തിരുവനന്തപുരം: പുതിയ വിജിലൻസ് ഡയറക്ടറായി ഡിജിപി നിർമൽചന്ദ്ര അസ്താനയെ സ്ഥാനം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് കൂടിയായ മുൻ ഡിജിപി രമൺ ശ്രീവാസ്തവ. അസ്താനയ്ക്ക് ഡൽഹിയിൽ തുടരാനാണ് താൽപ്പര്യം. ഇത് സർക്കാരിനെ അറിയിക്കുകയും ചെയ്തു. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കണമെന്ന് അസ്തനയോട് രമൺശ്രീവാസ്തവ ആവശ്യപ്പെടുകയായിരുന്നു.

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന ഉത്തർപ്രദേശിലെ ബനാറസ് സ്വദേശിയാണ്. നിലവിൽ, ഡൽഹി കേരള ഹൗസിൽ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയിലാണ്. കേരള പൊലീസ് നവീകരണത്തിന്റെ ചുമതലയും വഹിക്കുന്നു. സംസ്ഥാനത്തെ നാലാമത്തെ സീനിയർ ഡിജിപിയാണ്. 2019 നവംബർ 30 വരെ അദ്ദേഹത്തിനു സർവീസുണ്ട്. 1986 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥൻ. എക്സ് കേഡർ ഡി.ജി.പി.മാരിലൊരാൾ. 2019 നവംബർ 30 വരെ സർവീസുണ്ട്. സി.ആർ.പി.എഫിൽ ഐ.ജി.യായും എ.ഡി.ജി.പി.യായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ സ്പെഷ്യൽ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ബിഎസ്എഫ് ഡയറക്ടർ ജനറലായി പ്രവർത്തിച്ചിരുന്ന രമൺ ശ്രീവാസ്തവയുമായി അതാനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് അസ്താനയെ വിജിലൻസിന്റെ തലവനാകാൻ സർക്കാർ സമ്മതിപ്പിച്ചത്. ടിപി സെൻകുമാർ കോടതി വിധിയുമായി സർവ്വീസിലെത്തിയപ്പോൾ ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസ് ഡയറക്ടറാക്കി. സെൻകുമാർ വിരമിച്ച ശേഷം ബെഹ്‌റയ്ക്ക് പൊലീസ് ഡിജിപി പദവിയും വിജിലൻസ് ഡയറക്ടർ സ്ഥാനവും നൽകി. തുടർന്ന് സ്ഥിരം വിജിലൻസ് ഡയറക്‌റെ നിയമിക്കാത്തതിനെയും ഒരാളെ രണ്ടു ചുമതല ഏൽപിച്ചതിനെയും ഹൈക്കോടതി നിരന്തരം വിമർശിച്ചിരുന്നു.

ഇതിനിടെയാണു കേന്ദ്ര അനുമതിയില്ലാതെ ചട്ടവിരുദ്ധമായാണു ബെഹ്‌റ വിജിലൻസ് ഡയറക്ടറുടെ പദവി വഹിക്കുന്നതെന്ന വിവരം പുറത്തായത്. വിജിലൻസ് ഡയറക്ടറുടെ കേഡർ തസ്തികയിൽ ആറു മാസത്തിലധികം ആരെയെങ്കിലും നിയമിച്ചാൽ കേന്ദ്ര അനുമതി വേണം. ഇതു സംസ്ഥാന സർക്കാർ തേടിയിരുന്നില്ല. ഇതു നിയമക്കുരുക്കാകുമെന്ന തിരിച്ചറിവിലാണു തിരക്കിട്ടു പുതിയ ഡയറക്ടറെ നിയമിച്ചത്.

നേരത്തേ, ടി.പി.സെൻകുമാർ പൊലീസ് മേധാവി സ്ഥാനത്തുനിന്നു വിരമിച്ചപ്പോൾ ബെഹ്‌റയെ ആ സ്ഥാനത്തു നിയമിച്ച സർക്കാർ അസ്താനയെ വിജിലൻസ് ഡയറക്ടറാക്കാൻ ആലോചിച്ചിരുന്നു. വ്യക്തിപരമായ ചില കാര്യങ്ങളാൽ ഡൽഹിയിൽ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചതിനാലാണ് അപ്പോൾ ബെഹ്‌റയ്ക്ക് അധികച്ചുമതല നൽകിയത്. നിലവിൽ അസ്താനയെക്കാൾ ഒരു വർഷം സീനീയറായ ഡിജിപിമാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരെ ഈ സ്ഥാനത്തു നിയമിക്കാൻ പിണറായി സർക്കാർ താൽപ്പര്യം കാട്ടിയില്ല. മറ്റ് എട്ടുപേർക്കു കൂടി സർക്കാർ ഡിജിപി പദവി നൽകിയിട്ടുണ്ടെങ്കിലും ഒന്നും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അസ്താനയെ കേരളത്തിലേക്ക് എത്തിക്കുന്നത്.

വിജിലൻസ് ഡയറക്ടറുടെ ഡിജിപി കേഡർ തസ്തിക തരംതാഴ്‌ത്തി എഡിജിപി റാങ്കിലുള്ള വിശ്വസ്തനെ ഡയറക്ടർ സ്ഥാനത്തു നിയമിക്കാനും സർക്കാർ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്രത്തിനു കത്തെഴുതിയെങ്കിലും പരക്കെ വിമർശനം ഉയർന്നതോടെ പിൻവാങ്ങി. അതിനിടെ രണ്ടു മാസത്തിനകം സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപീകരിക്കാനുള്ള നീക്കവും സർക്കാർ തുടങ്ങി. അസ്താനയെ വിജിലൻസ് തലപ്പത്തേക്ക് കഴിഞ്ഞവർഷവും സർക്കാർ പരിഗണിച്ചിരുന്നു.

എന്നാൽ, അടുത്ത ബന്ധുവിന്റെ ചികിത്സാർഥം ഡൽഹിയിൽ കഴിയേണ്ടതിനാൽ തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയായിരുന്നു. ഈ സാഹചര്യം ഇപ്പോഴും ഉണ്ട്. അതിനാൽ ചുമതലയേറ്റാലും അസ്താന ഡൽഹിയിൽ തന്നെയാകും കൂടുതൽ സമയവും ചെലവഴിക്കുക.