കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന അസ്‌ക്കർ അലി എന്ന 24കാരൻ കഴിഞ്ഞ ദിവസം നടത്തിയത്. ചെമ്മാട് ദാറൂൽ ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഹുദവി ബിരുദത്തിന് 12 വർഷം പഠിച്ച അസ്‌ക്കർ അലി, ഇന്ത്യൻ ആർമിയിൽ ചേരുന്നതിന് എതിരായ ചിന്തപോലും ഈ മതപാഠശാലകൾ വളർത്തുന്നു എന്ന അതി ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ കൊല്ലത്ത് കഴിഞ്ഞാഴ്ച സംഘടിപ്പിച്ച ലിബറോ എന്ന സെമിനാറിൽ 'മതം കടിച്ചിട്ടവർ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് രൂക്ഷമായ വിർശനമാണ് അസ്‌ക്കർ ഇസ്ലാമിനെതിരെ ഉന്നയിച്ചത്.

അതീവ അപകടകരമായ പല ധാരണകളുമാണ് ഇസ്ലാമിക മതപഠന ശാലകളിലുടെ കിട്ടുന്നതെന്ന് അസ്‌ക്കർ അലി തന്റെ പ്രസംഗത്തിന്റെ പറയുന്നു. അതിന്റെ പ്രസ്തകഭാഗങ്ങൾ ഇങ്ങനെയാണ്. -''എന്റെ കൂടെ ജനിച്ചവൻ ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യുമ്പോൾ, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങൾ ആരും ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന്. അയാം വെരി സീരിയസ്. എന്നെ പഠിപ്പിച്ചിരുന്നു. നിങ്ങൾ ആരും ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന്. കാരണം എന്താണ്, പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും, നുഴഞ്ഞുകയറുന്ന തീവ്രവാദികളെ നിങ്ങൾക്ക് വെടിവെക്കേണ്ടിവരും. അവരെല്ലാം വിശ്വാസികൾ അല്ലേ. അവരെക്കുറിച്ച് മറ്റുള്ളവർ പറയും അവർ തീവ്രവാദികൾ ആണെന്ന്. പക്ഷേ നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കിയേ. അവർ അല്ലേ യഥാർഥ വിശ്വാസികൾ. അവർ മുസ്ലീങ്ങൾ അല്ലേ. അവർ ഇവിടെ ആക്രമണിക്കപ്പെട്ട കശ്മീരികൾക്ക് വേണ്ടി ചോദിക്കാൻ വരുന്നവർ അല്ലേ. അവർ ഷഹാദത്ത് കലിമ ചൊല്ലിയവർ അല്ലേ. നമ്മുടെ മതം എന്താണ് പഠിപ്പിക്കുന്നത്. ഒരു മുസ്ലിം മറ്റൊരു മുസ്ലീമിനെ കൊല്ലാൻ പാടില്ല. അപകടകരമാണ് ഈ വിദ്യാഭ്യാസം. എന്നിട്ട് പഠിപ്പിച്ചത് എന്താണ്. നിങ്ങൾ ഇത് ചെയ്യാൻ പാടില്ല എന്ന് മാത്രമല്ല, നിങ്ങൾക്ക് ഫേസ് ചെയ്യുന്ന കമ്യൂണിറ്റിയെ ഇത് പഠിപ്പിക്കുയും കൂടി വേണമെന്ന്. അപകടകരമാണ് ഈ വിദ്യാഭ്യാസം.''- അസ്‌ക്കർ അലിയുടെ ഈ വാക്കുൾ വളരെ പെട്ടെന്ന് സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു.

അതുപോലെ തന്നെ ഇത്തരം മതപാഠശാലകളിൽ ലൈംഗിക പീഡനങ്ങൾ പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആധുനികവിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞുകൊണ്ടുള്ള മത വിദ്യാഭ്യാസം വ്യക്തിയെയും സമൂഹത്തെയും പിറകോട്ട് അടിപ്പിക്കുകയാണെന്നും അസ്‌ക്കർ അലി ചൂണ്ടിക്കാട്ടുന്നു.'' ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്‌സിറ്റിയിലെ ഹുദവി എന്ന പട്ടം കിട്ടാൻ 12 വർഷം ദൈർഘ്യമുള്ള ഒരു കോഴ്‌സാണ് ചെയ്യേണ്ടത്. അവിടെ എസ്എസ്എൽസിയും പ്ലസ്ടുവും ഒന്നും അവർ പ്രൊവൈഡ് ചെയ്യുന്നില്ല. ഡിസ്റ്റ്ൻസ് എജുക്കേഷൻ ഡിഗ്രി മാത്രമാണ് ഉള്ളത്്. ഞാൻ അവിടെ ഹുദവി പട്ടം കിട്ടുന്നതിനുള്ള സനദ് വാങ്ങാൻ പോയില്ല. ഓഫീസിൽനിന്ന് എന്നെ അറിയിച്ചിരുന്നു. ഇതിന് കാരണം ഞാൻ കഴിഞ്ഞ ഒന്നരവർഷം കൊണ്ട് ഇസ്ലാം വിട്ട് മാനവികതയുടെ പാതയിലേക്ക് വന്നു എന്ന് മാത്രമല്ല, ഞാൻ അവിടെ പഠിച്ചപ്പോൾ അനുഭവിച്ച പീഡനങ്ങളും ഇതിന് ഒരു കാരണം ആയിരുന്നു.

ഈ പൊതുസമൂഹം, ഒരിക്കലും ചർച്ച ചെയ്യാത്ത ഒരു വിഭാഗം ഉണ്ട് ഇവിടെ. മദ്രാസാ പീഡനങ്ങളൊക്കെ നാം ചർച്ച ചെയ്യാറുണ്ട്. നൂറിൽ ഒന്നാണെങ്കിൽ പോലും. പക്ഷേ അറബികോളജിൽ അല്ലെങ്കിൽ ദർസിൽ പഠിക്കുന്ന, മുസ്ലിം പയ്യന്മാർ നേരിടുന്ന ടോർച്ചറിങ്ങുകൾ, പ്രധാനമായും അവർ നേരിടുന്ന സെക്ഷ്വൽ ഹറാസ്‌മെന്റുകൾ, അതെന്നും ഇവിടെ പബ്ലിക്ക് അധികമൊന്നും ചർച്ചചെയ്യാറില്ല.''- അസ്‌ക്കർ അലി ചൂണ്ടിക്കാട്ടുന്നു. ഈ വീഡിയോ വൈറൽ ആയതോടെയാണ് തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് ചെമ്മാട് ദാറുൽഹുദാ അധികൃതർ രംഗത്ത് എത്തിയത്.

എല്ലാം അടിസ്ഥാന രഹിതമെന്ന് ദാറുൽഹുദ

ദാറുൽഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിക്കുവേണ്ടി വൈസ് ചാൻസലർ ഡോ ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, പുറപ്പെടുവിക്കുന്ന പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്.

''അസ്സലാമു അലൈക്കും, എല്ലാവർക്കും ക്ഷേമവും സൗഖ്യവും നേരുന്നു. ബഹുമാന്യരെ,ആധുനിക കാലഘട്ടത്തിൽ ധാർമ്മിക-സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന വിദ്യാ കേന്ദ്രമാണ് ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാല. പാരമ്പര്യ മത വിജ്ഞാനീയങ്ങളും ആധുനിക-ഭൗതിക-സാമൂഹ്യ ശാസ്ത്രങ്ങളും ഐ.ടി.യും ഗുണമേന്മയോടെ സമന്വയിപ്പിച്ച് പുതിയ കാലത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കെൽപ്പുള്ള നമ്മുടെ രാജ്യത്തെ ഉത്തമപൗരന്മാരായ ഒരു പണ്ഡിതസമൂഹത്തെ സമർപ്പിക്കുകയെന്ന ദൗത്യം മൂന്നര പതിറ്റാണ്ടിലേറെയായി ദാറുൽഹുദാ നിർവഹിച്ച് വരുന്നു.

പന്ത്രണ്ട് വർഷത്തെ ഹുദവി കോഴ്‌സ് (അഞ്ച് വർഷം സെക്കന്ററി, രണ്ട് വർഷം സീനിയർ സെക്കന്ററി, മൂന്ന് വർഷം ഡിഗ്രി, രണ്ട് വർഷം പി.ജി എന്നിങ്ങനെ) വളരെ വ്യവസ്ഥാപിതമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കാലയളവിൽ മതവിഷയങ്ങളോടൊപ്പം സയൻസ്, ഇംഗ്ലീഷ്, മാത്സ്, സോഷ്യൽ സയൻസ് തുടങ്ങിയ ഭൗതിക വിഷയങ്ങളിൽ എൻസിഇആർടി, സിബിഎസ്ഇ, ഓപ്പൻ സ്‌കുളിങ്ങ്, അടക്കമുള്ള വിവിധ സിലബസുകളുടെ പുസ്തകങ്ങളാണ് പഠിപ്പിച്ച് വരുന്നത്. അതുകൊണ്ട് തന്നെ ഹുദവി ബിരുദം നേടുന്നവർ മതപരമായും ഭൗതികപരമായും ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ടാകും.

ദാറുൽഹുദായിൽ നിന്നു പുറത്തിറങ്ങിയ ഹുദവികൾ രാജ്യത്തിന്റെ വിവിധ സർവ്വകലാശാലകളിൽ അദ്ധ്യാപകരായും റിസേർച്ച് സ്‌കോളർമാരായും വിദ്യാഭ്യാസ രംഗത്തും മറ്റു വ്യത്യസ്ത മേഖലകളിലും സേവനങ്ങൾ ചെയ്ത് വരുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങളാണ് ഹുദവികൾ നടത്തി കൊണ്ടിരിക്കുന്നത്.

ദൗർഭാഗ്യകരമെന്നോണം, ദാറുൽഹുദായുടെ ഹുദവി ബിരുദം ലഭിക്കുന്നതിനുള്ള യോഗ്യതകൾ പൂർത്തീകരിക്കാതെ ബന്ധം വിഛേദിച്ച ഒരാളുടെ ആരോപണങ്ങൾ കാണാനിടയായി. പ്രസ്തുത വ്യക്തി ഇന്ത്യൻ ആർമിയെയും ദാറുൽഹുദായെയും ബന്ധപ്പെടുത്തിയും മറ്റും നടത്തിയ പരാമർശങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. നമ്മുടെ രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതൽ ആദരവും അഭിമാനവും പകർന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുൽഹുദാ പിന്തുടർന്ന് വരുന്നത്.

ആയതിനാൽ, സത്യം മനസ്സിലാക്കി ദാറുൽഹുദാ സംവിധാനത്തിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങളിൽ പെട്ട് പോകാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിന് വേണ്ടി തീർത്തും നിയമാനുസൃതം പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് വേണ്ട മുഴുവൻ പിന്തുണയും എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് സവിനയം അപേക്ഷിക്കുന്നു.....''- ഇങ്ങനെയാണ് ദാറുൽഹുദാ പ്രിൻസിപ്പലിന്റെ പ്രസ്താവന അവസാനിക്കുന്നത്.