കോഴിക്കോട്: തിരുനാവായ കൈത്തക്കര ഹിഫ്‌ളുൽ ഖുർആൻ കോളേജിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയെ മതപഠനകേന്ദ്രത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വിവാദമാവുന്നു. കൊണ്ടോട്ടി കാടപ്പടി ഒറുവിൽ ജംഷീർ-ഷഹർബാൻ ദമ്പതിമാരുടെ മകൻ മൊയ്തീൻ സാലിഹ് (11) ആണ് മരിച്ചത്.

വിദ്യാർത്ഥികളെല്ലാം മഹല്ല് ജുമാമസ്ജിദിനടുത്തുള്ള കോളേജിൽ ഒരൊറ്റ വലിയ മുറിയിലാണ് കിടക്കാറുള്ളത്. ബുധനാഴ്ച പുലർച്ചെ അഞ്ചോടെ സഹപാഠികളായ വിദ്യാർത്ഥികളാണ് തൂങ്ങിയ നിലയിൽ കാണുന്നത്. പള്ളിക്കമ്മിറ്റി അംഗങ്ങളെ അറിയിച്ചതിനെത്തുടർന്ന് വാർഡംഗം കെടി മുസ്തഫ കൽപ്പകഞ്ചേരി പൊലീസിനെ വിവരമറിയിച്ചു. എസ്ഐ. എഎം യാസിറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മലപ്പുറത്തുനിന്നുള്ള വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഇരട്ടകളായ സാലിഹും ഹുസെയ്ൻ സാദിഖും മൂന്നുമാസം മുൻപാണ് കോളേജിൽ പഠനത്തിനെത്തിയത്. കഴിഞ്ഞദിവസം ബന്ധുവീട്ടിൽ ഇരുവരും പോയിരുന്നു. പനി ബാധിച്ചതിനാൽ സാദിഖിനെ കോളേജിലേക്ക് വീട്ടുകാർ അയച്ചില്ല. മരണത്തിനു കാരണമായവർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് പിതാവിന്റെ സഹോദരൻ നവാസ് ഷരീഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയുടെ മരണത്തിന്റെ കാരണങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ ഇത്തരം മരണങ്ങളുടെയൊക്കെ അടിസ്ഥാന കാരണം, മതപഠന കേന്ദ്രങ്ങളിലെ പീഡനമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ്, ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്ക് വന്ന മുൻ ഹുദവി അസ്‌ക്കർ അലി പറയുന്നത്. തന്റെ അനുഭവം അത്തരത്തിലാണെന്നും, മതപഠനകേന്ദ്രങ്ങളിൽ കൂട്ടികളെ കൊണ്ടാക്കുന്നവർ ഏറെ ശ്രദ്ധിക്കണമെന്നും അസ്‌ക്കർ അലി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

അസ്‌ക്കർ അലിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്- '' അറ്റുപോകാത്ത ഓർമ്മകൾ' എന്ന ജോസഫ് മാഷിന്റെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ അതെ ദിവസം തന്നെയാണ് ഒരു 11 വയസ്സുകാരന്റെ ജീവിതവും അറ്റുപോയത്. അവന്റെ ആത്മകുറിപ്പുകൾ ഇനി ആരെഴുതാൻ.....?

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കാടപ്പടി ( എന്റെ നാട്ടുകാരൻ ) സ്വദേശി മൊയ്ദീൻ സ്വാലിഹ് എന്ന ഖുർആൻ മനഃപാഠമാക്കാൻ ഒരു ഖുർആൻ പഠന സ്ഥാപനത്തിൽ ചേർക്കപ്പെട്ട 11 വയസ്സുകാരനാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണങ്ങൾ അറിയതെ പ്രതികരിക്കുന്നത് ഉചിതമല്ല എന്നറിയുന്നതുകൊണ്ട് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുക മാത്രം ചെയ്യുന്നു.

ഈ അവസരത്തിൽ ചില സത്യങ്ങൾ കൂടെ ഇവിടെ എഴുതണം എന്ന് തോന്നി, നിങ്ങൾക്ക് സ്വീകരിക്കാം, അല്ലെങ്കിൽ തള്ളിക്കളയാം. ഇനിയും നിങ്ങളുടെ ചെവികളും ചിന്തകളും അടച്ചു പിടിക്കാം. ഒരു പതിനൊന്നു വയസുകാരൻ തൂങ്ങി മരിച്ചിട്ടുണ്ടെങ്കിൽ അവൻ സാമ്പത്തികമായി വലിഞ്ഞു മുറുകിക്കാണും എന്ന് വിശ്വസിക്കാൻ കഴിയില്ല. മറിച്ചു ശാരീരികവും മാനസികവുമായ മറ്റു സംഘർഷങ്ങളായിരിക്കും അവനെ കൊണ്ട് ഈ ഒരു തീരുമാനം എടുപ്പിച്ചിട്ടുണ്ടാകുക.

എന്നെ 11 ാം വയസ്സിൽ മതപഠനത്തിനായി ചെമ്മാട് നിലകൊള്ളുന്ന ദാറുൽഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റയിൽ കൊണ്ടിടുമ്പോൾ എന്റെ ബാച്ചിലും ഉണ്ടായിരുന്നു ഇതുപോലെയുള്ള ഖുർആൻ മനഃപാഠമാക്കാൻ 8ാം വയസ്സിൽ അവിടെ എത്തിച്ചേർന്ന ചില വിദ്യാർത്ഥികൾ. അവർ അവരുടെ സ്‌കൂൾ വിദ്യാഭ്യാസം രണ്ട് മൂന്ന് ക്ലാസ്സുകളിൽ നിന്നും വെട്ടികൊണ്ടുവരപ്പെട്ടവർ ആണ്. ആദ്യമെല്ലാം ഇത്തിരി സീനിയോരിറ്റി കാണിച്ചെങ്കിലും പിന്നീട് അവരെ അടുത്തറിഞ്ഞു. സത്യത്തിൽ പിന്നീട് അങ്ങോട്ടുള്ള നീണ്ട മതപഠന കാലത്തിൽ ഞങ്ങൾ അനുഭവിക്കുന്നത് തന്നെയായിരുന്നു അവർ നേരത്തെ അനുഭവിച്ചിരുന്നത്. പക്ഷെ അസഹനീയമായി മർദിക്കുന്ന പുതിയ താരോദയങ്ങൾ ഓരോ വർഷവും പ്രത്യക്ഷപ്പെടുമ്പോഴും ഇവർ ഇടയ്ക്കിടയ്ക്ക് അവരുടെ ഹിഫ്സ് കാലം ഓർമിപ്പിക്കുമായിരുന്നു. അത്രയും കഠിനമാണ് ആ കാലം എന്ന് പറയാൻ.

ഒരു 8 വയസുകാരൻ സ്വന്തം കുടുംബത്തിൽ നിന്നും സുഹൃത്തുകളിൽ നിന്നും മാറി, എല്ലാം സ്വന്തമായി ചെയ്തു തുടങ്ങുന്നു. ബാല്യകാലത്തിന്റെ സന്തോഷങ്ങൾ വെടിഞ്ഞു ഒരു തടവുകാരന്റെ ജീവിതം ആരംഭിക്കുന്നു. സ്വന്തം വസ്ത്രങ്ങൾ അലക്കി വ്യത്തിയാക്കുന്നതു മാത്രമല്ല ഇടക്കിടക്ക് തന്റെ അദ്ധ്യാപകന്റെ വസ്ത്രങ്ങൾ കൂടെ അലക്കാൻ ആ പാവങ്ങൾ നിർബന്ധിതരാകുന്നു.

ഒന്നാം ക്ലാസ്സിൽ (11 വയസ്സ് ) ഇരിക്കുമ്പോയാണ് ഒരധ്യാപകൻ ക്ലാസ്സിൽ വന്നിട്ട് ഗെ സെക്സിനെ കുറിച്ച് വല്ലാതെ സംസാരിച്ചത് ( സെക്സ് എഡുക്കേഷൻ എല്ലാം അവിടെ ഉണ്ട് മോനെ) പുള്ളിക്കാരൻ ഇടക്കിടക്കിടക്ക് ഞങ്ങളുടെ ക്ലാസ്സിലെ ഈ കുട്ടികളുടെ പേര് വിളിച്ചുകൊണ്ട് അവർക്ക് മുന്നറിയിപ്പ് കൊടുക്കുന്നുണ്ടായിരുന്നു. അന്ന് പക്ഷെ എന്തിനാണ് ഇവരുടെ പേരുകൾ വിളിക്കുന്നത് എന്ന് പോലും മനസ്സിൽ ആയില്ല. പക്ഷെ പിന്നീട് ക്ലാസുകൾ മാറി വന്നപ്പോഴാണ് ആ ചെറിയ പ്രായത്തിൽ അവരുടെ ശരീരങ്ങൾ ചില അദ്ധ്യാപകരാൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്ന സത്യം അവർ തുറന്നു പറയുന്നത്. പക്ഷെ അപ്പോയേക്കും നമ്മളും ആ കാമ്പസ് ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടാകും എന്നതാണ് സത്യം.

മാനസികമായും ശാരീരികമായും അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്ന അസ്സഹനീയമായ പീഡനങ്ങൾ കേൾക്കാൻ പോലും മതത്തിന്റെയും പുരോഹിത വർഗ്ഗത്തിന്റെയും കൈകളിൽ അമർന്നു പോയ രക്ഷിതാക്കൾ തയ്യാറല്ല എന്ന് പറയുന്നതാണ് ശരി. അവസാനം മനം മടുത്തു നാട് വിട്ടു പോകുന്നവർ, ഒളിച്ചോടുന്നവർ, ആത്മഹത്യക്ക് പോലും ശ്രമിക്കുന്നവർ, അങ്ങനെ ഒത്തിരി ഒത്തിരി....എന്റെ ഒരു സീനിയർ രക്ഷപെടാൻ വേണ്ടി ഫസ്റ്റ് ഫ്ളോറിൽനിന്ന് ചാടിയിട്ട് പോലുമുണ്ട്.

അസ്സഹനീയമായ ഒറ്റപ്പെടൽ, അല്ലെകിൽ ശരീരികവും മാനസീകവുമായ പീഡനം ഇതായിരിക്കാം അവനെയും ഈ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. രക്ഷിതാക്കളോട്, ഒരു കാര്യം തുറന്നു പറയാം.... ക്വാളിറ്റി എജുക്കേഷൻ നിഷേധിച്ചുകൊണ്ടു ഈ രീതിയിൽ നിങ്ങൾ കുട്ടികളെ വളർത്തുന്നത്, മതത്തിനു വേണ്ടി വിൽക്കുന്നത്, ആ കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും, ഇനിയുള്ള കാലത്തിൽ പ്രത്യേകിച്ചും.''- ഇങ്ങനെയാണ് അസ്‌ക്കർ അലി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റിനെ തുടർന്ന്, പലരും മതപഠനകേന്ദ്രങ്ങളിലെ പീഡനങ്ങൾ കമന്റായി ഇടുന്നുമുണ്ട്.