- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂരിലെ സ്ഥാനാർത്ഥിത്വം പ്രധാനമന്ത്രിയുടെ താൽപര്യം; വിജയ സാധ്യത പ്രവചിക്കാനാകില്ല; ലതിക സുഭാഷ് മുടി മുറിച്ചപ്പോൾ വിഷമം തോന്നി; പ്രചാരണത്തിന് എത്തുക കോവിഡ് വാക്സിൻ എടുത്ത ശേഷം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മനസ് തുറന്ന് സുരേഷ് ഗോപി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങാൻ താൽപര്യം ഇല്ലായിരുന്നുവെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി തീരുമാനത്തെ അനുസരിക്കുകയായിരുന്നുവെന്നും ചലച്ചിത്ര താരവും തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി.
ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സുരേഷ് ഗോപി ആശുപത്രിയിൽ വച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് ആദ്യം മനസ് തുറന്നത്.
വിജയ സാധ്യതയെക്കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിന് വേണ്ടിയാണ് നേരത്തെ പൊരുതിയത്. എന്നാൽ ഇപ്പോൾ അതിലൊരു മണ്ഡലത്തിന് വേണ്ടിയാണ് മത്സരത്തിനിറങ്ങുന്നത്.
മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്. നേതാക്കൾ നിർബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നത്. പാർട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത്. പക്ഷേ ഞാൻ എന്റെ നേതാക്കളോട് അവർ പറയുന്ന എവിടെയും നിൽക്കാമെന്ന് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രിക്ക് ഞാൻ തൃശ്ശൂരിൽ തന്നെ നിൽക്കണമെന്നായിരുന്നു ആഗ്രഹം.
വിശ്രമം ആവശ്യമാണ്. കോവിഡ് വാക്സിൻ എടുത്തതിന് ശേഷമേ പ്രചാരണത്തിന് തൃശ്ശൂരിൽ എത്താനാകു. അതിന് ആദ്യം വാക്സിൻ എടുക്കാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് എത്തണം.
ലതിക സുഭാഷ് എന്നെക്കാൾ പ്രായത്തിൽ ചെറുപ്പമാണ്. എന്റെ അമ്മയെ അവസാനമായി ഞാൻ കാണുന്നത് മുടി മുഴുവൻ മുറിച്ചിട്ടാണ്. അതുകൊണ്ട് തന്നെ വളരെ വിഷമം തോന്നി.
സ്ത്രീ സംവരണത്തിനുവേണ്ടി ഇനിയാരും അലമുറയിടേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 33 ശതമാനം സംവരണത്തിനുവേണ്ടി ഇനി എംപിമാർ അലമുറയിടേണ്ട. പാർലമെന്റിൽ ഇതിനുവേണ്ടി വാദിക്കാൻ ഒരു പാർട്ടിക്കാർക്കും അർഹതയില്ല.
സ്ഥാനാർത്ഥിപ്പട്ടികയിലെ വനിതാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിച്ചു. കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു രാജ്യ സഭാ എംപി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തട്ടെയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ