'കോട്ടയം മെഡിക്കൽകോളേജിനടുത്തു കഴിഞ്ഞ പത്തു വർഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ നിരാലംബരായ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സ്വാന്തനമായി ഉച്ചഭക്ഷണവും അത്യാവശ്യം താമസ സൗകര്യവും ഒരുക്കിക്കൊടുക്കുന്ന ആശ്രയ എന്ന സന്നദ്ധ സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങളും സേവന സന്നദ്ധതയും അഭിനന്ദനീയമാണ് ' ആതുരശുശ്രൂഷയിലൂടെ ദൈവസ്‌നേഹാനുഭവം പങ്കു വെയ്ക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികവും, ഒരു മുസ്ലിം യുവതിക്ക് വൃക്ക ദാനം നൽകിയ ഫാദർ ഷിബു കുറ്റിപറിച്ചേലിനെയും, ആശ്രയായുടെ സന്നദ്ധ പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് കോട്ടയം നഗരസഭാധ്യക്ഷ ഡോ. സോനാ പി .ആർ പ്രസ്ഥാവിച്ചതാണിത്.

രാവിലെ പതിനൊന്നു മണിക്ക് ചേർന്ന അനുമോദനയോഗത്തിൽ യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസ്സനാധിപനും ആശ്രയാ ട്രസ്റ്റിന്റെ പ്രസിടന്റുമായ തോമസ് മാർ തിമോത്തിയോസ് തിരുമേനി യുടെ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് മങ്ങാട്ട് തന്റെ സ്വാഗതപ്രസംഗത്തിൽ കഴിഞ്ഞ പത്തു വർഷങ്ങളിൽ നിർലോഭമായി സഹകരിച്ച സന്നദ്ധ പ്രവർത്തകരെ അനുമോദിക്കുകയുണ്ടായി. തുടർന്ന് കോട്ടയം മെഡിക്കൽകോളേജ് സൂപ്രണ്ട് ഡോ.റ്റീ. ആർ. ജയകുമാർ , ബാംഗ്ലൂർ മിഷൻ സെന്റർ അട്മിനിസ്‌ട്രെട്ടർ റവ. ഫാ. എം. യു.പൗലോസ് , എൽ.ഐ.സീ.സീനിയർ ഡിവിഷണൽ മാനേജർ ശ്രി.ഉതുപ്പ് ജോസെഫ് , കൗൺസിലർ പി .പി.ചന്ദ്രകുമാർ , റവ.ഫാ.ഷെറി ഐസക്ക്, റവ.ഫാ. ജേക്കബ് ഷെറി റവ.ഫാ.വിപിൻ വെള്ളാപ്പള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിന്നീട് ഫാ. ഷിബു കുറ്റിപറിച്ചേൽ മറുപടി പ്രസംഗത്തിൽ സമൂഹത്തോടുള്ള നമ്മുടെ സ്‌നേഹത്തെയും പ്രതിബദ്ധതയേയും അനുസ്മരിപ്പിച്ചു. റവ.സിസ്ടർ ശ്ലോമ്മോ യുടെ കൃതജ്ഞതാ പ്രകടനത്തിനു ശേഷം സ്‌നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.