കൊച്ചി: ജനന പ്രക്രിയയ്ക്കിടെയുള്ള പരിക്കുകൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക ക്ലിനിക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസവ സമയത്ത് നവജാത ശിശുവിന് ചില പ്രത്യേക സാഹചര്യങ്ങളിൽ അസ്ഥികൾക്കും നാഡീവ്യൂഹത്തിനും തകരാറുകൾ സംഭവിക്കുന്നത് അത്ര അസാധാരണമല്ല. എത്രയും നേരത്തെ ഇവയെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക എന്നുള്ളതാണ് ഭാവിയിലുണ്ടായേക്കാവുന്ന വൈകല്യങ്ങൾ തടയുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള ഏക മാർഗം. ഇത്തരം പരിക്കുകൾ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമായി അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ക്ലിനിക്കാണ് ആസ്റ്റർ മെഡ്സിറ്റിയിൽ ആരംഭിച്ചിരിക്കുന്നത്.

ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് കുഞ്ഞുങ്ങളെ പരിശോധിക്കുകയും ചികിത്സ നിർദ്ദേശിക്കുകയും ചെയ്യുക. ലീഡ് കൺസൾട്ടന്റ് ഡോ. വിജയമോഹൻ, പീഡിയാട്രിക് ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ. ചെറി ചെറിയാൻ കോവൂർ, പീഡിയാട്രിക് ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോ. സമർത്ഥ് മഞ്ജുനാഥ്, ഹാൻഡ് ആൻഡ് മൈക്രോസർജറി കൺസൾട്ടന്റ് ഡോ. ബിനോയ് പി.എസ്, ഓർത്തോപീഡിക് അനസ്തെറ്റിസ്റ്റ് ഡോ. അരിൽ എബ്രഹാം എന്നിവരാണ് വിദഗ്ധ സംഘത്തിലെ മറ്റംഗങ്ങൾ.
സ്പെഷ്യാലിറ്റി ക്ലിനിക്ക് എല്ലാ ശനിയാഴ്ചയുമാണ് പ്രവർത്തിക്കുക. എന്നാൽ വിദഗ്ധരുടെ സേവനം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കും. ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചതോടെ അസ്ഥികളും സന്ധികളുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലും സ്പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ വിദഗ്ധ സേവനം ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സെന്ററായി ആസ്റ്റർ ഓർത്തോപീഡിക് ആൻഡ് റ്യുമറ്റോളജി വിഭാഗം മാറുകയാണ്. വിവരങ്ങൾക്ക് 8111998020 എന്ന നമ്പറിൽ ബന്ധപ്പെടുക.