സൂറിച്ച്: ചില പ്രത്യേക സാഹചര്യത്തിൽ മരണം തെരഞ്ഞെടുക്കുന്ന രോഗികൾക്ക് അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന പ്രഖ്യാപവുമായി വാലെയ്‌സ് കാന്റനിലെ ഒരു ആശുപത്രി രംഗത്തെത്തി. പരസഹായത്തോടെയുള്ള മരണം സ്വിറ്റ്‌സർലണ്ടിൽ നിയമവിധേയമാണെങ്കിലും അതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള സംഘടനകളാണ് സാധാരണ അതു ചെയ്തു കൊടുക്കുക. ആശുപത്രികളിൽ ഇതിനു പ്രത്യേക സൗകര്യങ്ങൾ സാധാരണയായി ചെയ്തു കൊടുക്കാറില്ല.

മരണം തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന രോഗികൾക്ക് ഇതിനുള്ള സംഘടനയായ എക്‌സിറ്റിൽ നിന്നോ മറ്റു സംഘടനകളിൽ നിന്നോ സഹായം ആവശ്യപ്പെടാം. ഇതു പ്രകാരം മരിക്കാനുള്ള സാഹചര്യം ഈ ആശുപത്രിയിൽ തന്നെ ചെയ്തുകൊടുക്കും എന്നാണ് ആശുപത്രി വ്യക്തമാക്കിയിരിക്കുന്നത്. ചില പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ആശുപത്രി ഇതിന് സഹായം നൽകുന്നത്. ആശുപത്രിയിൽ നിന്ന് രോഗിക്ക് പോകാൻ സാധിക്കാത്ത സാഹചര്യത്തിലോ മറ്റു മാർഗങ്ങളില്ലാത്ത സാഹചര്യത്തിലോ ആണ് ആശുപത്രിയിൽ മരിക്കാൻ സാഹചര്യം ഒരുക്കുന്നത്.

ഇത്തരം കേസുകൾ പുതുതായി രൂപീകരിച്ചിട്ടുള്ള എത്തിക്‌സ് കമ്മിറ്റിയിൽ സമർപ്പിക്കുമെന്നും രോഗിയുടെ ഈ തീരുമാനത്തിനു പിന്നിലുള്ള സാഹചര്യം പരിശോധിക്ക് വേണ്ട പിന്തുണ നൽകുമെന്നുമാണ് പറയുന്നത്. അതേസമയം ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് ഇത്തരം അസിസ്റ്റഡ് സൂയിസൈഡിൽ പങ്കാളികളാകില്ലെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. ആശുപത്രികളുടെ പ്രധാന ധർമം രോഗികളെ ശുശ്രൂഷിക്കൽ ആണെന്നും സ്വയം മരണം തെരഞ്ഞെടുക്കുന്നവരെ സഹായിക്കുക എന്നത് പബ്ലിക് ആശുപത്രികളുടെ ധർമമായി കണക്കാക്കുന്നില്ലെന്നും അധികൃതർ വെളിപ്പെടുത്തി.

അതേസമയം സ്വയം മരണം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം സ്വിറ്റ്‌സർലണ്ടിൽ വർധിച്ചുവരുന്നതായി കഴിഞ്ഞാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2015-ൽ എക്‌സിറ്റിന്റെ സഹായത്തോടെ 780 പേരാണ് മരണം തെരഞ്ഞെടുത്തത്. മുൻ വർഷത്തെക്കാൾ 200 എണ്ണം കൂടുതലാണിത്.