- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമിലെ പൊലീസ് വെടിവെപ്പിൽ ജൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; ഇടപെടൽ വെടിയേറ്റു മരിച്ചയാളെ ഫൊട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യം പ്രചരിച്ചതോടെ; ബിജയ് ശങ്കർ ബനിയയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഗുവാഹത്തി: അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിനിടെ രണ്ടു പേർ വെടിയേറ്റു മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് ഉത്തരവിൽ പറയുന്നു.പൊലീസിനു വേണ്ടി ഫോട്ടോ എടുക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ഫൊട്ടോഗ്രഫർ ബിജയ് ശങ്കർ ബനിയ, നെഞ്ചിൽ വെടിയേറ്റു മരിച്ചുകിടക്കുന്നയാളെ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ വ്യപകമായി പ്രചരിച്ചിരുന്നു.
ഇത് വിവാദമായതിനെ തുടർന്ന് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇതിന്റെ അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റിനെ ഏൽപ്പിക്കുമെന്ന് അസം ഡിജിപി അറിയിച്ചു.പിന്നാലെയാണ് സംഭവത്തിൽ കോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.വെടിവെപ്പിൽ സദ്ദാം ഹുസൈൻ, ഷെയ്ഖ് ഫരീദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ 8 പൊലീസുകാരടക്കം 20 പേർക്കു പരുക്കേറ്റിരുന്നു.
ദരാങിലെ സിപാജറിൽ 800 കുടുംബങ്ങൾ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധമാണ് വെടിവയ്പിൽ കലാശിച്ചത്.കല്ലേറ് നടത്തിയ ഒരു വ്യക്തിക്ക് നേരെ പൊലീസ് സംഘം വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അയാൾ വെടിയേറ്റ് നിലത്തു വീഴുന്നതും വ്യക്തമായി കാണാവുന്നതാണ്. ഇയാൾ നിലത്തു വീണാപാടെ പാഞ്ഞടുത്ത പൊലീസുകാർ, വെടിയേറ്റു ഗുരുതരമായ പരിക്കേറ്റു കിടക്കുന്ന അവസ്ഥയിലും ഇയാളെ അതി ക്രൂരമായി ലാത്തി കൊണ്ട് മർദിക്കുന്നു. എന്നാൽ, പൊലീസിനേക്കാൾ ആവേശത്തോടും കോപത്തോടെയും ഈ വ്യക്തിയെ മർദ്ദിക്കാൻ മുന്നിൽ നിൽക്കുന്നത് പൊലീസ് സംഘത്തെ ഈ യാത്രയിൽ അനുഗമിച്ച ഒരു ക്യാമറാമാൻ ആണ്.
ബിജോയ് ബോനിയ എന്നയാളാണ് ഈ പ്രവൃത്തി ചെയ്തത്. ഇയാൾ പാഞ്ഞു വന്ന് നിലത്തു വീണുകിടക്കുന്ന വ്യക്തിയുടെ നെഞ്ചിൽ ചവിട്ടുന്നതും, അയാളെ വീണ്ടും വീണ്ടും ആഞ്ഞു മർദ്ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ആദ്യം മർദ്ദിച്ച പൊലീസുകാർ പോലും വന്ന് ഇയാളെ പിടിച്ചു മാറ്റുന്നതും കാണാവുന്നതാണ്. ദരാങ് ജില്ലയിൽ ഇതുവരെ 602.40 ഹെക്ടർ ഭൂമിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
ദറംഗ് ജില്ലയിലെ ഒരു സ്വകാര്യ ക്യാമറാമാൻ ആയ ബിജോയ് ശങ്കർ ബനിയക്ക് ഒരു മാധ്യമ സ്ഥാപനവുമായും ബന്ധമില്ല എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് സമയം തൊട്ടു തന്നെ ജില്ലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഇയാൾക്ക് ജില്ലാ ഭരണകൂടവുമായി അടുത്ത ബന്ധമാണുള്ളത് എന്നും, സർക്കാരിന്റെ സകല പരിപാടികളുടെയും ഇവന്റ് ഫോട്ടോഗ്രാഫിയുടെ ചുമതല ഇയാൾക്കാണ് നൽകിയിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ 23 നു ജില്ലാ ഭരണകൂടം പൊലീസ് സന്നാഹങ്ങളോടെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ വേണ്ടി പോയപ്പോൾ, നടപടിക്രമങ്ങൾ മുഴുവൻ വീഡിയോഗ്രാഫ് ചെയ്യാൻ വേണ്ടിയാണ് ബനിയയെ കൂടെ കൂട്ടുന്നത്. നടപടികൾ പുരോഗമിക്കുന്നതിനിടെ അക്രമങ്ങളുണ്ടാവുകയും, അതിൽ ബനിയ പങ്കു ചേരുകയുമാണുണ്ടായത്.പൊലീസിനൊപ്പം, പൊലീസിനേക്കാൾ വലിയ അക്രമങ്ങൾ ഗ്രാമീണരോട് കാണിക്കുകയും അതിന്റെ വീഡിയോ വൈറലാവുകയും ചെയ്ത ശേഷം ഒടുവിൽ, പൊലീസ് രാത്രിയോടെ ബനിയയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്ന് ആസാം ലോ ആൻഡ് ഓർഡർ ഡിജിപി ജിപി സിങ് ഇന്നലെ രാത്രി ട്വിറ്റർ വഴി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ