ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലമാണിത്. നേതാക്കന്മാർ വോട്ട് തേടിയിറങ്ങുന്ന കാലം. അണികൾക്കും തിരക്കോട് തിരക്ക്. കണ്ട് പരിചയിച്ച മുഖങ്ങളാണ് നാടിന്റെ ഓരോ ചുവരിലും ചിത്രങ്ങളായി നിറയുന്നത്. പരിചിതമായ ചിഹ്നങ്ങളും ഇവയ്‌ക്കൊപ്പമുണ്ട്. സാധാരണ ജനങ്ങൾക്ക് ഇതിലൊന്നും പുതുമയില്ല, ഇതൊക്കെ എത്ര കണ്ടതെന്ന മട്ട്.

എന്നാൽ കാലത്തിനൊപ്പം ചിലതൊക്കെ മാറുന്നുണ്ട്. യുവനേതാക്കളുടെ രാഷ്ട്രീയ ബോധമാണ് ഇതിൽ പ്രധാനം. ആലപ്പുഴയിലെ കായംകുളം മണ്ഡലത്തിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അരിത ബാബു തന്നെ ഇതിന് ഉദാഹരണം. രാഷ്ട്രീയം തനിക്കു ജീവിതമാർഗമല്ലെന്നു പറയാൻ മടിയില്ല അരിതയ്ക്ക്. രാഷ്ട്രീയം വിട്ടു ജീവിതമില്ല, പക്ഷേ വരുമാനമാർഗം അതല്ല. മികച്ച ക്ഷീരകർഷകയാണ്. വീട്ടിൽ ആറു പശുക്കളും ആടുകളുമുണ്ട്. അച്ഛനു ഹൃദ്രോഗം ബാധിച്ചതോടെയാണ് അരിത പശുക്കളുടെ പരിപാലനം പൂർണമായി ഏറ്റെടുത്തത്. അതിനുമുൻപ് അച്ഛനെ സഹായിക്കുകയായിരുന്നു പതിവ്.

തിരഞ്ഞെടുപ്പ് കാലത്തും അല്ലാത്ത സമയത്തും പൊതുപ്രവർത്തകരുടെ തിരക്കുകളും ജീവിതവും ഒക്കെ കണ്ടു വളർന്ന അരിതയ്ക്ക് രാഷ്ട്രീയം പുതുമയുള്ള കാര്യമല്ല. അരിതയുടെ അച്ഛൻ കായംകുളം പുതുപ്പള്ളി അജേഷ് നിവാസിലെ ഗൃഹനാഥനായ തുളസീധരൻ എന്ന ബാബു സജീവ കോൺഗ്രസ് പ്രവർത്തകനാണ്. പ്രചാരണത്തിനു പോകുമ്പോൾ മകളെക്കൂടി മിക്കയിടത്തും കൊണ്ടുപോകും. അവൾ വളർന്നു വലിയ നേതാവാകുന്നതായിരുന്നു ബാബുവിന്റെ സ്വപ്നം. തന്റെ പേരിനൊപ്പം ആ സ്വപ്നം കൂടി ചേർത്താണ് അരിത വളർന്നത്.

ജില്ലാപഞ്ചായത്തിലേക്കു മത്സരിച്ചു വിജയിച്ച അരിത ആലപ്പുഴയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായി. വർഷങ്ങൾക്കു ശേഷം കായംകുളത്തു കോൺഗ്രസിന്റെ വനിതാ സ്ഥാനാർത്ഥിയായി അരിത മത്സരിക്കുന്നു, നിയമസഭയിലേക്ക് ഇത്തവണ മത്സരിക്കുന്നവരിൽത്തന്നെ ഏറ്റവും പ്രായംകുറഞ്ഞവരിൽ ഒരാളായി.

അടുത്ത ദിവസം പ്രചാരണം തുടങ്ങാൻ ആലോചിച്ചോളൂ എന്നു കോൺഗ്രസ് നേതൃത്വത്തിൽനിന്നു നിർദേശമെത്തിയപ്പോൾ വിശ്വസിക്കാനായില്ലെന്ന് അരിത പറയുന്നു. സാധ്യതാപ്പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും മുതിർന്ന നേതാക്കൾക്കൊപ്പം സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയില്ലായിരുന്നു. ഏൽപിച്ച ചുമതല പൂർണ അർപ്പണ മനോഭാവത്തോടെ ഏറ്റെടുക്കുമെന്ന് അരിത പറയുന്നു.

അയലത്തെ കുട്ടി, മികച്ച ക്ഷീര കർഷക

അരിതയുടെ സ്‌കൂട്ടറെത്താത്ത സ്ഥലങ്ങളില്ലെന്ന് നാട്ടുകാർ പറയും. ഏതു സഹായത്തിനും ഒരു വിളിയിൽ ഓടിയെത്തുന്ന അയൽപക്കത്തെ പെൺകുട്ടിയാണ് അവർക്ക് അരിത. പശുവിനെ കുളിപ്പിക്കുന്നതും പുല്ലരിയുന്നതും തീറ്റ വാങ്ങുന്നതുമെല്ലാം അരിത തന്നെയാണ്.

പുലർച്ച നാലര അഞ്ചോടെയാണു ദിവസം തുടങ്ങുന്നത്. തൊഴുത്തു വൃത്തിയാക്കി, പശുക്കളെ കുളിപ്പിച്ചു തീറ്റ കൊടുക്കും. നേരത്തേ ബാബു തന്നെയായിരുന്നു പശുക്കളെ കറക്കുന്നത്. ഇപ്പോൾ ആരോഗ്യം അനുവദിക്കാത്തതിനാൽ ഒരാളിനെ നിർത്തിയിട്ടുണ്ട്. പതിനഞ്ചിലധികം വീടുകളിൽ ദിവസവും പാൽ വിതരണം ചെയ്യുന്നത് അരിതയാണ്.

ഇതിനുശേഷം അടുത്തുള്ള ഗോവിന്ദമുട്ടം ക്ഷീര സഹകരണ സംഘത്തിൽ പാലെത്തിക്കും. ജോലികളെല്ലാം തീർത്ത ശേഷമാണു നേരത്തേ ജില്ലാപഞ്ചായത്ത് അംഗമായിരുന്നപ്പോൾ യോഗങ്ങൾക്കും മറ്റും പോയിരുന്നത്. ബാക്കിയുള്ള സമയം ഡിവിഷനിൽത്തന്നെ ചെലവഴിക്കും. ആളുകളെ നേരിട്ടുകണ്ടും പരാതികളും സങ്കടങ്ങളും അറിഞ്ഞും നടപടിയെടുക്കാവുന്നവ നോട്ട് ചെയ്തുമൊക്കെയാണ് ഇതുവരെ എത്തിയത്.

കോൺഗ്രസ് ഏൽപിച്ച ചുമതല വലുതാണെന്ന് അരിതയ്ക്കു നന്നായി അറിയാം. സ്ഥാനാർത്ഥി നിർണയത്തിനുമുൻപുതന്നെ യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ സ്ഥാനാർത്ഥി ആരായാലും വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട്. ഇനി സ്വന്തം പ്രചാരണത്തിന്റെ തിരക്കിലേക്കാണ്. നടന്നു പരിചയിച്ച വഴികളിലൂടെ, പുതിയ വിജയത്തിന്റെ വഴികളുറപ്പിക്കാൻ.

വർഷങ്ങൾക്കു ശേഷമാണു കായംകുളം സ്വദേശി മണ്ഡലത്തിൽ മത്സരിക്കുന്നത് എന്നതു പ്ലസ് പോയിന്റാകുമെന്നാണു വിശ്വാസം. സ്വന്തം നാടാണ്, നാട്ടുകാരും. അറിയാത്ത വഴികളോ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പോകാത്ത സ്ഥലങ്ങളോ ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച കൃഷ്ണപുരം ഡിവിഷനുൾപ്പെടുന്ന മണ്ഡലത്തിൽ നിയമസഭയിലേക്കു മത്സരിക്കുന്നത് ഏറെ സന്തോഷമാണ്.

2005ൽ കൃഷ്ണപുരം ഡിവിഷനിൽ ആയിരുന്നു മത്സരിച്ചത്. മികച്ച പ്രവർത്തനമായതിനാൽ ഇക്കുറിയും സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടു. പക്ഷേ മുതിർന്ന സഹപ്രവർത്തകയ്ക്കുവേണ്ടി ഡിവിഷൻ വിട്ടുകൊടുക്കേണ്ടിവന്നു. അതിൽ ഒട്ടും വിഷമം തോന്നിയിരുന്നില്ല.

പകരം പുന്നപ്ര ഡിവിഷൻ പരിഗണിച്ചെങ്കിലും ചില രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം നാമനിർദേശ പത്രിക പിൻവലിക്കാൻ നിർദ്ദേശം ലഭിച്ചു. കായംകുളത്തുനിന്ന് ഓടിയെത്തിയപ്പോഴേക്കു പിൻവലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. അങ്ങനെ മത്സരിച്ചു, എന്നാൽ മത്സരിച്ചില്ല. പക്ഷേ വോട്ടെണ്ണിയപ്പോൾ 1027 വോട്ട് ലഭിച്ചു.

അച്ഛനാണ് എന്നും വഴികാട്ടി

എല്ലാ സാധാരണ കോൺഗ്രസ് പ്രവർത്തകരെയും പോലെയാണു തന്റെയും ജീവിതമെന്ന് അരിത പറയുന്നു. കോൺഗ്രസിൽ സജീവ പ്രവർത്തകനായ അച്ഛനാണ് എന്നും വഴികാട്ടി. രാഷ്ട്രീയ പ്രവർത്തകനായിരിക്കുമ്പോഴും അധ്വാനിച്ച് ജീവിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. ജീവിതമാർഗം ഒരിക്കലും രാഷ്ട്രീയമാകരുതെന്ന പാഠം അച്ഛനിൽനിന്ന് ഉൾക്കൊണ്ട പാഠമാണ്.

സാമ്പത്തിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചു തന്നെയാണു വളർന്നത്. അമ്മ ആനന്ദവല്ലിയും സഹോദരൻ അജേഷും എന്നും പിന്തുണയുമായുണ്ട്. പുതുപ്പള്ളി എസ്ആർവി എൽപിഎസ്, കായംകുളം ഗവ. ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണു പഠിച്ചത്. അക്കാലത്തുതന്നെ കെഎസ്‌യുവിന്റെ സജീവ പ്രവർത്തകയായിരുന്നു.

കേരള സർവകലാശാലയ്ക്കു കീഴിൽ പ്രൈവറ്റായാണു ബികോം ബിരുദം നേടിയത്. ബിരുദ പഠനകാലത്തും സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നു. ബികോം ബിരുദം നേടി. കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനൊപ്പം നാട്ടിലെ ഏതുകാര്യത്തിലും സജീവമായി ഇടപെടുമായിരുന്നു. അങ്ങനെയാണ് 21ാം വയസ്സിൽ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജില്ലാപഞ്ചായത്ത് കൃഷ്ണപുരം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു.