- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു ഐക്യവേദി നേതാവിന് വിശ്വാസ്യത ഉണ്ടാക്കിക്കൊടുക്കുന്നത് മന്ത്രി പി രാജീവ്; കോൺസുലേറ്റെന്നോ സ്വർണക്കടത്തെന്നോ പറയാൻ പാടില്ല; സർക്കാർ ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പാരമ്യത്തിലെന്നും വി ഡി സതീശൻ
തിരുവനന്തപുരം: ഹിന്ദുഐക്യവേദി നേതാവിന് വിശ്വാസ്യത ഉണ്ടാക്കിക്കൊടുക്കാനാണ് കഴിഞ്ഞ മൂന്നുദിവസമായി മന്ത്രി പി രാജീവ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവുമായി മന്ത്രിക്കുള്ള ബന്ധം നാട്ടിൽ എല്ലാവർക്കും അറിയാം. പ്രതിപക്ഷ നേതാവിനെ കുറിച്ച് ആക്ഷേപം പറയാത്ത ഒരു സിപിഎം എംഎൽഎ പോലുമില്ല. ഇതെല്ലാം ഏകോപിപ്പിക്കുന്നത് പി രാജീവാണ്.
ഞാൻ പ്രതിപക്ഷ നേതാവിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നെന്ന് ഒരു എംഎൽഎയെ കൊണ്ട് പറയിപ്പിച്ചു. ഇ.കെ നായനാരും വി എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാക്കൾ എന്ന നിലയിൽ കൈപ്പറ്റിയതിനേക്കാൾ കൂടുതൽ എന്ത് ആനുകൂല്യമാണ് ഞാൻ കൈപ്പറ്റിയത്? നായനാരെയും അച്യുതാനന്ദനെയും അപമാനിക്കുന്നതിന് തുല്യമാണ്. അവരെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്? പ്രതിപക്ഷ നേതാവിന് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച പരാമർശം തെറ്റാണെന്ന് സ്പീക്കറുടെ ചെയറിൽ ഉണ്ടായിരുന്ന പാനൽ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആനുകൂല്യങ്ങൾ ഇവർ ചീഫ് വിപ്പിന് കൊടുക്കാൻ പോകുകയാണ്. അങ്ങനെയുള്ളവരാണ് പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതെല്ലാം ഏകോപിപ്പിക്കുന്നത് പി രാജീവാണ്.
ആർഎസ്എസ് സംഘപരിവാർ നേതാക്കളെ ഇറക്കി വിട്ട് പത്രസമ്മേളനം നടത്തുകയാണ്. വിവേകാനന്ദ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തെന്ന വിവാദത്തിൽ വി.എസിന്റെ പേര് പറഞ്ഞതോടെ എല്ലാവരുടെയും വാ അടഞ്ഞു. ആർഎസ്എസ് നേതാക്കൾ നടത്തുന്ന പത്രസമ്മേളനങ്ങൾ മന്ത്രി പി രാജീവ് തലയിൽ വച്ചുകൊണ്ട് നടക്കുന്നത് എന്തിനാണ്?
കേന്ദ്ര മന്ത്രി ജയശങ്കറിനെതിരെ പ്രസംഗിച്ചതിനല്ല മന്ത്രി റിയാസിനെതിരെ പ്രതിഷേധിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാഷണൽ ഹൈവെ വികസനത്തിന് എന്ത് ചെയ്തെന്ന് ചോദിച്ചതിനാണ്. അന്ന് സ്ഥലം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സമരത്തിലായിരുന്നു എല്ലാവരും. അതു കൊണ്ടാണ് ഇന്ന് സ്ഥലം നഷ്ടമായവർക്ക് വൻ തുക നഷ്ടപരിഹാരം ലഭിച്ചത്. ചോദ്യോത്തര വേളയിൽ തന്നെ മന്ത്രിമാർ പ്രകോപിതനായി സംസാരിക്കുന്നത് തന്നെ സഭാ ചരിത്രത്തിൽ ആദ്യമാണ്. ധാർഷ്ട്യവും അഹങ്കാരവും പാരമ്യത്തിൽ നിൽക്കുകയാണ്. കോൺസുലേറ്റ് എന്നോ സ്വർണക്കടത്തെന്നോ പറയാൻ പാടില്ല. ഇനി അട്ടപ്പാടിയെന്നും. ഇതൊക്കെ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറയുന്നത് പോലെയാണ്. അക്രോശത്തോടെയാണ് ഭരണകക്ഷി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ