തിരുവനന്തപുരം: കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറെന്നറിയിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഭക്തർക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അത്തരത്തിലെ ഒരാൾ മത്സരിക്കുന്ന മണ്ഡലത്തിൽ മത്സരിക്കണമെന്നുള്ള ആവശ്യത്തെത്തുടർന്നു മാത്രമാണ് മത്സരിക്കുന്നില്ല എന്ന തന്റെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം പാർട്ടി നേതൃത്വത്ത അറിയിച്ചിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല ഏറ്റവും കൂടുതൽ ചർച്ചയാവുന്ന മണ്ഡലം കൂടിയായിരിക്കും കഴക്കൂട്ടം. ദേവസ്വം മന്ത്രിക്കെതിരായ ഈ മത്സരം മുഴുവൻ ശബരിമല വിശ്വാസികൾക്കുമായുള്ള പോരാട്ടം കൂടിയാണെന്നും ശോഭ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഒരുപാട് പേർ തന്നോട് ആവശ്യപ്പെട്ടിരുന്നു.

താൻ മത്സരരംഗത്തുണ്ടാകും എന്ന കാര്യം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും തങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശോഭാ സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ഇന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് തൃശ്ശൂരിൽ വച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന ശോഭ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് മത്സര രംഗത്ത് ഇറങ്ങുന്നത്.

കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പള്ളിയുമാണ് ബിജെപി പട്ടികയിൽ ഒഴിച്ചിട്ടത്. ഇതിൽ കഴക്കൂട്ടം ശോഭയ്ക്ക് തന്നെ നൽകിയേക്കും. കൊല്ലത്തും കരുനാഗപ്പള്ളിയിലും സ്ഥാനാർത്ഥിയെ തേടുകയാണെന്ന് പറയാമെങ്കിലും ബിജെപിയെ സംബന്ധിച്ച് കഴക്കൂട്ടം അങ്ങനെയല്ല. കഴിഞ്ഞ തവണ വി മുരളീധരൻ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം ബിജെപിയുടെ എ പ്ലസ് മണ്ഡലമാണ്. ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലാത്തതു കൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്താതെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. സാദ്ധ്യത പട്ടികയിൽ ചാത്തന്നൂരിൽ ശോഭയുടെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ പേരുണ്ടായിരുന്നില്ല. കെ സുരേന്ദ്രൻ രാജിഭീഷണി മുഴക്കിയാണ് പേര് ഒഴിവാക്കിച്ചതെന്ന് ശോഭാ സുരേന്ദ്രനുമായി ബന്ധമുള്ളവർ ആക്ഷേപിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്.

നേരത്തെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കണ്ട ശോഭ, കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്റെ സ്ഥാനാർത്ഥിത്വത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം വീണ്ടും ശോഭയുമായി ബന്ധപ്പെട്ടതെന്നാണ് വിവരം. ബിജെപിയുടെ വനിത മുഖമായ ശോഭ സുരേന്ദ്രനെ എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കുന്നില്ലെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാന നേതാക്കളോട് ആരാഞ്ഞിരുന്നു. ശോഭ സുരേന്ദ്രൻ മത്സരിക്കാനില്ല എന്ന് അറിയിച്ചു എന്നായിരുന്നു അതിന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മറുപടി.

ദേശീയ നേതാക്കൾ നേരിട്ട് നടത്തിയ ചർച്ചയിൽ കഴക്കൂട്ട് മത്സരിക്കാമെന്നാണ് ശോഭാ സുരേന്ദ്രൻ അറിയിച്ചിരുന്നത്. ഇത് ചർച്ചയായതോടെ കഴക്കൂട്ടം നൽകാനാകില്ല എന്ന ഉറച്ച നിലപാട് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പടെയുള്ള കേരളത്തിൽ നിന്നുള്ള നേതാക്കൾ സ്വീകരിച്ചു. കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തുമെന്നും കോൺഗ്രസ് വിട്ടുവരുന്ന ഒരു പ്രധാന നേതാവിനെ കഴക്കൂട്ടത്ത് പരിഗണിക്കേണ്ടിവരുമെന്നുമായിരുന്നു സംസ്ഥാനനേതൃത്വം നൽകുന്ന വിശദീകരണം. ബോധപൂർവ്വം സംസ്ഥാന നേതൃത്വം ഒഴിവാക്കി എന്നാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന ചിലരുടെ അഭിപ്രായം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കഴക്കൂട്ടം ശോഭയ്ക്ക് നൽകുന്നത്.

തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ചേർന്നതാണ് കഴക്കൂട്ടം മണ്ഡലം. നഗരത്തിന്റെയും ഗ്രാമത്തിന്റെയും സവിശേഷതകൾ ചേർന്ന കഴക്കൂട്ടം മണ്ഡലം മാറിമാറി ഇടതുവലത് മുന്നണികൾക്ക് ഒപ്പം നിന്നിട്ടുണ്ട്. കഴിഞ്ഞ തവണ കടകംപള്ളി സുരേന്ദ്രൻ 7347 വോട്ടിനാണ് വി.മുരളീധരനെ തോൽപിച്ചത്. സിറ്റിങ് എംഎൽഎയായിരുന്ന കോൺഗ്രസിന്റെ എം.എ വാഹിദ് മൂന്നാമതായി. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായത് യുഡിഎഫ് മുന്നേറ്റം, എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ലീഡ് തിരിച്ചുപിടിച്ചു, യുഡിഎഫ് മൂന്നാമതുമായി. അതായത് എല്ലാ തെരഞ്ഞെടുപ്പിലും കഴക്കൂട്ട് വോട്ട് നിലനിർത്താൻ ബിജെപിക്ക് കഴിയുന്നുണ്ട്. ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് കഴക്കൂട്ടത്ത് കളമൊരുങ്ങും.