- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തങ്ങൾ അധികാരത്തിലെത്തിയാൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി; തോട്ടം തൊഴിലാളികൾക്ക് വേതനത്തിലും വൻ വർധനവ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ്; അസം ജനതയുടെ മനസ്സറിഞ്ഞ് കരുക്കൾ നീക്കി കോൺഗ്രസ്
ഗുവാഹത്തി: അസമിൽ പൗരത്വ പ്രശ്നവും തോട്ടം തൊഴിലാളികളുടെ വേതനവും തെരഞ്ഞെടുപ്പ് വിഷയമാക്കി രാഹുൽ ഗാന്ധി. തങ്ങൽ അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തേയില തൊഴിലാഴികൾക്ക് വേതനം കൂട്ടുമെന്നും ഉറപ്പ് നൽകി. അസം ജനതയുടെ കാതലായ പ്രശ്നങ്ങളെ അഡ്രസ് ചെയ്തായിരുന്നു രാഹുൽ ഗാന്ധി അസമിലെ ശിവസാഗറിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ സംസാരിച്ചത്.
സി.എ.എ വിരുദ്ധ മുദ്രാവാക്യം എഴുതിയ ഷാൾ ധരിച്ചാണ് രാഹുലും മറ്റ് കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തത്. 'ഞങ്ങൾ ധരിച്ച ഷാളിൽ സി.എ.എ എന്ന് എഴുതിയത് തടഞ്ഞിട്ടുണ്ട്. അതിനർഥം, സാഹചര്യം എന്ത് തന്നെയായാലും സി.എ.എ നടപ്പാക്കില്ല എന്ന് തന്നെയാണ്. 'നാം രണ്ട് നമുക്ക് രണ്ട്' ശ്രദ്ധിച്ച് കേട്ടോളൂ, സി.എ.എ ഇവിടെ നടപ്പാക്കില്ല. ഒരിക്കലും നടപ്പാക്കില്ല.'' -രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ 'മോദി -അമിത് ഷാ, അംബാനി -അദാനി' ബന്ധത്തെകുറിച്ച് രാഹുൽ തൊടുത്തുവിട്ട 'നാം രണ്ട്, നമുക്ക് രണ്ട്' ('ഹം ദോ ഹമാരേ ദോ') പരാമർശമാണ് അസമിലും അദ്ദേഹം ആവർത്തിച്ചത്.
അസം കരാറിലെ തത്വങ്ങൾ കോൺഗ്രസ് സംരക്ഷിക്കുമെന്നും അതിൽനിന്ന് ഒരിഞ്ച് വ്യതിചലിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "ബിജെപിയും ആർ.എസ്.എസും അസമിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഇത് ബാധിക്കില്ലായിരിക്കും. പക്ഷേ, അസമിനെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. അസമിലെ ജനങ്ങളെ കോൺഗ്രസ് ഒന്നിപ്പിച്ചു. പണ്ട് പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നവർ അക്രമം കാരണം നാട്ടിലേക്ക് മടങ്ങുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമായിരുന്നു" അദ്ദേഹം പറഞ്ഞു.
അസമിലെ തേയില തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും മികച്ച വേതനം ഉറപ്പുവരുത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 167 രൂപയിൽ നിന്ന് 365 രൂപയായി വേതനം ഉയർത്തുമെന്നാണ് തൊഴിലാളികൾക്ക് അദ്ദേഹം നൽകിയ ഉറപ്പ്. " 167 രൂപ ഉപയോഗിച്ച് നിങ്ങൾക്ക് എന്ത് വാങ്ങിക്കാൻ പറ്റും ? നിങ്ങളുടെ വേതനം 365 രൂപയായി ഉയർത്തുമെന്ന് തേയിലത്തൊഴിലാളികളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, " രാഹുൽ ഗാന്ധി പറഞ്ഞു. വേതനം കൂട്ടണമെന്നത് തേയില കർഷകരുടെ ദീർഘകാലത്തെ ആവശ്യമാണ്.ചടങ്ങിൽ പുൽവാമ രക്തസാക്ഷികളുടെ സ്മരണയ്ക്കായി ആദരാഞ്ജലി അർപ്പിക്കുകയും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ