തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ തട്ടി നിയമ സഭ മൂന്നാം ദിവസവും ഉടക്കി പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ചേരുന്നത് സ്പീക്കർ ഇന്നത്തേക്ക് നിർത്തിവയ്ക്കുക ആയിരുന്നു. ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയത്തിൽ അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് സഭ കലുഷിതമായത്. ഇതോടെ നിയമസഭ ചേർന്ന് 15 മിനറ്റുകൾക്കകം സഭാ നടപികൾ അവസാനിച്ചു.

ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്നും അതല്ലങ്കിൽ ചോദ്യോത്തരവേളയ്ക്ക് ശേഷം ആദ്യം പരിഗണിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം നിരസിച്ചു. ഒന്നിലധികം തവണ ചോദ്യോത്തര വേള നിർത്തിവയ്ക്കാനാവില്ലെന്നും ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കർ പറഞ്ഞതോടെയാണ് പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങിയത്. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. ബഹളം വീണ്ടും തുടർന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിയാൻ സ്പീക്കർ തീരുമാനിച്ചത്.

പ്രതിപക്ഷം ബഹളം തുടർന്നതോടെ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി. ഇത് മൂന്നാം ദിവസമാണ് ശബരിമലവിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷം നിയമസഭാ നടപടികൾ നടസപ്പെടുത്തുന്നത്. എന്നാൽ അടിയന്തര പ്രമേയ നോട്ടീസിൽ പുതുതായി ഒന്നുമില്ലെന്ന് പറഞ്ഞാണ് സ്പീക്കർ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. പ്രതിപക്ഷം മാന്യതയുടെയും മര്യാദയുടേയും പരിധി ലംഘിക്കുന്നതായി സ്പീക്കർ ആരോപിച്ചു. ശബരിമല വിഷയത്തിൽ വിശദമായ ചർച്ച നടന്നു എന്നാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ആവശ്യം തള്ളിക്കൊണ്ട് സ്പീക്കർ പറഞ്ഞത്. അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ പറ്റില്ലെന്ന് സ്പീക്കർ പറഞ്ഞെങ്കിലും ആദ്യ സബ്മിഷനായി ഈ വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ ഇത് സമ്മതിച്ചു കൊടുക്കാൻ പ്രതിപക്ഷവും തയ്യാറായില്ല. ഇതോടെ ശബരിമല വിഷയം ഒന്നയിച്ച് നിയമ സഭിൽ മൂന്നാം ദിവസവും പ്രതിപക്ഷ പ്രതിഷേധം.

പ്രതിപക്ഷ നേതാവ് ശബരിമല വിഷയം ഉന്നയിച്ചപ്പോൾ എട്ട് മണിക്കൂർ സമയം ശബരിമലയ്ക്കായി വിനിയോഗിച്ചതാണെന്നും ഇനിയും സമയം അനുവദിക്കാൻ കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രം കൂലിചോദിച്ചതടക്കം അടിയന്തര പ്രധാന്യമുള്ള കാര്യങ്ങൾ ചർച്ചചെയ്യാനുണ്ടെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. എന്നാൽ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനടുത്തേക്ക് പ്രതിഷേധവുമായി നീങ്ങി. ബഹളം തുടർന്നതോടെ സ്പീക്കർ ചോദ്യത്തര വേള റദ്ദാക്കി സഭ പിരിച്ചുവിടുകയായിരുന്നു. അതസമയം ശബരിമലയിലെ നിരോധനാജ്ഞ പിൻവലിച്ചാൽ നിയമസഭാ നടപടികളോട് സഹകരിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്

കഴിഞ്ഞ ദിവസം സഭ പിരിഞ്ഞ ശേഷം മന്ത്രിമാർ നടത്തിയ പരാമർശങ്ങളിൽ പ്രതിപക്ഷം പരാതിപ്പെട്ടെങ്കിലും സഭയ്ക്ക് പുറത്തെ കാര്യങ്ങളിൽ ഇടപെടാൻ ആകില്ലെന്നായിരുന്നു സ്പീക്കറുടെ നടപടി. സഭയ്ക്ക് പുറത്ത് ഭരണ, പ്രതിപക്ഷങ്ങൾ നടത്തുന്ന രാഷ്ട്രീയ ആരോപണങ്ങളിൽ നിയമസഭയ്ക്ക് ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്പീക്കർ മുൻവിധികളോടെ പെരുമാറുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിച്ചാൽ നിയമസഭാ നടപടികളുമായി സഹകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.

സർക്കാറിന് സർക്കാറിന്റെ നിലപാടുകൾ സഭയ്ക്ക് പുറത്ത് പറയേണ്ടതുണ്ടെന്നും അത് തടസ്സപ്പെടുത്താൻ സഭയ്ക്ക് കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു. നിങ്ങൾ കുട്ടികളേ പോലെ പെരുമാറരുതെന്നും ഗൗരവമേറിയ പലകാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നും സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ഇതേ തുടർന്ന് ചർച്ച തടസപ്പെടുകയും സ്പീക്കർ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിക്കുകയുമായിരുന്നു.