- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫുട്‌ബോൾ ആരാധകരുടെ ഏറനാട്ടിൽ യു.ഷറഫലി വന്നാൽ പൊളിക്കും; കോങ്ങാട് പിടിക്കാൻ ഐഎം വിജയനും; ലീഗിന്റെ കോട്ടയായ ഏറനാട് സ്വതന്ത്രനെ മത്സരിപ്പിച്ച് പരീക്ഷണത്തിന് സിപിഎം ആലോചന; വിജയനെ കോങ്ങാടോ തരൂരോ മത്സരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി കോൺഗ്രസും; ഇരുതാരങ്ങളും സമ്മതം മൂളിയാൽ ഉശിരൻ പോരും
കോഴിക്കോട്: നിയസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ അനൗപചാരികമായി നിശ്ചയിക്കാൻ മുന്നണികൾ ശ്രമം തുടരുന്നതിനിടെ, ഏറനാടും, കോങ്ങാടും ശ്രദ്ധാകേന്ദ്രമാകുന്നു. സംവരണ സീറ്റായ കോങ്ങാട് ഇത്തവണ ഐ.എം. വിജയനിലൂടെ പിടിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. യൂത്ത് കോൺഗ്രസാണ് ഐ.എം. വിജയന്റെ സ്ഥാനാർത്ഥിത്വത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. മന്ത്രി എ.കെ. ബാലൻ മത്സരിക്കുന്ന തരൂരും പരിഗണനയിലുണ്ട്. ഇവ രണ്ടും സംവരണ മണ്ഡലങ്ങളാണ്. മന്ത്രി എകെ ബാലൻ ഇത്തവണ സ്ഥാനാർത്ഥിയായേക്കില്ല. നാല് തവണ മത്സരത്തിനിറങ്ങിയതിനാലാണ് അദ്ദേഹം പിന്മാറിയേക്കുക. ബാലന് പകരം തരൂരിൽ അഡ്വ ശാന്തകുമാരിയെ മത്സരിപ്പിച്ചേക്കുമെന്നും കേൾക്കുന്നു.
കോങ്ങാട്ടിൽനിന്ന് തുടർച്ചയായി രണ്ടു തവണ നിയമസഭയിലെത്തിയിട്ടുള്ള സിപിഎമ്മിന്റെ കെ.വി.വിജയദാസ് അടുത്തിടെ മരിച്ചിരുന്നു. പുതിയൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് സിപിഎം ശ്രമം. കോങ്ങാട് മത്സരിക്കാൻ എംപി എസ്.അജയകുമാറിന്റെ പേരും ആലോചനയിൽ ഉണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ അനൗദ്യോഗിക ചർച്ചകൾ നടന്നെങ്കിലും മത്സരിക്കുന്നതിന് ഐ.എം. വിജയൻ യേസ് മൂളിയില്ലെന്നാണ് വിവരം.
മലമ്പുഴയിൽ എൻഎൻ കൃഷ്ണദാസിനെയും കോങ്ങാട് എസ് അജയകുമാറിനെയുമാണ് പരിഗണിക്കുന്നത്. മുൻ എംപി എംബി രാജേഷിന്റെ പേര് മലമ്പുഴ മണ്ഡലത്തിൽ നേരത്തെ കേട്ടിരുന്നുവെങ്കിലും ഇപ്പോൾ കൃഷ്ണദാസിന്റെ പേരിനാണ് മുൻതൂക്കം. എംബി രാജേഷ് തൃത്താലയിൽ മത്സരിക്കുമോ എന്നതിൽ ഇപ്പോൾ വ്യക്തതയില്ല. ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ ഇത്തവണ മത്സരിച്ചേക്കും. ഷൊർണ്ണൂർ, മലമ്പുഴ മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ പേര് പറഞ്ഞു കേൾക്കുന്നു.
അതേസമയം, ഏറനാട്ടിൽ ഇടത് സ്വതന്ത്രനായി ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ നായകൻ യു.ഷറഫലിമത്സരിക്കുമെന്നാണ് ഒടുവിലത്തെ വാർത്തകൾ. അരീക്കോട് സ്വദേശിയാണ് അദ്ദേഹം. ഏറനാട്ടിൽ മത്സരിക്കുന്നതിനായി യു. ഷറഫലിയെ ഇടത് നേതൃത്വം നേരത്തെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. അടുത്തിടെ സർവീസിൽനിന്ന് വിരമിച്ച ഷറഫലി ഐ.പി.എസിന് ശ്രമിക്കുന്നതാണ് തടസ്സമായി പറഞ്ഞിരുന്നത്. പുതിയ റിപ്പോർട്ട്പ്രകാരം അദ്ദേഹത്തിന്റെ മനസ് മാറിയെന്ന് പറയുന്നു.
മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയാണ് ഏറനാട്. സിപിഐയുടെ സീറ്റാണ് ഏറനാടെങ്കിലും സ്വതന്ത്രരായിട്ടാണ് ഇവിടെ ഇടത് സ്ഥാനാർത്ഥികൾ മത്സരിക്കാറുള്ളത്. നിലവിലെ എംഎൽഎ. മുസ്ലിം ലീഗിന്റെ പി.കെ. ബഷീർ മണ്ഡലം മാറുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യസഭാ അംഗത്വ കാവാവധി തീരുന്ന പി.വി. അബ്ദുൾ വഹാബിനെയാണ് ലീഗ് ഇവിടേക്ക് പരിഗണിക്കുന്നത്. പി.കെ. ബഷീറിനെ മഞ്ചേരിയിൽ മത്സരിപ്പിക്കാനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ