മന്ത്രി വീണ ജോർജ് ശിശുക്ഷേമ സമിതിയെയും സിഡബ്ല്യുസിയെയും വെള്ളപൂശാൻ ശമിക്കുന്നു; ദുരഭിമാന കുറ്റകൃത്യത്തിന് കൂട്ടുനിന്ന സിപിഎം ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷ യാഥാസ്ഥിതിക പിന്തിരിപ്പന്മാർ: പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ കാണാതായ സംഭവത്തിൽ ശിശുക്ഷേമ സമിതിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വെള്ളപൂശി രക്ഷിച്ചെടുക്കാനാണ് മന്ത്രി വീണാ ജോർജും സർക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുഞ്ഞിനെ കിട്ടിയെന്നു പറയുന്ന ദിവസം 2020 ഒക്ടോബർ 29 -ന് അമ്മത്തൊട്ടിൽ ഇല്ല. ആൺകുട്ടിയെ പെൺകുട്ടിയാക്കുന്ന മാജിക്ക് ശിശുക്ഷേമ സമിതിയിലുണ്ട്. പാർട്ടി തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും കോടതിയും പൊലീസുമായി മാറി. ദുരഭിമാന കൊലയ്ക്ക് തുല്യമായ ദുരഭിമാന കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇടതുപക്ഷമെന്നു പറയുന്ന നിങ്ങൾ തീവ്ര വലതുപക്ഷ യാഥാസ്ഥിതിക പിന്തിരിപ്പന്മാരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അമ്മയ്ക്ക് കുഞ്ഞിനെ നിഷേധിച്ച സംഭവം സർക്കാരും ശിശുക്ഷേമസമിതിയും സിപിഎം നേതാക്കളും ചേർന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണെന്നും നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.കെ രമ നൽകിയ അടിയന്തിരപ്രമേയ നോട്ടീസിന് അവതണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മറുപടിയാണ് മന്ത്രിയിൽ നിന്നും പ്രതീക്ഷിച്ചത്. എന്നാൽ സി.ഡബ്ല്യു.സിയെയും ഡിവൈഎഫ്ഐ നേതാവ് ജനറൽ സെക്രട്ടറിയായ ശിശുക്ഷേമ സമിതിയെയും വെള്ളപൂശുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. കുഞ്ഞിനെ അമ്മയിൽ നിന്നും എടുത്തു മാറ്റിയത് തെറ്റാണെന്ന് സിപിഎം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട പി.കെ ശ്രീമതി ടീച്ചർ, താൻ തോറ്റു പോയെന്നാണ് പ്രതികരിച്ചത്. കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ രംഗത്തെത്തിയ ശേഷമാണ് ദത്ത് നൽകൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശിശിക്ഷേമ സമിതി കോടതിയെ സമീപിച്ചത്. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെയാണ് മന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുന്നത്.
മകളുടെ സമ്മതത്തോടെ കുഞ്ഞിനെ കൈമാറിയെന്നാണ് സിപിഎം നേതാവ് കൂടിയായ പിതാവ് പറയുന്നത്. എന്നാൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെന്നാണ് ശിശിക്ഷേമ സമിതി രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് മകളുടെ സമ്മതത്തോടെയെന്നു പറഞ്ഞത്? സമ്മതത്തോടെയെങ്കിൽ അതെങ്ങനെ ഉപേക്ഷിക്കപ്പെട്ട കുട്ടിയാകും? കുഞ്ഞിനെ ലഭിച്ചെന്നു പറയുന്ന ഒക്ടോബർ 29 ന് അമ്മത്തൊട്ടിൽ ഇല്ല. അന്നു രാത്രി മുതലാണ് കുറ്റകൃത്യം തുടങ്ങിയത്. പിറ്റേന്ന് പുലർച്ചെ തൈക്കാട് ആശുപത്രിയിൽ എത്തിച്ച ആൺകുട്ടിയെ പെൺകുട്ടിയെന്നു രേഖപ്പെടുത്തി. അമ്മത്തൊട്ടിലിൽ നിന്നും കിട്ടിയ കുട്ടിയെന്നു പറഞ്ഞ് മലാല യൂസഫ് എന്ന പേരിടുകയും ചെയ്തു. ആൺകുട്ടിയെ പെൺകുട്ടിയാക്കിയെന്നു പത്രങ്ങളിൽ വാർത്ത വന്നതോടെ വിവാദമായി. ഇതിനു പിന്നാലെ ആൺകുട്ടിയെയാണ് തങ്ങൾ ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്ന് അനുപമയുടെ മാതാപിതാക്കൾ എഴുതി നൽകി. ദത്ത് നൽകുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി പത്രപരസ്യം നൽകിയതിനു പിന്നാലെ മാതാവ് കുട്ടിയെ അന്വേഷിച്ച് ശിശുക്ഷേമ സമിതിയിലെത്തിയിരുന്നു. എന്നാൽ മറ്റൊരു കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തി കുട്ടി നിങ്ങളുടേതല്ലെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ മറുപടി.
കുട്ടിയുടെ ദത്ത് നടപടികൾ നടക്കുമ്പോഴും മാതാവ് കയറിയിറങ്ങി നടക്കുകയായിരുന്നു. മുഖ്യമന്ത്രി, ഡി.ജി.പി, സിഡബ്ല്യുസി, സിപിഎം പി.ബി അംഗം, സിപിഎം സെക്രട്ടറി, സിപിഎം ജില്ലാ സെക്രട്ടറി എന്നിവർക്കെല്ലാം പരാതി നൽകി. സിപിഎം കൗൺസിലറായി മത്സരിച്ച സിഡബ്ല്യുസി ചെയർമാനും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജൂഖാനും കുട്ടി ആരുടേതാണെന്ന് അറിയാമെന്നിരിക്കെയാണ് ദത്ത് നടപടികൾ നടത്തിയത്. പരാതി നൽകി ആറു മാസമായിട്ടും എഫ്.ഐ.ആർ രജിസ്റ്റ് ചെയ്യാൻ പോലും പൊലീസ് തയാറായില്ല. ഇവിടെ പാർട്ടി തന്നെയാണ് കോടതിയും നിയമവും പൊലീസുമൊക്കെ. നിങ്ങൾ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്. യാഥാസ്ഥിതിക പിന്തിരിപ്പൻ നിലപാടുകളാണ് നിങ്ങളുടേത്. ദുരഭിമാന കുറ്റകൃത്യത്തിന് ഒരു പാർട്ടി തന്നെ കൂട്ടുനിന്നു. ജില്ലാ കമ്മിറ്റി ചേർന്ന് കുട്ടിയെ തിരികെ നൽകാൻ ശ്രമിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പത്രസമ്മേളനത്തിൽ പറഞ്ഞത് പരിഹാസ്യമാണ്. പാർട്ടി തന്നെ പൊലീസും നിയമവും ആകുന്ന ഈ സംവിധാനത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ശിശുക്ഷേമ സമിതിയിൽ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കണം. പാർട്ടി പൊലീസും കോടതിയുമാകുന്ന സാഹചര്യം കേരളത്തെ എവിടെ കൊണ്ടുച്ചെന്നെത്തിക്കും? ഈ ഗൂഢാലോചനയിൽ പാർട്ടി നേതാക്കൾക്ക് പങ്കുണ്ട്. ശിശുക്ഷേമ സമിതിയിലെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ എല്ലാ തെളിവുകളും നശിപ്പിച്ചെന്ന് ജീവനക്കാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ ഇനി മുതൽ നിയമസഭ പാസാക്കുന്ന എല്ലാ നിയമങ്ങളിലും, പരാതിയുണ്ടെങ്കിൽ എ.കെ.ജി സെന്ററിൽ പറയാം എന്നുകൂടി ചേർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്‌ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നിൽ നിൽക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കെ.കെ.രമ പറഞ്ഞു. മനസ്സിനെ മരവിപ്പിക്കുന്ന കൊടുംക്രൂരതകൾ കൺമുന്നിൽ കാണുമ്പോഴും ഞെട്ടലുണ്ടാക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പിൽ പേരൂർക്കട പൊലീസ് നട്ടെല്ലുവളച്ച് നിന്നുവെന്നും നിയമപരമായി പ്രവർത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തിൽ കാണിച്ചുവെന്നും ഇത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെ.കെ.രമ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ