ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും പിന്നിട്ടതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പോരാടാൻ കോൺഗ്രസ് വിമതൻ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന നിയാസാണ് മത്സരിക്കുക. 'താക്കോൽ' ചിഹ്നത്തിലാണ് നിയാസ് മത്സരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വളരെ അപ്രതീക്ഷിതമായാണ് നിയാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനീതിക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്നായിരുന്നു നിയാസ് ഭാരതി വ്യക്തമാക്കിയത്.

പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലായിരുന്നു നിയാസ് മണ്ഡലത്തെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

അതേ സമയം ചങ്ങനാശേരിയിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് സ്ഥാനാർത്ഥി വി.ജെ. ലാലിക്കു ട്രാക്ടർ ചിഹ്നം അനുവദിച്ചു. ചിഹ്നം അനുവദിക്കുന്നതിനെതിരെ ക്രിസ്ത്യൻ സെക്യുലർ പാർട്ടി സ്ഥാനാർത്ഥി ബേബിച്ചൻ മുക്കാടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനും (എൻസികെ) ഇക്കുറി ട്രാക്ടർ ചിഹ്നം അനുവദിച്ചു. ഉപതിരഞ്ഞെടുപ്പിൽ എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിലാണ് മാണി സി. കാപ്പൻ മത്സരിച്ചത്. പൂഞ്ഞാറിൽ നിന്നും ജനവിധി തേടുന്ന ജനപക്ഷം നോതാവ് പി.സി. ജോർജിന് തൊപ്പി ചിഹ്നമായി ലഭിച്ചു. 2016 ലും തൊപ്പി ചിഹ്നത്തിലാണ് ജോർജ് മത്സരിച്ചത്. 28000 ആയിരുന്നു ജോർജിന്റെ ഭൂരിപക്ഷം.

ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്നാണ് പിസി ജോർജ് പറയുന്നത്. അഞ്ച് വർഷം മുമ്പ് വരെ യുഡിഎഫിനും എൽഡിഎഫിനുമൊപ്പം ഇടയ്ക്ക് മാറി മാറി പരീക്ഷം നടത്തിയ പിസി ജോർജ് 2016ൽ ഒറ്റയ്ക്കായിരുന്നു. ഇത്തവണയും ഒറ്റയ്ക്ക് തന്നെ. പ്രബല മുന്നണികളെയെല്ലാം പരാജയപ്പെടുത്തി കഴിഞ്ഞ തവണ പൂഞ്ഞാറിൽ അദ്ദേഹം വൻ വിജയം നേടി. ഇത്തവണ വോട്ടുകൾ പരമാവധി ഉയർത്തുകയാണ് എൻഡിഎയുടെ ലക്ഷ്യങ്ങളിലൊന്ന്. അതുകൊണ്ട് പിസി ജോർജ് പ്രതീക്ഷിച്ച തന്ത്രം വിജയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.