ദോഹ: രാജ്യത്ത് അന്തരീക്ഷ മലിനീകരണം വർധിക്കുന്നതിന്റെ ഭാഗമായി കുട്ടികളിൽ അഞ്ചിലൊരാൾക്കു വീതം ആസ്ത്മ പിടിപെട്ടിരിക്കുകയാണെന്നും ആരോഗ്യവിദഗ്ദ്ധർ. നിർമ്മാണപ്രവർത്തനം അടിക്കടി വർധിക്കുന്നതാണ് അന്തരീക്ഷ മലിനീകരണത്തിന് പ്രധാനകാരണമെന്നും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം കുറഞ്ഞുവരികയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കുട്ടികളിലെ ആസ്ത്മ കണ്ടുപിടിക്കുന്ന കാര്യത്തിലും ഏറെ പരാജയങങൾ സംഭവിക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ പീഡിയാട്രിക് പൾമനോളജി സെക്ഷൻ ഹെഡ് ഡോ. ഇബ്രാഹിം ജനാഹി വ്യക്തമാക്കി. കൺസ്ട്രക്ഷൻ സൈറ്റുകളിൽ നിന്നുള്ള പൊടി വർധിക്കുന്നതു മൂലവും വാഹനങ്ങളിൽ നിന്നുള്ള പുക ഏറുന്നതും മൂലം ഖത്തർ നിവാസികൾക്ക് ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ പൊതുവേ കണ്ടുവരാറുണ്ട്.

അടുത്ത കാലത്തെ കണക്ക് അനുസരിച്ച് ഖത്തറിൽ ആറിനും പതിനാലിനും മധ്യേ പ്രായമുള്ള കുട്ടികളിൽ 20 ശതമാനത്തോളം പേർക്ക് ആസ്ത്മ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിൽ കണ്ടുവരുന്നത്ര ആസ്ത്മ മുതിർന്നവരിലും കണ്ടുവരുന്നതായി ഡോ. ജനാഹി വെളിപ്പെടുത്തി. ഖത്തറിലെ പോലെ തന്നെയുള്ള അവസ്ഥയാണ് മറ്റൊരു ജിസിസി രാഷ്ട്രമായ ഒമാനിലുള്ളതെന്നും വ്യക്തമായിട്ടുണ്ട്.