തിരുവനന്തപുരം: അഞ്ചു ദിവസത്തെ വഴക്കും വക്കാണത്തിനും ഒടുവിൽ ആറാം ദിവസം രമ്യതയിലെത്തി ഭരണപക്ഷവും പ്രതിപക്ഷവും. പ്രളയാനന്തര കേരളത്തിന്റെ നിർമ്മാണത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാണ് ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. വി.ഡി സതീശനാണ് പ്രതിപക്ഷത്ത് നിന്നും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. തുടർന്ന് പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നാട്ടീസിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദുരിതബാധിതർക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. മഹാപ്രളയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി ഈ ആവശ്യം അംഗീകരിക്കുക ആയിരുന്നു. ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ മൂന്ന് മണി വരെയാണ് ചർച്ച. പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

പ്രളയത്തിനു ശേഷം പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന് വീഴ്ചകളുണ്ടായതായി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് പ്രമേയമെന്ന് അടിയന്തര പ്രമേയത്തിന്റെ വിശദീകരണ കുറിപ്പിൽ വിഡി സതീശൻ വ്യക്തമാക്കുന്നു. 'പ്രളയത്തെ നേരിട്ടത് നമ്മൾ എല്ലാവരും ഒന്നിച്ചാണ്. തുടർ പ്രവർത്തനങ്ങളും അങ്ങനെയാണ്. അതിനാണ് പ്രത്യേകമായി ഒരു തവണ നമ്മൾ പ്രത്യേകമായി സഭാസമ്മേളനം ചേർന്നത്. ഒരിക്കൽ കൂടി ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നത് നല്ലതാണ്. അടിയന്തരപ്രമേയം ചർച്ച ചെയ്യാം'- മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ നിരവധി തവണ വിശദീകരണം നൽകിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം ചർച്ചചെയ്യാനാണ് സർക്കാരിന് താത്പര്യം. സർക്കാർ ഇതുവരെ ചെയ്തകാര്യങ്ങൾ സഭയിൽ വിശദീകരിക്കാൻ അത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഒരുമിച്ചാണ് നേരിട്ടതെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലെന്നും ചർച്ച ആകാമെന്നും സ്പീക്കറും വ്യക്തമാക്കി.

അതേസമയം, ശബരിമല പ്രശ്‌നത്തിൽ യുഡിഎഫിന്റെ മൂന്ന് യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തിൽ തുടരുന്ന സാഹചര്യത്തിൽ പ്രശ്‌ന പരിഹാരത്തിന് സ്പീക്കർ ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചർച്ച നടത്താൻ തയ്യാറെന്ന് സ്പീക്കറും അറിയിച്ചു.

ഈ സർക്കാരിന്റെ കാലത്ത് ഇത് രണ്ടാമത്തെ അടിയന്തര പ്രമേയത്തിനാണ് അവതരണാനമതി ലഭിച്ചിരിക്കുന്നത്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുൻപ് അടിയന്തര പ്രമേയം അവതരിപ്പിക്കപ്പെട്ടത്. സഭാ ചരിത്രത്തിൽ ഇതിനു മുൻപ് 24 അടിയന്തര പ്രമേയങ്ങളാണ് ചർച്ച ചെയ്തിട്ടുള്ളത്.