കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആർഎംപിയിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കെ കെ രമ മത്സര രംഗത്ത് എത്തിയതോടെ വടകരയിൽ ഇത്തവണ പോരാട്ടം പൊടിപാറും. യുഡിഎഫ് പിന്തുണയോടെയാണ് കെ കെ രമ അങ്കത്തട്ടിൽ ഇറങ്ങുന്നത്.

ഇത്തവണ മത്സരിക്കാനില്ലെന്നായിരുന്നു രമയുടെ ആദ്യ തീരുമാനം. രമയില്ലെങ്കിൽ മണ്ഡലം തിരിച്ചെടുക്കുകയാണ് എന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതോടെ രമയെ സ്ഥാനാർത്ഥിയാക്കാൻ ആർഎംപി സന്നദ്ധമാകുകയായിരുന്നു.

കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയ മനയത്ത് ചന്ദ്രനാണ് എൽഡിഎഫിന് വേണ്ടി എൽജെഡി ടിക്കറ്റിൽ ഇത്തവണ മണ്ഡലത്തിൽ പോരിനിറങ്ങുന്നത്.

അക്രമരാഷ്ട്രീയത്തിന്റെ ഇരയായ ടിപി ചന്ദ്രശേഖരന്റെ വിധവ എന്ന നിലയിൽ മണ്ഡലത്തിൽ മുഖവുര ആവശ്യമില്ലാത്ത സ്ഥാനാർത്ഥിയാണ് കെകെ രമ. ടിപി ചന്ദ്രശേരനേറ്റ അമ്പത്തിയൊന്ന് വെട്ടും അതിനു പിന്നാലെ രമ നടത്തിയ വീറുറ്റ പോരാട്ടവും ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്ന മണ്ഡലത്തിലെ പൊതുജനങ്ങൾ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതുമെന്നാണ് ആർ എം പി കരുതുന്നത്.

1957ലെ തെരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാർട്ടികളെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വടകര. ആർഎംപിയിലൂടെ മണ്ഡലത്തിൽ ജയം നേടാം എന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. അതു കൊണ്ടു തന്നെ രമയുടെ സ്ഥാനാർത്ഥിത്വം ചരിത്രം തിരുത്താനുള്ള മികച്ച അവസരമായി കോൺഗ്രസ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച രമ 20504 വോട്ടുകളാണ് നേടിയത്. സികെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ 49,111 വോട്ടാണ് അദ്ദേഹത്തിന് കിട്ടിയത്. മനയത്ത് ചന്ദ്രന് 39,700 വോട്ടുലഭിച്ചു. എന്നാൽ കഴിഞ്ഞ തവണ യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന എൽഡെജി ഇപ്പോൾ എൽഡിഎഫിലാണ്. അതാണ് മണ്ഡലത്തിലെ നിർണായകമായ രാഷ്ട്രീയമാറ്റം.

തദ്ദേശ തെരഞ്ഞെടുപ്പിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ആർഎംപി സഹകരണത്തോടെ നിലവിൽ വന്ന ജനകീയ മുന്നണി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇതിൽ ഒഞ്ചിയം, അഴിയൂർ, ഏറാമല പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുത്തു. ആർഎംപിയുടെ ശക്തി കേന്ദ്രമായ ഒഞ്ചിയത്ത് പാർട്ടി ഭരണം നിലനിർത്തുകയായിരുന്നു. ഏറാമല പഞ്ചായത്തിലെ വിജയം പാർട്ടിക്ക് അതിമധുരമായി. 2008ലാണ് ഏറാമലയിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ആർഎംപിക്ക് രൂപവത്കൃതമായത്. ചോറോട് പഞ്ചായത്തിലും ജനീകയ മുന്നണി മികച്ച പ്രകടനം കാഴ്ച വച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആർഎംപി. വടകരയിൽ ലീഗിന്റെ പിന്തുണയാണ് പാർട്ടിയുടെ കരുത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന് വേണ്ടിയും ആർഎംപി പ്രവർത്തകർ കൈമെയ് മറന്ന് രംഗത്തുണ്ടായിരുന്നു. അതു കൊണ്ടു തന്നെ കോൺഗ്രസിന്റെ വോട്ടും ഉറപ്പിക്കാം.

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു പ്രകാരം വടകരയിൽ രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 22963 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ മുരളിക്ക് കിട്ടിയത്.

കേരളത്തിന്റെ ചരിത്രത്തെ മാറ്റി മറിക്കുന്ന രാഷ്ട്രീയപോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ആർ എം പി നേതൃത്വം പറയുന്നു. ആ പോരാട്ടത്തിൽ ആർഎംപി ചരിത്ര വിജയം നേടുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എൻ വേണു അവകാശപ്പെടുന്നത്.

എസ്ഡിപിഐ അടക്കമുള്ള വർഗീയ കക്ഷികളെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ഇടതുപക്ഷത്തെ താഴെയിറക്കാൻ ആർഎംപിയെപ്പോലുള്ള ഇടതുപാർട്ടികൾ മാത്രം വിചാരിച്ചാൽ കഴിയില്ല.

അതിനാൽ അതിന് കഴിയുന്ന യുഡിഎഫ് പോലുള്ള ജനാധിപത്യപ്രസ്ഥാനങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്. വടകരയിലെ രാഷ്ട്രീയപോരാട്ടം അർത്ഥപൂർണമാക്കാൻ യുഡിഎഫ് വാഗ്ദാനം ചെയ്ത പിന്തുണ സ്വീകരിക്കാൻ ആർഎംപി തീരുമാനിച്ചെന്നും വേണു പറയുന്നു.