- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നി അങ്കത്തിന് യുഡിഎഫിന്റെ ഡി.കുമാറും എൽഡിഎഫിന്റെ എ.രാജയും; ധനലക്ഷ്മി മാരിമുത്തു എൻഡിഎ സ്ഥാനാർത്ഥി; ദേവികുളത്ത് ഇത്തവണ കടുത്ത പോരാട്ടം
ദേവികുളം: ജാതി രാഷ്ട്രീയത്തിന്റെ വേരോട്ടമുള്ള ദേവികുളം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി എഐഎഡിഎംകെയിലെ ധനലക്ഷ്മി മാരിമുത്തു മത്സരിക്കും. 2016ൽ അണ്ണാ ഡിഎംകെയ്ക്കു വേണ്ടി മത്സരിച്ചു ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ധനലക്ഷ്മി രണ്ടാം അങ്കത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായാണ് മാറ്റുരയ്ക്കുന്നത്.
തലമുറമാറ്റത്തിന് വേദിയാകുന്ന ദേവികുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡി.കുമാറും എൽഡിഎഫ് സ്ഥാനാർത്ഥിയായി എ.രാജയുമാണു നിയമസഭയിലേക്കു കന്നി അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും പരസ്പരം ഏറ്റുമുട്ടിയ എസ്.രാജേന്ദ്രനെയും എ.കെ.മണിയെയും ഇരുമുന്നണികളും മാറ്റി നിർത്തി.
ഡി.കുമാറിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെ എ.രാജയുടെ പേരു സിപിഎം പുറത്തുവിട്ടു. 2006 മുതൽ സിപിഎമ്മിലെ എസ്.രാജേന്ദ്രനാണ് ദേവികുളത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 1991 മുതൽ മൂന്നു തവണ വിജയിച്ച കോൺഗ്രസ് നേതാവ് എ.കെ.മണിയിൽനിന്നാണ് രാജേന്ദ്രൻ മണ്ഡലം പിടിച്ചെടുത്തത്.
ബിഡിജെഎസിൽ നിന്നും ബിജെപി തിരിച്ചെടുത്ത ഉടുമ്പൻചോല മണ്ഡലത്തിൽ രമ്യ രവീന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ബിഡിജെഎസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച കൊടുങ്ങല്ലൂർ, ഉടുമ്പൻചോല മണ്ഡലങ്ങളാണ് തിരിച്ചെടുത്ത് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ട്രഷറർ സന്തോഷ് മാധവനെ ഉടുമ്പൻചോലയിലും ഇന്നലെ ഉച്ചയോടെ കൊടുങ്ങല്ലൂരിൽ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തിനെയും ബിഡിജെഎസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ബിജെപി സ്ഥാനാർത്ഥികളെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനമുണ്ടായപ്പോഴാണ് മാറ്റത്തെപ്പറ്റി ബിഡിജെഎസ് നേതാക്കൾ പോലും അറിഞ്ഞത്. ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വത്തോട് തുഷാർ വെള്ളാപ്പള്ളി അതൃപ്തി അറിയിച്ചുവെന്നാണു വിവരം.
2016 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയുൾപ്പെടെ 38 സീറ്റ് ലഭിച്ച ബിഡിജെഎസ് ഇത്തവണ 32 സീറ്റാണ് ആവശ്യപ്പെട്ടത്. ബിജെപി 115 സീറ്റിൽ മത്സരിക്കുമ്പോൾ 21 സീറ്റുകളാണു ബിഡിജെഎസിനുള്ളത്. അണ്ണാ ഡിഎംകെയ്ക്ക് രണ്ടു സീറ്റും കാമരാജ് കോൺഗ്രസ്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭ എന്നിവയ്ക്ക് ഓരോ സീറ്റും നൽകി. കാമരാജ് കോൺഗ്രസും അണ്ണാ ഡിഎംകെയും ബിജെപി ചിഹ്നത്തിലാകും മത്സരിക്കുക.
ന്യൂസ് ഡെസ്ക്