മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്രോശത്തിനു പിന്നാലെ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് ഇടതു സഹയാത്രികനും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. ചെന്നൈയിൽ നടന്ന പുസ്തകോൽസവത്തിനിടെ വാർത്ത നൽകാൻ ചില മാധ്യമ പ്രവർത്തകർ പണം ആവശ്യപ്പെട്ടെന്നാണ് അശോകൻ ചരുവിൽ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

പുസ്തകോത്സവത്തിലെ പ്രസംഗത്തിന് ശേഷം മാധ്യമപ്രവർത്തകർ റൂമിലെത്തിയപ്പോൾ ആദ്യം അഭിമാനമാണ് തോന്നിയതെന്ന് ചരുവിൽ പറഞ്ഞു. തമിഴ് എഴുത്തുകാരൻ പ്രപഞ്ചൻ തന്നെ പ്രകീർത്തിച്ച് പ്രസംഗിച്ചെന്നും അത് വാർത്തായാക്കാൻ പണം ആവശ്യപ്പെട്ടെന്നുമാണ് അശോകൻ ചരുവിൽ പറയന്നത്. ഇതോടെ താൻ മാധ്യമപ്രവർത്തരോട് 'കടക്ക് പുറത്ത്' എന്ന് അലറിയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം പിണറായിയെ ന്യായീകരിക്കാനായി മാധ്യമ പ്രവർത്തകരുടെയോ മാധ്യമങ്ങളുടെയോ പേര് പറയാതെ ഒരു വിഭാഗത്തെ ഒന്നാകെ അധിക്ഷേപിക്കുന്നതാണ് ചരുവിലിന്റെ പോസ്‌റ്റെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. എന്നാൽ തന്നെ സമീപിച്ചവർ തമിഴാണ് സംസാരിച്ചതെന്നാണ് ചരുവിൽ നൽകുന്ന മറുപടി.

എന്നാൽ സമൂഹമാധ്യമങ്ങളിൽ പിണറായി വിജയന്റെ നിലപാടുകളെ ന്യായീകരിക്കുന്നവരിൽ മുൻപന്തിയിലുള്ള അശോകൻ ചരുവിൽ ഈ പോസ്റ്റിലൂടെയും പിണറായി ഭക്തി തെളിയിക്കുകയാണെന്നും ചിലർ വിമർശിച്ചിട്ടുണ്ട്.

 ഫേസ്‌ബുക്ക് പോസ്റ്റ്:

രസകരമായ ഒരനുഭവം. ഒട്ടും ഭാവന കലർത്താതെ എഴുതാം. ചെന്നൈ ബുക്ക് ഫെയറിന്റെ സമാപനച്ചടങ്ങിൽ സംബന്ധിക്കാൻ ഇന്നലെ മഹാനഗരത്തിൽ ചെന്നിറങ്ങി. പുറത്ത് നല്ല ചൂടാണ്. പകൽ മുഴുവൻ എഗ്മൂറിലെ ഹോട്ടൽ മുറിയിലിരുന്ന് വായിച്ചും എഫ്.ബി.യിൽ നോക്കിയും സമയം ചിലവഴിച്ചു. നമ്മുടെ മുഖ്യമന്ത്രി മസ്‌ക്കോട്ടിലെ മുറിയിൽ നിന്ന് പത്രക്യാമറക്കാരോട് 'കടക്ക് പുറത്ത്' എന്നു പറഞ്ഞതായിരുന്നു ഇന്നലത്തെ ചിന്താവിഷയം.

വൈകീട്ട് അഞ്ചു മണിക്ക് ബുക്ക് ഫെയർ നടക്കുന്ന റായൽപേട്ടയിലെ വൈ.എം.സി.എ. ഗ്രൗണ്ടിൽ ചെന്നു. നുറുകണക്കിന് സ്റ്റാളുകളുള്ള മികച്ച സാംസ്‌കാരികോത്സവം. തമിഴ് സാഹിത്യവും പുസ്തക പ്രസാധനവും ആശാവഹമായ ഒരു വഴിത്തിരിവിലാണെന്നു ബോധ്യപ്പെടും. 'ഭാരതി പുത്തകാലയം' എന്ന പ്രസാധകരാണ് ഏറെ മുന്നിൽ.

പൊതുപരിപാടി തുടങ്ങി. നിറഞ്ഞ സദസ്. ധാരാളം എഴുത്തുകാരെ വേദിയിൽ ആദരിച്ചു. നോവലിസ്റ്റ് പ്രപഞ്ചൻ ആയിരുന്നു മുഖ്യ അതിഥി. അദ്ദേഹം എന്റെ കഥകളെകുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. തമിഴിലേക്ക് വിവർത്തനം ചെയ്ത എന്റെ കഥാസമാഹാരം 'ഇരണ്ടു പുത്തകങ്കൾ' അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. മലയാളവും തമിഴും കൂട്ടിക്കലർത്തി ഞാനും കുറച്ചു സമയം സംസാരിച്ചു. അഥവാ പ്രസംഗിച്ചു.

ഓ, ഇയാളുടെ വീര ശൂര പരാക്രമങ്ങൾ! എന്നു കണക്കാക്കി വായന അവസാനിപ്പിക്കരുതേ. രസം വരുന്നേയുള്ളു. വേദിയിൽ നിന്നിറങ്ങി ഗസ്റ്റ് റൂമിൽ ഇരിക്കുമ്പോൾ നാലഞ്ചു പേർ എന്റെ അടുത്തുവന്നു. പത്രക്കാരാണെന്ന് പരിചയപ്പെടുത്തി. എനിക്ക് അഭിമാനം തോന്നി. നമ്മൾ പ്രസംഗിച്ചതിനു ശേഷം പത്രക്കാർ വന്നു പരിചയപ്പെടുക എന്നു വച്ചാൽ മോശമല്ലാത്ത സംഭവമാണല്ലോ. എന്റെ പ്രസംഗം നന്നായി എന്ന് അവർ പറഞ്ഞു. പ്രപഞ്ചൻ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വാർത്തയാക്കുമെന്ന് സൂചിപ്പിച്ചു. ഞാൻ നന്ദി പറഞ്ഞു തൊഴുതു.

എന്നിട്ടും പോകാതെ അവർ തമ്പിട്ടു നിന്നു. എന്നോട് വിശേഷിച്ച് ഒരു കാര്യം സംസാരിക്കാനുണ്ടത്രെ. ഞാൻ അപകടം മണത്തു. കേരള മുഖ്യമന്ത്രിയുടെ 'കടക്ക് പുറത്ത്' ആയിരിക്കുമോ വിഷയം? എന്റെ ഉള്ളിലെ രാഷ്ട്രീയക്കാരൻ ഉണർന്നു. എന്തായിരിക്കണം മറുപടി പറയേണ്ടത്?

പക്ഷേ അവർ ഉന്നയിച്ചത് വേറൊരു വിഷയമാണ്. വാർത്ത നന്നായി കൊടുക്കുന്നതിന്റെ പ്രതിഫലമായി അവർക്ക് ഞാൻ കുറച്ച് പണം കൊടുക്കണം. ഇങ്ങനെ ഒരു ഏർപ്പാട് കേട്ടറിവു പോലും ഇല്ലാത്തതു കൊണ്ട് ഞാൻ തെല്ല് അമ്പരന്നു. വല്ലാത്ത അപമാനമാണ് തോന്നിയത്. നിങ്ങളുടെ പബ്ലിസിറ്റി എനിക്ക് ആവശ്യമില്ല എന്ന് ഞാൻ പറഞ്ഞു.

പക്ഷേ അവരിൽ ഒരാൾ മുന്നോട്ടുവന്ന് തൊഴുതിട്ടു പറഞ്ഞു.'എന്തെങ്കിലും തരണം സർ. യാത്രാക്കൂലി ആയിട്ടെങ്കിലും. 'പണ്ട് രജിസ്ട്രാപ്പീസിൽ ഇരിക്കുന്ന കാലത്ത് ചില കക്ഷികൾ ആളറിയാതെ വന്ന് എന്റെ മേശപ്പുറത്ത് കൈക്കൂലിപ്പണം വെക്കാറുണ്ട്. അപ്പോൾ എനിക്ക് കാൽ മുതൽ ശിരസ്സു വരെ ഒരു വിറയൽ വരും. വർഷങ്ങൾക്കു ശേഷം ആ വിറയൽ ഇപ്പോൾ വീണ്ടും വന്നു. ഞാൻ അലറി: 'കടക്ക് പുറത്ത്.'