ഡബ്ലിൻ: വേതന വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ സെക്കൻഡറി സ്‌കൂൾ ടീച്ചർമാർ അടുത്ത മാസം സമരത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ശമ്പള വർധന, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടീച്ചർമാർ സമരത്തിന് ഒരുങ്ങുന്നത്. അടുത്ത മാസം നടത്താൻ ഉദ്ദേശിക്കുന്ന സമരത്തിന് മുന്നോടിയായി അഭിപ്രായ വോട്ടെടുപ്പ് നടത്താൻ ഒരുങ്ങുന്നതായി അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്‌സ് ഇൻ അയർലണ്ട് (എഎസ്ടിഐ) പ്രസിഡന്റ് എഡ് ബൈറൻ വ്യക്തമാക്കി.

അധിക മണിക്കൂർ ജോലി ചെയ്യാൻ വിസമ്മതിച്ച ടീച്ചർമാർക്ക് സാമ്പത്തിക പിഴ ഈടാക്കുക, പുതുതായി നിയമിക്കപ്പെടുന്ന ടീച്ചർമാർക്ക് വേതനവർധനയിൽ കാലതാമസം വരുത്തുക തുടങ്ങിയ സർക്കാരിന്റെ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് അദ്ധ്യാപകർ പണിമുടക്കിന് ഒരുങ്ങുന്നത്. ഏറെ നാളായി ചർച്ചയ്ക്ക് പരിഗണിക്കുന്ന ഈ പ്രശ്‌നങ്ങളിൽ ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സെപ്റ്റംബറിൽ സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്നും യൂണിയൻ മുന്നറിയിപ്പു നൽകി.

പണിമുടക്ക് നടത്തുന്ന നിശ്ചിത തിയതികൾ ഇതുവരെ യൂണിയൻ പ്രഖ്യാപിച്ചിട്ടില്ല. അദ്ധ്യാപകർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റ് താത്ക്കാലികമായി അദ്ധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അദ്ധ്യാപകർ പണിമുടക്കുമ്പോൾ സ്‌കൂളുകൾ അടച്ചിടുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. എഡ്യക്കേഷൻ ആൻഡ് ട്രെയിനിങ് ബോർഡ് നടത്തുന്ന മിക്ക സെക്കൻഡറി സ്‌കൂളുകളേയും പണിമുടക്ക് ബാധിക്കില്ല എന്നാണ് പറയുന്നത്. ഇവിടെ ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലണ്ട് (ടിയുഐ) അംഗങ്ങളാണ് അദ്ധ്യാപകരായിട്ടുള്ളത്.