഡൽഹി സ്വദേശികളായ വിഹാൻ നവ് അഗർവാൾ എന്നിവരുമാണ് മറ്റു ഫൈനലിസ്റ്റുകൾ.