തിരുവനന്തപുരം: ബാർകോഴ കേസിൽ ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സഭ സമ്മേളിച്ചപ്പോൾ കെ.എം.മാണി രാജിവയ്ക്കുക, മാണിയെ പുറത്താക്കുക എന്നിങ്ങനെ എഴുതിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.

ശാന്തരാവാൻ ഡെപ്യൂട്ടി സ്പീക്കർ നിർദ്ദേശിച്ചെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. തുടർന്ന് ചോദ്യോത്തരവേള, സബ്മിഷൻ, ശ്രദ്ധ ക്ഷണിക്കൽ എന്നി റദ്ദാക്കിയതായി ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ അറിയിച്ചു. ചോദ്യോത്തരവേളയ്ക്ക് മുന്പ് അടിയന്തര പ്രമേയം പരിഗണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ ഇത് നിരാകരിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്നാണ് സഭ ഇന്നത്തേക്ക് പിരിയുന്നതായി ശക്തൻ അറിയിച്ചത്.

പുറത്തിങ്ങിയ പ്രതിപക്ഷ നേതാക്കൾ മാണിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. മാണി രാജിവെക്കണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. അതേസമയം നിയമസഭ പിരിഞ്ഞ ശേഷം മന്ത്രിമാരുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ച നടത്തി. വൈകീട്ട് യുഡിഎഫ് യോഗം ചേരാനിരിക്കേയാണ് തിരിക്കിട്ട ചർച്ചകൾ.