കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവുമധികം തുക ചെലവഴിച്ചത് മഞ്ചേശ്വരത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. 23,75,445 രൂപ ചെലവഴിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന് സുരേന്ദ്രൻ സമർപ്പിച്ച അന്തിമ കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉദുമയിൽ തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിന്റെ സി.എച്ച്.കുഞ്ഞമ്പുവാണ് ചെലവിൽ രണ്ടാം സ്ഥാനത്ത് 22,51,984.98 രൂപ.

തൃക്കരിപ്പൂരിലെ എം.രാജഗോപാലൻ 21,63,514 രൂപ ചെലവഴിച്ച് മൂന്നാം സ്ഥാനത്തുണ്ട്. കാസർകോടുനിന്നുള്ള എൻ.എ. നെല്ലിക്കുന്ന് 19,52,617 രൂപയും മഞ്ചേശ്വരത്തെ എ.കെ.എം.അഷ്‌റഫ് 18,85,750 രൂപയും ചെലവഴിച്ചെന്നാണ് കണക്ക്. തൃക്കരിപ്പൂരിൽ യു.ഡി.എഫിന്റെ എംപി.ജോസഫ് 20,74,738 രൂപയും കാസർകോട് എൻ.ഡി.എ.യുടെ കെ.ശ്രീകാന്ത് 18,34,128 രൂപയും ചെലവഴിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 30.8 ലക്ഷം രൂപയാണ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ ചെലവഴിക്കാവുന്ന പരമാവധി തുക.

പാർട്ടി ഫണ്ടായി 15 ലക്ഷം രൂപയും സ്വന്തം നിലയിൽ 10,500 രൂപയും തിരഞ്ഞെടുപ്പിന് വിനിയോഗിച്ചിട്ടുണ്ടെങ്കിലും സുരേന്ദ്രൻ ഒരുരൂപ പോലും സംഭാവനയായി സ്വീകരിച്ചിട്ടില്ലെന്ന് കണക്ക് പറയുന്നു. അതേസമയം, മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന വി.വി.രമേശൻ സ്വന്തം ഫണ്ടും പാർട്ടി ഇല്ലാതെ 10,07,349 രൂപ സംഭാവനയിലൂടെ സമാഹരിച്ചാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്. 10,71,891 രൂപ ചെലവായതായാണ് കണക്ക്. സ്വന്തംനിലയിൽ 21,000 രൂപയും പാർട്ടി നൽകിയ പത്തുലക്ഷം രൂപയും സംഭാവനയായി കിട്ടിയ 8,50,613 രൂപയും കൊണ്ടാണ് എ.കെ.എം.അഷ്‌റഫ് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്.

കാസർകോട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ശ്രീകാന്തും ഒരുരൂപ പോലും സംഭാവന സ്വീകരിച്ചിട്ടില്ല. പാർട്ടി നൽകിയ 15,00,000 രൂപയും സ്വന്തം നിലയിലെടുത്ത 15,000 രൂപയും കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മത്സരം. എന്നാൽ, ഐ.എൻ.എൽ. സ്ഥാനാർത്ഥി പി.എ.ലത്തീഫ് സ്വന്തംനിലയിൽ ആറ് ലക്ഷം രൂപ മുടക്കിയാണ് മത്സരത്തിനിറങ്ങിയത്. സംഭാവനയായി 20,000 രൂപ സ്വീകരിച്ചിട്ടുണ്ടെങ്കിലും പാർട്ടി പത്തുപൈസ നൽകിയില്ലെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

സംഭാവനയായി ലഭിച്ച 16,63,822 രൂപയും പാർട്ടി നൽകിയ 4,65,600 രൂപയും സ്വന്തമായി എടുത്ത പതിനായിരം രൂപയും കൊണ്ടാണ് സി.എച്ച്.കുഞ്ഞമ്പു ഉദുമയിൽ ജനവിധി തേടിയിറങ്ങിയത്. 17,62,977 രൂപ ചെലവഴിച്ചായിരുന്നു യു.ഡി.എഫിന്റെ ബാലകൃഷ്ണൻ പെരിയയുടെ അങ്കം. സ്വന്തംനിലയിൽ 10,25,000 രൂപയും പാർട്ടി നൽകിയ 18,50,000 രൂപയും സംഭാവനയായി ലഭിച്ച 8,92,194 രൂപയും കൊണ്ടായിരുന്നു മത്സരം. എ.വേലായുധൻ 10,40,866 രൂപ ചെലവഴിച്ചു. പാർട്ടി പത്ത് ലക്ഷം രൂപയാണ് അദ്ദേഹത്തിന് നൽകിയത്. സ്വന്തം നിലയിൽ 25,000 രൂപയും അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ പത്ത് ലക്ഷത്തിൽ താഴേയാണ് മൂന്ന് പ്രധാന സ്ഥാനാർത്ഥികളും ചെലവഴിച്ച തുക. ഇ.ചന്ദ്രശേഖരന്റെ ചെലവ് 9,28,405 രൂപയാണ്. സംഭാവനയായി 4,60,098 രൂപ സ്വീകരിച്ചിട്ടുണ്ടെങ്കിലും പാർട്ടി ഫണ്ടില്ലാതെയായിരുന്നു മത്സരം. സ്വന്തംനിലയിൽ 5000 രൂപയും അദ്ദേഹം ചെലവിട്ടിട്ടുണ്ട്. പാർട്ടി നൽകിയ 8.5 ലക്ഷം രൂപയും സംഭാവനയായി ലഭിച്ച 3,08,753.68 രൂപയും കൊണ്ടാണ് പി.വി.സുരേഷ് മത്സരിച്ചത്. സ്വന്തംനിലയിൽ 16,000 രൂപ ചെലവഴിച്ചതായും അദ്ദേഹം വെളിപ്പെടുത്തുന്നു.എൻ.ഡി.എ. സ്ഥാനാർത്ഥി എം.ബൽരാജ് ഒരു രൂപ പോലും സംഭാവനയായി സ്വീകരിച്ചിട്ടില്ല. പാർട്ടി നൽകിയ ഏഴ് ലക്ഷം രൂപയും സ്വന്തമായി എടുത്ത 15,000 രൂപയും ചേർത്ത് 7,15,317 രൂപയാണ് ബൽരാജിന്റെ ചെലവ്.

പാർട്ടി നൽകിയ 9,31,000 രൂപയും സംഭാവനയായി ലഭിച്ച 6,65,875 രൂപയും ഇറക്കിയായിരുന്നു തൃക്കരിപ്പൂരിൽ രാജഗോപാലിന്റെ രണ്ടാമങ്കം. സ്വന്തംനിലയിൽ ഒരു രൂപ പോലും അദ്ദേഹം ചെലവഴിച്ചിട്ടില്ല. സ്വന്തം നിലയിലിറക്കിയ 10,22,970 രൂപയും പാർട്ടി നൽകിയ പത്ത് ലക്ഷം രൂപയും സംഭാവനയായി ലഭിച്ച 16 രൂപയും കൊണ്ടാണ് എംപി.ജോസഫ് വടക്കൻ കളത്തിൽ കന്നിയങ്കത്തിനിറങ്ങിയത്. പാർട്ടി ഫണ്ടായ 6,35,500 രൂപയും സംഭാവനയായുള്ള 97 രൂപയും കൊണ്ടാണ് ടി.വി.ഷിബിൻ മത്സരിച്ചത്.