എസ്ബിറ്റി -എസ്ബിഐ ലയനത്തിനെതിരായ പ്രമേയം നിയമസഭ പാസാക്കി; എതിർപ്പ് അറിയിച്ച് രാജഗോപാൽ; ബിജെപി അംഗത്തിന്റെ നിലപാട് സംസ്ഥാന താൽപര്യത്തിന് എതിരെന്നു ധനമന്ത്രി
തിരുവനന്തപുരം: എസ്ബിറ്റി അടക്കം ആറു ബാങ്ക് എസ്ബിഐയിൽ ലയിപ്പിക്കുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കി. ബിജെപിയുടെ ഏക അംഗം ഒ രാജഗോപാലിന്റെ വിയോജിപ്പോടെയാണു സഭ പ്രമേയം പാസാക്കിയത്. മോദിയോടുള്ള എതിർപ്പാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾക്കെന്ന നിലപാടാണ് ഒ രാജഗോപാലിന്റേത്. അതേസമയം, സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണ് ഒ രാജഗോപാലിന്റെ നിലപാടെന്നു ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി ഒറ്റക്കെട്ടായ നിന്നിട്ടുള്ള ചരിത്രമാണ് കേരള നിയമസഭയ്ക്കുള്ളതെന്നും തോമസ് ഐസക് പറഞ്ഞു. സഭയിൽ നടന്ന ചർച്ചയിൽ പ്രമേയത്തെ ഒ രാജഗോപാൽ ശക്തമായി എതിർത്തിരുന്നു. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള പ്രമേയമാണെന്നും മോദി വിരുദ്ധ നിലപാടിന്റെ തുടർച്ചയാണെന്നും ഒ രാജഗോപാൽ ആരോപിച്ചു. എസ്ബിറ്റിയെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിലുള്ള സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്ര സർക്കാരിനെയും റിസർവ് ബാങ്കിനെയും അറിയിക്കാനും നിയമസഭ തീരുമാനിച്ചു. ലയനനീക്കം അതീവ ഉത്കണ്ഠയോടെയാണ് സംസ്ഥാന സർക്കാർ നോക്കിക്കാണുന്നതെന്ന് മുഖ്യമന
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: എസ്ബിറ്റി അടക്കം ആറു ബാങ്ക് എസ്ബിഐയിൽ ലയിപ്പിക്കുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കി. ബിജെപിയുടെ ഏക അംഗം ഒ രാജഗോപാലിന്റെ വിയോജിപ്പോടെയാണു സഭ പ്രമേയം പാസാക്കിയത്.
മോദിയോടുള്ള എതിർപ്പാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾക്കെന്ന നിലപാടാണ് ഒ രാജഗോപാലിന്റേത്. അതേസമയം, സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണ് ഒ രാജഗോപാലിന്റെ നിലപാടെന്നു ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി ഒറ്റക്കെട്ടായ നിന്നിട്ടുള്ള ചരിത്രമാണ് കേരള നിയമസഭയ്ക്കുള്ളതെന്നും തോമസ് ഐസക് പറഞ്ഞു.
സഭയിൽ നടന്ന ചർച്ചയിൽ പ്രമേയത്തെ ഒ രാജഗോപാൽ ശക്തമായി എതിർത്തിരുന്നു. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള പ്രമേയമാണെന്നും മോദി വിരുദ്ധ നിലപാടിന്റെ തുടർച്ചയാണെന്നും ഒ രാജഗോപാൽ ആരോപിച്ചു. എസ്ബിറ്റിയെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിലുള്ള സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്ര സർക്കാരിനെയും റിസർവ് ബാങ്കിനെയും അറിയിക്കാനും നിയമസഭ തീരുമാനിച്ചു.
ലയനനീക്കം അതീവ ഉത്കണ്ഠയോടെയാണ് സംസ്ഥാന സർക്കാർ നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്ബിറ്റിയുടെ ലയനം സംസ്ഥാനത്തിന്റെ വളർച്ചയെയും നിക്ഷേപത്തെയും സാരമായി ബാധിക്കും. സംസ്ഥാനത്തിന്റെ വികസനത്തിൽ എസ്ബിറ്റിയുടെ കാർഷിക, വികസന വായ്പകൾക്ക് നിർണായക പങ്കുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ ഈ ലയനനീക്കത്തിൽ നിന്നും പിന്മാറണമെന്ന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
എസ്ബിറ്റി അടക്കം ആറ് ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് ജൂൺ 15 നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ബാങ്കുകളെ ലയിപ്പിക്കാനുള്ള എസ്ബിഐ നീക്കത്തിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രിസഭ ലയനത്തിന് അംഗീകാരം നൽകിയത്.
അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളായ ബാങ്കുകളുമാണ് ലയിപ്പിക്കുക. ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസുമുള്ള വമ്പൻ ബാങ്കായി എസ്ബിഐ മാറും. 22,500 ശാഖകളും 58,000 എടിമ്മുകളുമുണ്ടാകും.