- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതം വിട്ടവനെ ഉടനടി കൊല്ലണമെന്ന് ഇപ്പോഴും കേരളത്തിലെ മദ്രസകളിൽ പഠിപ്പിക്കുന്നു; ചെമ്മാട് ദാറുൽ ഹുദയിൽ 24 ആൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കി തീർത്തു; ഇന്ത്യൻ ആർമിയിൽ ചേരരുത് എന്ന് പഠിപ്പിച്ചത് യാഥാർഥ്യം; ഇസ്ലാമിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ച് വീണ്ടും അസ്‌ക്കർ അലി
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമുഖമായ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ചെമ്മാട് ദാറുൽ ഹുദയിലെ ഹുദവി ബിരുദത്തിനുവേണ്ടി 12 വർഷം പഠിച്ചശേഷം, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന അസ്‌ക്കർ അലി എന്ന 24കാരൻ നേരത്തെ അതിഗുരുതരമായ ആരോപണങ്ങൾ ഇസ്ലാമിക മത പാഠശാലകൾക്കെതിരെ ഉന്നയിച്ചിരുന്നു. ഇന്ത്യൻ ആർമിയിൽ ചേരരുത് എന്നും പാക്കിസ്ഥാനിൽ നിന്നുവരുന്ന തീവ്രവാദികൾ മുസ്ലീങ്ങൾ ആണെന്നും നമുക്ക് അവരെ വെടിവെക്കാൻ കഴിയില്ല എന്നുമൊക്കെ തങ്ങളെ പഠിപ്പിച്ചുവെന്നായിരുന്നു അസ്‌ക്കർ തന്റെ അനുഭവം സാക്ഷിയാക്കി പറഞ്ഞിരുന്നത്. അതുപോലെ ഈ സ്ഥാപനത്തിൽ അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ചെമ്മാട് ദാറുൽ ഹുദയും, മറ്റ് ഇസ്ലാമിസ്റ്റുകളും ഇത് പച്ചക്കള്ളമാണെന്ന് പറഞ്ഞാണ് പ്രതിരോധിച്ചത്.
എന്നാൽ മതപാഠശാലകൾക്കെതിരെ കൂടതൽ ശക്തമായ ആരോപണങ്ങുമായി അസ്‌ക്കർ ഇപ്പോൾ രംഗത്തത് എത്തിയിരിക്കയാണ്. കഴിഞ്ഞ ദിവസം എറണാകുളം പത്തടിപ്പാലം പിഡബ്ലയു റെസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അസ്‌ക്കർ കൂടതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.
അവിടെ അടിസ്ഥാന വിദ്യാഭ്യാസം ഇല്ല
അസ്‌ക്കർ അലിയുടെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. -'കൊല്ലത്ത് ലിബറോ എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിൽ ഞാൻ എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് പറഞ്ഞിരുന്നത്. ഈ മതവിദ്യാഭാസം കുട്ടികളുടെ തലച്ചോറിന് വരുത്തുന്ന പരിക്കുകളും, അവിടെ നടക്കുന്ന ലൈംഗിക പീഡനങ്ങൾ, തുടങ്ങി ഈ ഗവൺമെന്റ് ചർച്ച ചെയ്യേണ്ടിയിരുന്ന വളരെ ഗുരുതരമായ ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ ഈ പ്രസംഗം നടന്നശേഷം ഞാൻ ഉദ്ദേശിച്ച ഗുരുതരമായ ആരോപണങ്ങൾ എല്ലാം മറച്ചുപിടിച്ചുകൊണ്ടുള്ള, ഒരു പ്രത്യേക രീതിയിൽ ചർച്ച മാറ്റിയെടുക്കുന്നതാണ് പിന്നീട് കണ്ടത്. പക്ഷേ ഞാൻ എന്താണ് ആ സ്പീച്ചിൽ ഉദ്ദേശിച്ചിരുന്നത് അതിനെ ഒന്നുകൂടി എൻഫോഴ്സ് ചെയ്യുക എന്നതാണ് ഈ വാർത്താ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. ''- അസ്‌ക്കർ പറഞ്ഞു.
'അഞ്ചാംക്ലാസ് പൂർത്തിയാവുന്നത് മുമ്പാണ് ഞാൻ ചെമ്മാട് ദാറുൽ ഹുദയിൽ 12 വർഷത്തെ കോഴ്സിന് കൊണ്ടുപോകുന്നത്. അത് രക്ഷിതാക്കളുടെയും സമ്മതത്തോടെയാണ്. ഇവിടെ പത്താംക്ലാസും പ്ലസ്ടുവുമൊന്നും ഇല്ല എന്നത് അവർ പബ്ലിക്കിനോട് പറയില്ല. ഇവർ മാത്രമുള്ള വേദികളിൽ മാത്രമാണ് സത്യം തുറന്നു പറയുന്നത്. ഇവിടെ എസ്എസ്എൽസിയും പ്ലസ്ടുവും ഒന്നുമില്ല, ഇവിടുത്തെ ലക്ഷ്യം മതവിദ്യാഭ്യാസം മാത്രമാണെന്ന്.
എസ്എസ്എൽസിയോ, പ്ലസ്ടുവോ എഴുതിയാൽ അവിടെ നിന്ന് പുറത്താക്കുന്ന, അല്ലെങ്കിൽ സസ്പെൻഡ് ചെയ്യുന്ന അവസ്ഥയായിരുന്നു. പിന്നെ അവർ ആകെ നൽകുന്നത് ഒരു ഡിസ്റ്റൻസ് ഡിഗ്രി മാത്രമാണ്. അതും 23ാംമത്തെ വയസ്സിൽ, അവിടുത്തെ അവസാനത്തെ വർഷം. കാലിക്കറ്റിന്റെ അല്ലെങ്കിൽ ഇഗ്നോയുടെ ഡിസ്റ്റൻസ് ഡിഗ്രിയാണിത്. അങ്ങനെ എന്റെ തൊട്ടുമുമ്പത്തെ ബാച്ചിൽ എത്തിയപ്പോൾ ഒരു പ്രശ്നം വന്നു. കാലിക്കറ്റിന്റെ ഡിസ്റ്റൻസ് ഡിഗ്രി, ടെൻ പ്ലസ്ടു വില്ലാതെ എഴുതാൻ കഴിയില്ല എന്ന് വന്നൂ. അപ്പോൾ എന്റെ തൊട്ടുമുമ്പുള്ള ബാച്ചിനെ ജാമിയ മിലിയയിലേക്ക് പറഞ്ഞയക്കുകയാണ് ഉണ്ടായത്. മൂന്നുവർഷം അവിടെ പഠിച്ചാണ്, കുട്ടികൾ ഈ ഡിസ്റ്റൻസ് ഡിഗ്രി എഴുതി എടുത്തത്. ഇപ്പോഴും പല കുട്ടികളും സേ പരീക്ഷയൊക്കെ ഉണ്ടെങ്കിൽ അവിടെ പോയി എഴുതേണ്ട ഗതികേടിലാണ്. ഇത് വരുന്നത് സർക്കാറിന്റെ ഭാഗത്തുനിന്ന് മേൽനോട്ടം ഇല്ലാത്തതിനാലാണ്.
പിന്നെ ഇതിൽ നിന്ന് പുറത്തുവന്ന് ആരും സംസാരിക്കില്ല. അവന് അത് കഴിയില്ല. അവർ പ്രഷർ ചെയ്ത് മാനസികമായും ശാരീരികമായും തളർത്തുന്നു.''- അസ്‌ക്കർ ചൂണ്ടിക്കാട്ടി.
ആർമിയെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു
ഇന്ത്യൻ ആർമിയിൽ ചേരരുത് എന്ന് ചെമ്മാട് ദാറുൽ ഹുദയിൽ പഠിപ്പിച്ചത് സത്യമാണെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അസ്‌കകർ അലി പറഞ്ഞു. 'അതേ, അത് ഉള്ളതുതന്നെയാണ്. ഞാൻ ഒരു മദ്രസയിൽ അല്ല പഠിച്ചത്. മദ്രസയിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരെ വാർത്തെടുക്കുന്ന, ഇസ്ലാമിലെ പൗരോഹിത്യവർഗത്തെ വാർത്തെടുക്കുന്ന സ്ഥാപനത്തിലാണ് പഠിച്ചത്. സ്വാഭാവികമായും അവിടെ ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പഠിപ്പിക്കും. ഇസ്ലാമിന്റെ നിയമങ്ങൾ എന്ന രീതിയിലാണ് ഞാൻ ആ സാധനം പഠിച്ചതും. അങ്ങനെ പറഞ്ഞ അദ്ധ്യാപകരും ഉണ്ട്. അത് ആ പഠിപ്പിച്ച വ്യക്തിയുടെ മാത്രം പ്രശ്നമാണ് എന്നത് ചുമ്മാ പറയുന്നതാണ്. സത്യത്തിൽ അതിൽ ഉള്ള നിയമം തന്നെയാണിത്. ആ നിയമം ആ അദ്ധ്യാപകൻ പഠിപ്പിച്ചു. ആർക്കും അവിടെപോയി അന്വേഷിച്ചാൽ അറിയാം. അവിടെയുള്ള അദ്ധ്യാപകർ ഒക്കെയും മലേഷ്യയിലും മറ്റും പോയി ഇസ്ലാമിക്ക് സ്റ്റഡീസിൽ അഞ്ചുവർഷം ഡോക്ടറേറ്റ് എടുത്തുവന്ന് പഠിപ്പിക്കുന്ന ആളുകൾ തന്നെയാണ്. ഇസ്ലാമിന്റെ ഒരു നിയമം തന്നെയാണ് അദ്ധ്യാപകൻ പഠിപ്പിച്ചത്.
ഈ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഉടനെ തന്നെ പരാതി നൽകും. പഠനത്തിന്റെ ഭാഗമായി ലൗ ജിഹാദ് പോലുള്ളവ വന്നിട്ടില്ല. പക്ഷേ ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് വളരെ വിവാദപരമായ ചോദ്യമാണ്. അതിന് സിമ്പിളായി ഉത്തരം പറയാൻ കഴിയില്ല. പക്ഷേ ലൗ ജിഹാദ് പഠിപ്പിക്കുന്നില്ല''- മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അസ്‌ക്കർ അലി പറഞ്ഞു.
നിരവധി ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു
നിരവധി പേർ മതപാഠശാലകളിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 'മതപഠനത്തിന് പോകുന്ന കുട്ടികൾക്ക് അവരുടെ വീട്ടുകാരും മറ്റുമായി കാര്യമായ ബന്ധമുണ്ടാവില്ല. അവർ മാസത്തിൽ രണ്ടുദിവസം മാത്രമാണ്, വീടുകളിലേക്ക് പോകുന്നത്. ഈ മതവിദ്യാഭ്യാസത്തിന്റെ മറപിടിച്ചുകൊണ്ട് അവിടെ നടക്കുന്ന സെക്ഷ്വൽ ഹറാസ്മെന്റുകൾ, അത് ഞാൻ ഉന്നയിച്ച ഒരു വലിയ ചോദ്യം ആയിരുന്നു. പക്ഷേ അതിനുള്ള ഒരു പ്രതികരണവുമല്ല പിന്നെ കണ്ടത്. അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ആൺകുട്ടികൾക്ക് ഉണ്ടാവുന്ന സെക്ഷ്വൽ ഹറാസ്മെന്റുകൾ ഒരു ഗുരുതരമായ വിഷയമായി തന്നെ നാം കാണേണ്ടതുണ്ട്.
ഞാൻ അവിടെ പഠിക്കുന്ന സമയത്ത് തന്നെ 24 കുട്ടികളെ അദ്ധ്യാപകർ ചൂഷണം ചെയ്തിട്ടുണ്ട്. അവർ കോടതിയുടെ മുന്നിലൊന്നും എത്തുന്നില്ല. പക്ഷേ പബ്ലിക്കിന്റെ ഇടയിൽ ഇത് ഇഷ്യൂ ആയിരുന്നു. അപ്പോൾ അവരെ സിമ്പിൾ ആയി ഇറക്കിവിടുകയാണ് ഉണ്ടായത്. ഇവരെയൊക്കെ സംരക്ഷിക്കേണ്ട ബാധ്യത വിശ്വാസികൾക്ക് വരികയാണ്. ആ ബാധ്യതയുടെ പേരാണ് അന്ധവിശ്വാസം അല്ലെങ്കിൽ മതം എന്ന് പറയുന്നത്. ഇത് പുറത്തറിഞ്ഞാൽ നമ്മുടെ കമ്യൂണിറ്റിക്ക് ഒരു പ്രശ്നമാണ്, എന്ന നിലക്ക് അത് അവിടെതന്നെ ഒതുക്കുകയാണ് ചെയ്യുന്നത്. പൊതുവെ വിദ്യാർത്ഥികൾ ഇത് തുറന്ന് പറയുക പോലുമില്ല. അത്തരം അനുഭവങ്ങൾ എനിക്കുമുണ്ട്. ഒത്തിരിപ്പേർക്കുമുണ്ട്. ''- അസ്‌ക്കർ വ്യക്തമാക്കി.
സർക്കാറിന്റെ മേൽ നോട്ടം വേണം
മതപാഠശാലകൾക്ക് സർക്കാറിന്റെ മേൽനോട്ടം വേണമെന്നും അസ്‌ക്കർ അലി പറഞ്ഞു. 'ഇസ്ലാം എന്നത് ഒരു ബഹുസ്വര സമൂഹത്തെ അക്കോമഡേറ്റ് ചെയ്യുന്ന ഒരു തത്വ സംഹിതയല്ല. അത് ഇപ്പോഴും നവോത്ഥാനം നടന്നിട്ടില്ലാത്ത, ആറാം നുറ്റാണ്ടിലെ, ആശയമാണ്. മറ്റുള്ളവരെ കൊല്ലാനും വെറുക്കാനുമൊക്കെയാണ് അത് പഠിപ്പിക്കുന്നത്. രണ്ടു വർഷം മുമ്പുള്ള അസ്‌ക്കറിനെ എനിക്ക് മറക്കാൻ കഴിയില്ല. എന്റെ ഉള്ളിൽ അങ്ങനെ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഞാനത് പതുക്കെ മാറ്റിയെടുത്തതാണ്. നിങ്ങൾക്ക് വേണമെങ്കിൽ, അവിടുത്തെ വിദ്യാർത്ഥികളെ കണ്ട് റാൻഡമായി വിവരങ്ങൾ എടുത്തുനോക്കണം. അപ്പോൾ നിങ്ങൾക്ക് അറിയാം അവരുടെ തലയിൽ എത്രമാത്രം മതം കുത്തിവെച്ചിട്ടുണ്ടെന്നത്.
ഒരു ജനാധിപത്യ രാജ്യത്തിന്റെ കീഴിലുള്ള കുഞ്ഞ് ഇസ്ലാമിക്ക് സ്റ്റേറ്റിലാണ് ഞാനൊക്കെ വളർന്നത്. എനിക്കുനേരെയുണ്ടായ അക്രമത്തിന് പിന്നിൽ എന്റെ കുടുംബക്കാർ ആണെന്ന് മാത്രമേ പബ്ലിക്കിന് അറിയൂ. പക്ഷേ അതിനും പിന്നിൽ ആരാണ്. സമസ്ത, സമസ്തയുടെ അഡ്വക്കേറ്റുമാർ, അവരൊക്കെയാണ്. അവർ ഇവരെ സമ്മർദത്തിൽ ആക്കുകയായിരുന്നു.
മതം പഠിച്ചിറങ്ങിയ ഒരു പൂർവ വിദ്യാർത്ഥിയെന്ന നിലയിൽ ഞാൻ പറയുന്നു. എനിക്ക് ഇത് എത്രകാലം പറയാൻ കഴിയുമെന്ന് അറിയില്ല. ഒരു മതം എന്ന നിലയിൽ ഇസ്ലാംമതം, എറ്റവും കൂടുതൽ ബാധിക്കാൻ പോകുന്ന ജനാധിപത്യ രാഷ്ട്രങ്ങളെയാണ്. നമ്മൾ ഇസ്ലാമിക്ക് സ്റ്റേറുകളെയൊക്കെ നോക്കിയാൽ അത് ഒരു രാജാവിന്റെ കീഴിൽ നിൽക്കുന്നവയാണ്. അവിടെ തീവ്ര സംഘടനകളെയൊക്കെ പെട്ടെന്ന് നിരോധിക്കാൻ കഴിയും. എന്നാൽ നമ്മുടെ ഭരണഘടന പോലെ ഒരു ലിബറൽ സ്വഭാവമുള്ള ഒരു രാജ്യത്ത് എത് വിഭാഗത്തിനും അതിന്റെ തീവ്രതയോടെ മതം ഇൻജക്റ്റ് ചെയ്യാൻ കഴിയും.
മതപാഠശാലകൾക്ക് സർക്കാറിന്റെ മേൽ നോട്ടം വേണം. എന്താണ് അവർ അവിടെ പഠിപ്പിക്കുന്നത് എന്ന് അറിയണം. മലയാള ഗ്രന്ഥങ്ങളിൽ എന്തെങ്കിലും വന്നാൽ അത് പൊതുജനം അറിയും. എന്നാൽ അറബിക്ക് ഗ്രന്ഥങ്ങളിൽ എന്തൊക്കെയാണ് പഠിപ്പിക്കുന്നത് എന്നത് പൊതു സമുഹത്തിന് അറിയില്ല. ജിസയയാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. അത് ഇപ്പോൾ പഠിപ്പിക്കേണ്ട കാര്യമില്ല. അതുപോലെ മുത്തലാഖ്. അത് രാജ്യം നിരോധിച്ചു കഴിഞ്ഞ സാധനമാണ്. അതിനുശേഷമാണ് ഞാൻ ഈ ത്വലാഖുകളെ പറ്റിയൊക്കെ പഠിക്കുന്നത്. അതിന്റെയൊക്കെ എന്ത് ആവശ്യമാണ് ഉള്ളത്. അതുപോലെ കൃത്യമായ ഒരു മോണിറ്ററിങ്ങിന്റെ അഭാവം ഇവിടെയുണ്ട്. അതിന് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ ഇടപെടലുകളും വേണം.
മതം വിട്ടവനെ കൊല്ലണം എന്ന് സമസ്തയിലെ പന്ത്രണ്ടാം ക്ലാസിൽ പഠിപ്പിക്കുന്നതാണ്. ഇപ്പോഴും ഈ ഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇസ്ലാമിൽ ഓരോ കുറ്റകൃത്യങ്ങൾക്കുമുള്ള ശിക്ഷയെക്കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗത്ത് വളരെ കൃത്യമായി, പറയുന്നു, 'ആരെങ്കിലും ഒരാൾ ഇസ്ലാമിൽ നിന്ന് വിട്ടുപോയാൽ, അവനെ ഉടനടി കൊന്നേക്കണം. അതിൽ ഒരു താമസവും പാടില്ല. അവനനോട് തൗബ ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷവും അവൻ മടങ്ങുന്നില്ല എങ്കിൽ, അവനെ ഉടനെതന്നെ കൊന്നേക്കണം''- ഇത് ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കയാണെന്ന് തന്റെ മൊബൈൽ ഫോണിൽനിന്ന് ആ പാഠഭാഗങ്ങൾ എടുത്ത കാണിച്ചുകൊണ്ട് അസ്‌ക്കർ പറഞ്ഞു. 'ഇത് മദ്രസയിലുള്ള സാധനമാണ് പറഞ്ഞത്. അപ്പോൾ ഒരു മതസ്ഥാപനത്തിൽ എന്തായിരിക്കും''- അസ്‌ക്കർ അലി ചോദിച്ചു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ