- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ.ജി സെന്ററിൽ ഉണ്ടായത് നാനോ ഭീകരാക്രമണം; മൂന്ന് കല്ലുകളെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണം; പൊലീസിന്റെ നിരന്തര നിരീക്ഷണം ഉള്ളയിടത്ത് ആക്രമണം എങ്ങനെ ഉണ്ടായി; അടിയന്തര പ്രമേയ ചർച്ചയിൽ പരിഹാസവുമായി പി സി വിഷ്ണുനാഥ്; കള്ളൻ കപ്പലിൽ തന്നെയുണ്ട്; എസ്.എഫ്.ഐക്കാർ വാഴ നടേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ്; സഭയിൽ ആഞ്ഞടിച്ച് കെ കെ രമയും
തിരുവനന്തപുരം: എ കെ ജി സെന്ററിൽ ഉണ്ടായത് നാനോ ഭീകരാക്രമണമാണോ എന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. കരിയില പോലും കത്താത്ത മൂന്ന് കല്ലുകളെ മാത്രം ലക്ഷ്യം വച്ചുള്ള ഭീകരാക്രമണമാണ് അതെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന പോലുള്ള വലിയ ശബ്ദം കേട്ടെന്നാണ് ശ്രീമതി ടീച്ചർ പറഞ്ഞത്. ഇത്ര വലിയ ശബ്ദം ഉണ്ടായിട്ടും അടുത്തുണ്ടായിരുന്ന പൊലീസുകാർ കേട്ടില്ലേ എന്നും വിഷ്ണുനാഥ് ചോദിച്ചു.
'എ കെ ജി സെന്റർ ആക്രമണം നടന്നശേഷം കോൺഗ്രസ് ഓഫീസുകൾക്കുനേരെ പൊലീസിന് മുന്നിൽ വച്ച് സി പി എം വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണ്. ആലപ്പുഴയിൽ എം എൽ എയുടെ നേതൃത്വത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുമ്പോൾ അതെല്ലാം ആസ്വദിച്ച് കൂടെനടക്കുകയായിരുന്നു പൊലീസ്. പൊലീസ് കാവലുള്ള എ കെ ജി സെന്റർ എങ്ങനെ ആക്രമിക്കപ്പെട്ടു, ആക്രമണം നടത്തിയ ആളെ എന്തുകൊണ്ട് പൊലീസ് പിന്തുടർന്നില്ല, പൊലീസിന്റെ നിരന്തര നിരീക്ഷണം ഉള്ളയിടത്ത് ആക്രമണം എങ്ങനെ നടന്നു വിഷ്ണുനാഥ് ചോദിച്ചു.
കള്ളൻ കപ്പലിൽ തന്നെയെന്ന് കെ കെ രമ
സിപിഎം പ്രതിസന്ധിയിലായ സമയത്തെല്ലാം പലതരത്തിലുള്ള ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് കെ കെ രമ എം എൽ എ. ആർ എം പി രൂപീകരിക്കുന്ന സമയത്ത് ഒഞ്ചിയത്ത് നടന്നും സമാനമായ ആക്രമണമാണെന്നും അവർ പറഞ്ഞു. എ കെ ജി സെന്റർ ആക്രമിച്ചത് ഖേദകരവും പ്രതിഷേധകരവുമാണ്.നാല് ദിവസം കഴിഞ്ഞിട്ടും അതിന്റെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെയെന്നത് ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ്. എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
മുഖ്യമന്ത്രിക്കും ഗവൺമെന്റിനുമെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ ഭരണമുന്നണിയെയും രാഷ്ട്രീയ അന്തരീക്ഷത്തെയും അങ്ങേയറ്റത്തെ ജീർണതയിലെത്തിച്ചിരിക്കുകയാണ്. ഇതിനെ വഴി തിരിച്ചു വിടാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായിട്ട് തന്നെയാണ് ഇത്തരത്തിലുള്ള ആക്രമമുണ്ടായതെന്ന് സംശയിക്കുകയാണ്.നിയമസഭയിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനാകാതെ ക്ഷുഭിതനാകുന്ന മുഖ്യമന്ത്രിയെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
സിപിഎം പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടങ്ങളിലൊക്കെ ഇതുപോലെയുള്ള അക്രമങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ നേർസാക്ഷ്യമാണ് ഒഞ്ചിയത്ത് കണ്ടത്. ആർ എം പി രൂപീകരിക്കുന്ന സമയത്ത് സമാനമായ സംഭവങ്ങൾക്ക് സാക്ഷ്യരാകേണ്ടി വന്നിട്ടുണ്ട്. ആർ എം പി രൂപീകരിച്ച സമയത്ത് എകെജിയുടെ പേരിലുള്ള ഏരിയാ കമ്മിറ്റി ഓഫീസ് കത്തിച്ചിരുന്നു. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ അവിടെ വന്ന് വിമത കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളെ കുലംകുത്തികൾ എന്ന് അധിക്ഷേപിച്ചിരുന്നു.ആ സംഭവം നടന്ന് 14 വർഷമായിട്ടും ഇതുവരെ ഒരു പ്രതിയെ പോലും പിടിക്കാൻ കഴിഞ്ഞിട്ടില്ല.
ആ സംഭവം നടക്കുന്ന സമയത്ത് കേളുവേട്ടന്റെ നാമധേയത്തിലുള്ള പാർട്ടി ഓഫീസിൽ കല്ലെറിഞ്ഞ കേസിൽ ഒരു പ്രതിയെ പോലും ഇന്ന് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇ കെ നായനാരുടെ വീടിന് നേരെ ബോംബെറിഞ്ഞിട്ട് ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് നിരവധിയായ ഉദാഹരണങ്ങളുണ്ട്, അതുകൊണ്ടാണ് സർക്കാർ പ്രതിസന്ധിയിലാകുന്ന സമയത്ത് ഇതുപോലുള്ള അക്രമങ്ങൾ അഴിച്ചു വിട്ട് വഴി തിരിച്ച് വിടാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
കള്ളൻ കപ്പലിൽ തന്നെയാണ്. കപ്പിത്താൻ ആരാണെന്ന് മാത്രമേ കണ്ടെത്തേണ്ടതുള്ളൂ. കേരളത്തിന് അന്വേഷിച്ച് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം. എസ് എഫ് ഐക്കാർ വാഴ നടേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയിലായിരുന്നുവെന്നും അവർ പറഞ്ഞു.
ഇന്നുരാവിലെ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയപ്പോൾ സഭാ നടപടികൾ നിറുത്തിവച്ച് ചർച്ചചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഭീതിയോടെയാണ് എ കെ ജി സെന്റർ ആക്രമണം നോക്കിക്കാണുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ