- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാരപ്രകടനം'; 'മത്സരിക്കാൻ ശ്രമിച്ചിരുന്നോ എന്ന കാര്യം അറിയില്ല'; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല; ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചെന്ന ആർ എസ് എസ് സൈദ്ധാന്തികൻ ബാലശങ്കറിന്റെ വിമർശനം തള്ളി കെ. സുരേന്ദ്രൻ
കോന്നി: ചെങ്ങന്നൂരിൽ ബിജെപി സംസ്ഥാന നേതൃത്വം തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായുള്ള ഡീലിന്റെ ഭാഗമായെന്ന ആർ.എസ്.എസ്. സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ വിമർശനം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനമാണ്. അദ്ദേഹം മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി തനിക്ക് അറിയില്ല. ബാലശങ്കർ മറുപടി അർഹിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂർ സീറ്റിൽ സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം വിഗോപകുമാറിനെയാണു സ്ഥാനാർത്ഥിയാക്കിയത്.
ബാലശങ്കർ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഒരുതരത്തിലുള്ള മറുപടിയും അർഹിക്കുന്നതല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപിയുടെ സിപിഎമ്മുമായുള്ള ഡീലിന്റെ ഭാഗമായായിരുന്നു എന്ന് ഓർഗൈനസർ മുൻ പത്രാധിപർ കൂടിയായ ബാലശങ്കർ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചിരുന്നു.
കെ. സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനമാണ് ബാലശങ്കർ അഭിമുഖത്തിൽ ഉന്നയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമർശവുമായി ആർ ബാലശങ്കർ രംഗത്തെത്തിയത്.
ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ഡീൽ എന്നും ബാലശങ്കർ തുറന്നടിച്ചു.
ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാടാണ് ഇതിന് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തിൽ ബിജെപിക്ക് ഒരു വിജയ സാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കർ കുറ്റപ്പെടുത്തി.
കേരളത്തിൽ ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോൾ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സിപിഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാർത്ഥി എന്തിനാണ് ഇപ്പോൾ കോന്നിയിൽ മത്സരിക്കുന്നത്. അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലശങ്കർ ചോദിച്ചിരുന്നു.
കെ സുരേന്ദ്രൻ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളിൽ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തിൽ നിൽക്കാനായി ഹെലിക്കോപ്റ്റർ വാടകയ്ക്കെടുക്കുന്നത്.
ശോഭ സുരേന്ദ്രന് പോലും സീറ്റ് കിട്ടാത്ത സാഹചര്യത്തിലും രണ്ട് സീറ്റിൽ കെ സുരേന്ദ്രൻ മത്സരിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് ബാലശങ്കർ വിമർശിച്ചത്. കോന്നിയിലും തിരുവനന്തപുരത്തുമാണ് കെ സുരേന്ദ്രൻ മത്സരിക്കുന്നതെങ്കിൽ മനസ്സിലാക്കാം. മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല. പിന്നെ, അങ്ങിനെ ജനകീയനായ നേതാവാണെങ്കിൽ മനസ്സിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാർത്ഥിയാണ്.
ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബിജെപി. ഒരു സീറ്റിൽ പോലും വിജയിക്കരുതെന്ന നിർബ്ബന്ധബുദ്ധിയാണിതെന്നും ബാലശങ്കർ തുറന്നു പറഞ്ഞു. രണ്ട് മണ്ഡലങ്ങളിൽ പ്രായോഗികതയെക്കുറിച്ചും രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ചുമാണ് താൻ തുറന്നുപറയുന്നതെന്നും ബാലശങ്കർ വ്യക്തമാക്കിയിരുന്നു. താൻ കേരളത്തിൽനിന്നു വിജയിക്കുന്നത് തടയണമെന്ന താൽപര്യമാണ് ഇതിന് പിന്നിൽ. കേരളത്തിൽ ബിജെപി. നന്നാവരുതെന്ന നിർബ്ബന്ധമാണ് ഇതിന് പിന്നിൽ. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോൾ ബിജെപി. നിർത്തിയിട്ടുള്ള സ്ഥാനാർത്ഥികളെ നോക്കൂ. ബിജെപിക്ക് ഒരു ശബ്ദം കൊടുക്കാൻ പോലും കഴിവില്ലാത്ത സ്ഥാനാർത്ഥികൾ. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബിജെപി. കളഞ്ഞുകുളിക്കുന്നതെന്നും ബാലശങ്കർ കുറ്റപ്പെടുത്തിയിരുന്നു.
ന്യൂസ് ഡെസ്ക്