മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി, ബഹ്‌റൈറൈനിലെ വിവാഹിതരായ വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാപ്രാഗത്ഭ്യമത്സരമായ ബി.കെ.എസ് - സെർ കാസിക്‌സ് അംഗന ശ്രീയുടെ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക്,ഇന്ന് വൈകുന്നേരം അഞ്ചിന് സമാജം ജൂബിലി ഹാളിൽ നടക്കുന്ന പാചക മത്സരത്തോടെ തുടക്കമാകും.

തുടർന്നുള്ള ദിവസങ്ങളിൽ' ലളിതഗാനം, നാടോടി നൃത്തം, ഏകാഭിനയം, മിറർ ആക്ട്, പരമ്പരാഗത ഭാരതീയ വസ്ത്രാലങ്കാരം ചിത്രീകരണം, പൊതു വിജ്ഞാനം മുഖാമുഖം തുടങ്ങിയവയിലും മത്സരങ്ങൾ നടത്തും.മത്സരാർത്ഥിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന ആകർഷകമായ ഫാമിലി റൗണ്ടും മത്സരങ്ങളുടെ ഭാഗമായി നടത്തുന്നുണ്ടെന്ന്‌വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസും സെക്രട്ടറി രജിത അനിയും അറിയിച്ചു

ഫെബ്രുവരിഏഴിനാണ് മത്സരങ്ങളുടെ സമാപനവും സമ്മാന വിതരണവും.
അംഗന പട്ടവും സ്വർണ്ണ നെക്ലസ്സു -മാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വനിതകൾക്ക് യഥാക്രമം ഡയമണ്ട് റിംഗും സ്വർണ്ണ നാണയവും സമ്മാനമായി ലഭിക്കും. ഇതിനു പുറമെ കാണികൾ തെരഞ്ഞെടുക്കുന്ന മത്സരാർത്ഥിക്ക് പ്രത്യേക സമ്മാനം നൽകുമെന്നും
സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എംപി.രഘുവും വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രാഥമിക മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ പതിനാല് വനിതകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്.മത്സരങ്ങൾക്ക് മുന്നോടിയായി,പങ്കെടുക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസവും അറിവും വർദ്ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആദ്യ ഘട്ട ശില്പശാല കഴിഞ്ഞ ദിവസം സമാജത്തിൽ നടന്നു