ന്യൂഡൽഹി: അസമിന്റെ മനസ്സ് അനുകൂലമാക്കാൻ ഇസ്ലാം മതപണ്ഡിതരെ പ്രചരണത്തിന് ഇറക്കാൻ ബിജെപി തീരുമാനം. ജമാഅത്തെ ഉലമ ഇ ഹിന്ദ് നേതാക്കളാകും ബിജെപിക്കായി അസമിൽ പ്രചരണത്തിനെത്തുക. 2000 മൗലാനമാർ അസമിൽ ബിജെപിക്കായി വോട്ട് ചോദിച്ചെത്തും.

അസമിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്താകും ഇസ്ലാം മതപണ്ഡിതരുടെ പ്രചരണം. ഉത്തർപ്രദേശിലെ സംഘടനയുടെ പ്രതിനിധികളാകും പ്രചരണത്തിന് ഇറങ്ങുക. മുസ്ലീങ്ങളെ വോട്ട് ബാങ്കായി കോൺഗ്രസ് നന്നായി ഉപയോഗിച്ചു. എന്നാൽ മതവിഭാഗത്തിനായി ഒന്നും ചെയ്തുമില്ല. ഈ സാഹചര്യത്തിലാണ് ബിജെപിക്കായി വോട്ട് ചോദിക്കുന്നതെന്നെന്ന് ജമാഅത്തെ ഉലമ ഇ ഹിന്ദ് നേതാവായ മൗലാനാ ഷൊഹൈബ് ഖാസ്മി അറിയിച്ചു.

സമാധാനവും വികസനവും യാഥാർത്ഥ്യമാക്കാൻ ബിജെപി ഏതെറ്റം വരെ പോകുമെന്നും തെളിയിച്ചിട്ടുണ്ട്. കാശ്മീരിൽ പിഡിപിയെ അധികാരത്തിൽ പിന്തണയ്ക്കുന്നത് ഇതിന് തെളിവാണ്. ഈ സാഹചര്യത്തിലാണ് അസമിലെ പ്രചരണമെന്നും ഖാസ്മി വിശദീകരിച്ചു.