തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ ഹോളി വേഡ് ഇംഗ്ലിഷ് ജൂനിയർ സ്‌കൂളിന്റെ ഉടമയും മലയാളിയുമായ അശോക് കുമാറിനെ (55) വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി സംഭവത്തിൽ ദുരൂഹത മാറുന്നില്ല.

നേമം കുതിരവട്ടത്തിൽ സുജാസിൽ വേലായുധൻ-ശാരദ ദമ്പതികളുടെ മകനാണ് മരിച്ച അശോക് കുമാർ. കാറിൽ വരുന്ന വഴി അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം വീടിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക സൂചന. പ്രതികളെ ആരേയും പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

വീട്ടുവളപ്പിൽ കാറിനു സമീപം ബുധനാഴ്ചയാണു മൃതദേഹം കണ്ടെത്തിയത്. ഉംറ്റാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ പടം സമൂഹ മാധ്യമങ്ങളിൽ വന്നതോടെയാണ് സുഹൃത്തുക്കൾ അശോകിനെ തിരിച്ചറിഞ്ഞത്. അടുത്ത ബന്ധുക്കളാണു നാട്ടിൽ വിവരം അറിയിച്ചത്. വ്യാഴാഴ്‌ച്ച വൈകിട്ട് മൂന്നേമുക്കാൽ മണിക്ക് അടുത്തുള്ള കടയിൽ നിന്നും ഭക്ഷണം വാങ്ങി വീട്ടിലേക്ക് സ്വന്തം ടൊയോട്ടാ ഫോർച്യൂണർ കാറിൽ വരുമ്പോഴാണ് ആക്രമമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ വംശജനായ സൗത്ത് ആഫ്രിക്കൻ പൊലീസ് മേധാവി നായിഡുവിന്റെ മേൽനോട്ടത്തിൽ പൊലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്.

ഉംറ്റാറ്റയിൽ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ജോലിചെയ്തു വന്ന സിവിൽ എഞ്ചിനീയറായ അശോകൻ സ്വന്തം കൺസ്ട്രക്ഷൻ കോൺട്രാക്റ്റ് കമ്പനിയുടെയും, രണ്ടു വർഷം മുമ്പു തുടങ്ങിയ ഹോളി വേഡ് ഇംഗ്ലീഷ്മീഡിയം ജൂനിയർ സ്‌കൂളിന്റെയും ഉടമയാണ്.
ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന അശോകൻ നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കുവാനായി അടുത്തയാഴ്ച തിരിക്കാനിരിക്കെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഭാര്യ ഇന്ദ്രാണി ദേവിയും ഏക മകൾ ആഗ്രഹ ദത്തയും നേമത്തുള്ള കുതിരവട്ടത്തിൽ സുജാസിൽ അശോകന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒപ്പമാണ് താമസം.

തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തി മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കുവാനായി ഉംറ്റാറ്റ മലയാളി സമാജം പ്രവർത്തകരും ബന്ധുക്കളും ശ്രമം തുടങ്ങിയിട്ടുണ്ട്. അനുശോചനസമ്മേളനം മാർച്ച് 21 ബുധനാഴ്‌ച്ച രാവിലെ 11 മണിക്ക് ഉംറ്റാറ്റ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ്മീഡിയം സ്‌കൂളിൽ നടക്കും.

വിദേശ ഇന്ത്യക്കാർക്കെതിരെ വർദ്ധിച്ചു വരുന്ന ആസൂത്രിത ആക്രമണങ്ങളിലുള്ള ഉത്ക്കണ്ഠ മലയാളി സമാജം പ്രവർത്തകർ പൊലീസ് അധികാരികളെ അറിയിച്ചു. കഴിഞ്ഞ മേയിലാണ് അവസാനമായി നാട്ടിലെത്തിയത്. ബുധനാഴ്ച വീട്ടിൽ വിളിച്ചപ്പോൾ വീടുമാറുന്ന കാര്യം പറഞ്ഞിരുന്നു.