- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിന്നെ കൊണ്ട് ഞാൻ കയറെടുപ്പിക്കുമെടീ; നീ ആത്മഹത്യ ചെയ്യുന്ന അവസ്ഥയിൽ ഞാൻ എത്തിക്കും'; ഡിവോഴ്സ് കേസിന് നഷ്ടപരിഹാരമായി കിട്ടിയ ആറ് ലക്ഷം ചോദിച്ചതിന് യുവതിയെ പൊതിരെ തല്ലി കേരളാ കോൺഗ്രസ് (ബി) നേതാവ്; അറസ്റ്റിലായ പ്രതിക്ക് രണ്ട് ദിവസത്തിനുള്ളിൽ ജാമ്യം
കൊല്ലം: വീട്ടമ്മയേയും മകളേയും പൊതുവഴിയിൽ വച്ച് മർദ്ദിച്ച പ്രതി മനുവിന് വേണ്ടി കേരളകോൺഗ്രസ് (ബി) ഉന്നതർ രംഗത്ത്. റിമാൻഡ് റിപ്പോർട്ട് മയപ്പെടുത്തി പ്രതിക്ക് രണ്ട് ദിവസത്തിനുള്ളിൽ ജാമ്യം നേടുന്നതിന് പിന്നിൽ ഉന്നത സ്വാധീനമുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. കേരളകോൺഗ്രസ് (ബി)യുടെ പ്രാദേശിക നേതാവ് കൂടിയായ മനു പാർട്ടിയുടെ വോട്ട് ബാങ്കായ കുടുംബത്തിലെ അംഗമാണ്. അതുകൊണ്ടാണ് മനുവിനെ ഉന്നത നേതാക്കൾ സംരക്ഷിക്കുന്നതെന്നാണ് പരാതിക്കാർ പറയുന്നത്.
മേലില മാന്തോട്ടത്ത് വീട്ടിൽ ഇന്ദിര മകൾ അഞ്ജു രാജൻ എന്നിവരെയാണ് മനു പൊതുവഴിയിൽ വച്ച് പരസ്യമായി മർദ്ദിച്ചത്. ഇവരെ പുനലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അഞ്ജുവിന്റെ വിവാഹമോചന കേസിൽ ഇടനിലക്കാരനായിരുന്നു സഹോദരന്റെ സുഹൃത്ത് കൂടിയായ മനു. എന്നാൽ നഷ്ടപരിഹാരമായി ലഭിച്ച ആറ് ലക്ഷം രൂപ മനു അഞ്ജുവിന്റെ വീട്ടുകാരെ ഏൽപ്പിച്ചിരുന്നില്ല.
പലതവണ ചോദിച്ചിട്ടും പണം കിട്ടാതായപ്പോൾ അഞ്ജു മനുവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വീടിന് സമീപം പശുവിനെ കുളിപ്പിച്ചു കൊണ്ടുനിന്ന അഞ്ജുവിനെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്. തടയാൻ പോയ അഞ്ജുവിന്റെ മാതാവ് ഇന്ദിരയേയും മർദ്ദിച്ചു.
'നിന്നെ കൊണ്ട് ഞാൻ കയറെടുപ്പിക്കുമെടീ. നീ ആത്മഹത്യ ചെയ്യുന്ന അവസ്ഥയിൽ ഞാൻ എത്തിക്കും' എന്ന് ഭീഷണിപ്പെടുത്തികൊണ്ടാണ് മനു തലങ്ങും വിലങ്ങും തല്ലിയതെന്ന് അഞ്ജു പറഞ്ഞു. അവിടെ കിടന്ന ഒരു വടിയെടുത്താണ് അഞ്ജുവിനെയും അമ്മയേയും തല്ലിയത്. അഞ്ജുവിന്റെ പരാതിയെ തുടർന്ന് എൻഎസ്എസ് കരയോഗം ഭാരവാഹിയായിരുന്ന മനുവിനെ കരയോഗത്തിൽ നിന്നും പുറത്താക്കിയിരുന്നു. അതിന്റെ വൈരാഗ്യവും മനുവിനുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ