തെന്നിന്ത്യയിലെ പ്രിയ നടിമാരിൽ ഒരാളാണ് അസിൻ തോട്ടുങ്കൽ. മലയാള സിനിമയിൽ തുടക്കം കുറിച്ച അസിൻ പിന്നീട് തെന്നിന്ത്യൻ ഭാഷകളും കടന്ന് ബോളിവുഡിലും എത്തി. നിരവധി ഹിറ്റു സിനിമകളും സമ്മാനിച്ചു. ഇതിനിടെ രണ്ടു വർഷം മുൻപ് ജനുവരിയിലായിരുന്നു അസിന്റെ വിവാഹം.

ബിസിനസ്മാനായ രാഹുൽശർമ്മയെ വിവാഹം കഴിച്ച നടി സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിൽക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസം ഒന്നാം ജന്മദിനം ആഘോഷിച്ച മകൾ അറിന്റെ ചിത്രം രാഹുൽ ശർമ്മ ട്വിറ്ററിൽ പങ്കു വെച്ചിരിക്കുകയാണ്. മൈക്രോ മാക്‌സ് സ്ഥാപകനാണ് രാഹുൽ ശർമ്മ

''ഒരു വർഷം മുമ്പാണ് തിളക്കമുള്ള കണ്ണുകളുള്ള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവൾക്ക് ഒരു വയസ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജന്മദിനാശംസകൾ അറിൻ'', ശർമ്മ ട്വിറ്ററിൽ കുറിക്കുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അസിനു കുഞ്ഞു പിറന്നത്. ഇതു വരെയും മകളെ മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുത്തിയിരുന്നില്ല അസിൻ. മകൾ പിറന്ന കാര്യവും മനോഹരമായൊരു ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് അസിൻ ലോകത്തെ അറിയിച്ചത്. ശേഷം നടൻ അക്ഷയ് കുമാറും അസിനു മകൾ പിറന്ന വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. അസിന്റെ മകളെ കൈകളിലെടുത്തു കൊണ്ടുള്ള ചിത്രമാണ് അന്ന് അക്ഷയ് പോസ്റ്റു ചെയ്തത്. 2016 ജനുവരിയിലാണ് രാഹുൽ ശർമയും അസിനും വിവാഹിതരായത്.