സ്പീക്കറെ തടഞ്ഞ് ബജറ്റ് പൊളിക്കാൻ നടത്തിയ ശ്രമം മാണി പൊളിച്ചത് ആംഗ്യത്തിലൂടെ അനുമതി വാങ്ങി; വിജയം അവകാശപ്പെട്ട് ഇരുപക്ഷവും; നാണം കെട്ടത് സാക്ഷര കേരളം
തിരുവനന്തപുരം: നിയമസഭ പ്രതിപക്ഷം സംഘർഷഭരിതമാക്കിയെങ്കിലും ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കെഎം മാണിക്കായി. പിന്നീട് നിയമസഭയിലെ പ്രസ് റൂമിലിരുന്ന ബജറ്റ് പ്രസംഗം മുഴുവൻ വായിക്കുകയും ചെയ്തു. അങ്ങനെ 13 ബജറ്റ് അവതരണവുമായി മാണി നേട്ടമുണ്ടാക്കി. പ്രതിപക്ഷ നീക്കങ്ങളെ തകർത്തെന്ന അവകാശവാദവുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും സന്തോഷി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭ പ്രതിപക്ഷം സംഘർഷഭരിതമാക്കിയെങ്കിലും ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കെഎം മാണിക്കായി. പിന്നീട് നിയമസഭയിലെ പ്രസ് റൂമിലിരുന്ന ബജറ്റ് പ്രസംഗം മുഴുവൻ വായിക്കുകയും ചെയ്തു. അങ്ങനെ 13 ബജറ്റ് അവതരണവുമായി മാണി നേട്ടമുണ്ടാക്കി. പ്രതിപക്ഷ നീക്കങ്ങളെ തകർത്തെന്ന അവകാശവാദവുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും സന്തോഷിക്കാം. സ്പീക്കർ ചേമ്പറിലെത്താതെയുള്ള ബജറ്റ് അവതരണം ചട്ടപ്രകാരമല്ലെന്ന് പ്രതിപക്ഷവും വാദിക്കും. ഭയന്ന് നിയമസഭയിൽ ഒളിച്ച ധനമന്ത്രിയെ കളിയാക്കുകയും ചെയ്യാം. ഭരണപക്ഷവും പ്രതിപക്ഷവുമായുള്ള ഒത്തുകളിയെന്ന വിമർശനവുമായി ബിജെപിക്കും രാഷ്ട്രീയ നേട്ടമുണ്ടാക്കാം. പക്ഷേ തൊറ്റത് കേരളമാണ്. സമ്പൂർണ്ണ സാക്ഷരത അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാടിന് ചേർന്ന ദൃശ്യങ്ങളല്ല സഭയിൽ കണ്ടത്.
സാധാരണ സഭയിൽ അക്രമമോ മറ്റൊ നടന്നാൽ അതിന്റെ തൽസമയ ദൃശ്യങ്ങൾ അനുവദിക്കില്ല. സഭയിൽ എന്തും നടക്കാമെന്ന് അറിയാമായിരുന്നിട്ടും അങ്ങനൊരു വിലക്ക് സ്പീക്കർ ഏർപ്പെടുത്തിയില്ല. പ്രതിപക്ഷത്തിന്റെ ആക്രോശങ്ങളും മാണിയുടെ ബജറ്റും ചാനലിലൂടെ ജനം കണ്ടോട്ടേയെന്ന് മുഖ്യമന്ത്രിയും കരുത്തികാണും. അങ്ങനെ കേരളാ നിയമസഭയുടെ കറുത്ത ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടു. ഉത്തരേന്ത്യയിൽ സഭകളിൽ പോലും ഇത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കറുടെ കസേരയെടുത്ത് വലിച്ചെറിയുന്ന എംഎൽഎമാരുടെ തൽസമയ ദൃശ്യങ്ങൾ കേരളത്തിനായിരുന്നു അപമാനം. ഇതിനിടെയിൽ ബജറ്റ് അവതരിപ്പിച്ചുവെന്ന് മാണിയും ആശ്വസിക്കുന്നു. പക്ഷേ കേരളത്തിലെ ധനമന്ത്രി മാണി വലിയൊരു അഴിമതിക്കാരനാണെന്ന ചിത്രം കേരളത്തിന് പുറത്ത് എത്തിക്കാൻ ഈ സംഘർഷത്തിലൂടെ പ്രതിപക്ഷത്തിനായി എന്നതാണ് മറ്റൊരു സത്യം.
ബജറ്റ് അവതരണം അപൂർണ്ണമാണെന്നാണ് പ്രതിപക്ഷം നിരത്തുന്ന വാദം. സ്പീക്കർ ഡയസിലെത്തണം. ഓർഡർ.. ഓർഡർ എന്ന് പറയണം. അതിന് ശേഷം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ക്ഷണിക്കണം. ഇതൊന്നും നടന്നില്ല. പിന്നെന്ത് ബജറ്റെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. എന്നാൽ ചട്ടപ്രകാരം സ്പീക്കർ അനുമതി നൽകിയാൽ മതി. മുമ്പ് പറഞ്ഞതു പോലെ ധനമന്ത്രി സഭയിലെത്തി. ആർക്കും തടയാനായില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷ സമരം പൊളിഞ്ഞെന്ന് ഭരണ പക്ഷവും പറയുന്നു. രണ്ടും സത്യമാണ്. അതുകൊണ്ട് തന്നെ രണ്ട് കൂട്ടർക്കും വിജയം അവകാശപ്പെടാം.
കേരളത്തിൽ മൂന്നാം രാഷ്ട്രീയ പാർട്ടിയായ ബിജെപി ബദൽ സാധ്യതകളാണ് തേടുന്നത്. അതുകൊണ്ട് തന്നെയാണ് മാണിക്ക് എതിരെ സമരത്തിന് എത്തിയത്. ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുമെന്നും രണ്ട് കൂട്ടരും സഭയിൽ വിജയിച്ചതായി വരുമെന്നും നേരത്തെ തന്നെ ബിജെപി ആരോപിച്ചിരുന്നു. അതൊക്കെ തന്നെയാണ് സഭയിൽ നടന്നതെന്ന് ബിജിപിക്ക് ഈ ഘട്ടത്തിൽ അവകാശപ്പെടാം. ബിജെപി സമരത്തിനിറങ്ങിയതു കൊണ്ട് മാത്രമാണ് ഇത്രയും പ്രതിഷേധമെങ്കിലും ഉയർത്താനായതെന്ന വിലയിരുത്തലും സജീവമാണ്. അങ്ങനെ മൂന്ന് കൂട്ടരും ഈ സമരത്തിൽ വിജയിക്കാൻ ആവശ്യമായത് സംഘടിപ്പിച്ചു.
എന്നാൽ അന്താരാഷ്ട്ര-ദേശീയ മാദ്ധ്യമങ്ങൾ ഇങ്ങനെയല്ല സംഭവങ്ങളെ കാണുന്നത്. കേരളത്തിലെ നിയമസഭയിൽ എംഎൽഎമാർ തമ്മിൽ തല്ലി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അത്യപൂർവ്വ സംഭവങ്ങളുണ്ടായി എന്ന് അവർ വിലയിരുത്തും. ചർച്ചകളും ഉയർത്തും. അത് ദൈവത്തിന്റെ സ്വന്തം നാട്ടിന് ഒരിക്കലും യോജിച്ചതല്ല.